കേരളത്തിൽ ഇലക്ട്രൽ ബോണ്ട് വില്പന ആരംഭിച്ചു

Written by Taniniram Desk

Published on:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 29 അംഗീകൃത ശാഖകൾ വഴിയുള്ള ഇലക്ട്രൽ ബോണ്ടുകളുടെ വില്പന 2024 ജനുവരി രണ്ടു മുതൽ ആരംഭിച്ചതായി യൂണിയൻ സർക്കാർ. കേരളത്തിൽ തിരുവനന്തപുരം എംജി റോഡ് എസ്ബിഐ ബ്രാഞ്ചിനാണ് ചുമതല. രാജ്യത്ത് ഇലക്ട്രൽ ബോണ്ട് വില്പനയ്ക്കും അവ പണമാക്കി മാറ്റികൊടുക്കുവാനുമുള്ള ചുമതല എസ്ബിഐയിൽ മാത്രം നിഷിപ്തമാക്കിയിട്ടുണ്ട്.

2018 ജനുവരി രണ്ടിലെ ഗസറ്റ് വിജ്ഞാപനം ( ഇലക്ടറൽ ബോണ്ട് സ്‌കീം -2018, 2022 നവംബർ ഏഴിലെ ഭേദഗതി) പ്രകാരം ജനുവരി ഒന്നിനാണ് യൂണിയൻ സർക്കാർ വിജ്ഞാപനമിറക്കിയത്. യൂണിയൻ ധനമന്ത്രാലയമാണ് രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന എസ്ബിഐ ശാഖകളിൽ നിന്ന് ഇലക്ട്രൽ ബോണ്ടുകൾ വാങ്ങാനാകുമെന്ന ഔദ്യോഗിക പ്രസ്താവനയിറക്കിയിട്ടുള്ളത്.

2024 ജനുവരി രണ്ടു മുതൽ ജനുവരി 11 വരെയാണ് ഇലക്ട്രൽ ബോണ്ടു ഇടപ്പാടുകളുടെ സമയക്രമം (10 ദിവസം) തിട്ടപ്പെടുത്തിയിരിക്കുന്നത്. ഗസറ്റ് വിജ്ഞാപനം നമ്പർ -2 (ഡി) ൽ നിർവചിച്ചിരിക്കുന്നത് പോലെ ഇലക്ട്രൽ ബോണ്ടുകൾ വാങ്ങാവുന്നതാണ്. വ്യക്തിക്ക് ഒറ്റയ്‌ക്കോ മറ്റ് വ്യക്തികളുമായി സംയുക്തമായോ ഇലക്ട്രൽ ബോണ്ടുകൾ വാങ്ങാം.

ജനപ്രാതിനിധ്യ നിയമം, 1951 (1951 ലെ 43) വകുപ്പ് 29 എ പ്രകാരം രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമാണ് ബോണ്ടുകൾ സ്വീകരിയ്ക്കുവാനാകൂ. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ലോകസഭയിലേക്കോ നിയമസഭയിലേക്കോ രേഖപ്പെടുത്തപ്പെട്ട വോട്ടിന്റെ ഒരു ശതമാനത്തിൽ കുറയാത്ത വോട്ട് നേടിയ രാഷ്ട്രീയ പാർട്ടികളെന്നതാണ് ഇലക്ട്രൽ ബോണ്ടുകൾ സ്വീകരിയ്ക്കാനുള്ള യോഗ്യതാ മാനദണ്ഡം.

അംഗീകൃത ബാങ്ക് അക്കൗണ്ട് വഴി മാത്രമേ യോഗ്യതയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ട്രൽ ബോണ്ടുകൾ പണമായി മാറ്റിയെടുക്കാനാവൂ. ഇലക്ട്രൽ ബോണ്ടുകൾ വില്പന ചെയ്ത നാൾ മുതൽ 15 കലണ്ടർ ദിവസത്തേക്ക് സാധുതയുള്ളതായിരിക്കും. ഇപ്പറഞ്ഞ കാലാവധിക്ക് ശേഷം നിക്ഷേപിക്കപ്പെടുന്ന ഇലക്ട്രൽ ബോണ്ടുകൾ പണമായി മാറ്റികൊടുക്കുകയില്ല.

യോഗ്യതയുള്ള രാഷ്ട്രീയ പാർട്ടി അതിന്റെ അക്കൗണ്ടിലൂടെ നിക്ഷേപിക്കുന്ന ഇലക്ട്രൽ ബോണ്ട് അതേദിവസം തന്നെ അവരുടെ അക്കൗണ്ടിൽ വരവു വയ്ക്കപ്പെടും. 2017 ൽ സാമ്പത്തിക ബില്ലിനൊപ്പമാണ് ഇലക്ട്രൽ ബോണ്ടു സ്കീം കൊണ്ടുവന്നത്. 2018 ജനുവരി 29 ന് യൂണിയൻ സർക്കാർ ഇലക്ട്രൽ ബോണ്ട് പദ്ധതി വിജ്ഞാപനം ചെയ്തു. 2022 നവംബറിൽ പരിഷ്കരിക്കപ്പെട്ടു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏത് ശാഖയിൽ നിന്നും വാങ്ങാവുന്ന ഒരു തരം പ്രോമിസറി നോട്ടാണ് ഇലക്ട്രൽ ബോണ്ട്. ഏതൊരു വ്യക്തിക്കോ കമ്പനിക്കോ അവർക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള സംവിധാനമാണിത്.

ഏതൊരു വ്യക്തിക്കും പാർട്ടിക്കും ഈ ബോണ്ടുകൾ ഡിജിറ്റൽ രൂപത്തിലോ ചെക്ക് രൂപത്തിലോ വാങ്ങാം. ഈ ബോണ്ടുകൾ ഇന്ത്യൻ കറൻസിക്ക് തത്തുല്യമാണ്. ബോണ്ടുകളെ എസ്ബിഐ പണമാക്കി മാറ്റികൊടുക്കും.

പൊതു തെരഞ്ഞെടുപ്പിന് ഓരോ രാഷ്ട്രീയ പാർട്ടികളും ചെലവഴിക്കുന്നത് കോടികളാണ്. സംഭാവനകളിലൂടെയാണ് പാർട്ടി ഫണ്ട് സ്വരൂപണം. എന്നാൽ ഇതിന് നിയതമായ കണക്കുകളില്ല. ഇതിൽ സുതാര്യതയില്ല. തെരഞ്ഞെടുപ്പുവേളയിൽ ചെലവുകൾക്കായ് കള്ളപ്പണമൊഴുക്കുന്നു.

രാജ്യത്തെ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഇത്തരം നിയമവിരുദ്ധ സാമ്പത്തിക ഇടപ്പാടുകൾക്ക് തടയിടുകയെന്നതിനായാണ് ഇലക്ട്രൽ ബോണ്ടു സംവിധാനം കൊണ്ടുവന്നത്. രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവ് ധനസമാഹരണ നടപടികൾ കൂടുതൽ സുതാര്യവും അഴിമതി രഹിതവുമാക്കുന്നതിനാണ് പദ്ധതി കൊണ്ടുവന്നതെന്നു സാരം.

ഇലക്ട്രൽ ബോണ്ടു സംവിധാനത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യം സാധൂകരിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടുന്നില്ല. അതേസമയം ഭരണത്തിലിരിക്കുന്നതിൻ്റെ ആനുകൂല്യ പിൻബലത്തിൽ ബിജെപിയുടെ വൻ ഫണ്ടു സംഭരണ മാധ്യമമെന്നതിനമപ്പുറത്തേക്ക് ഇലക്ട്രൽ ബോണ്ട് സംവിധാനമുയർന്നിട്ടില്ലെന്ന വസ്തുത അവശേഷിപ്പിക്കപ്പെട്ടിരിക്കുന്നു.

Related News

Related News

Leave a Comment