ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമം (സിഎഎ) രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി നാല് വര്‍ഷത്തിന് ശേഷം, സിഎഎ നിയമങ്ങളുമായി സര്‍ക്കാര്‍ തയ്യാറാണെന്നും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അവ നടപ്പാക്കാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥ തലത്തില്‍ നിന്നും വെളിപ്പെടുതത്തല്‍.
ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് പീഡിപ്പിക്കപ്പെടുന്ന അമുസ്ലിം കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന സിഎഎ നിയമങ്ങള്‍ വിജ്ഞാപനം ചെയ്യാത്തതില്‍ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനം നേരിട്ട സാഹചര്യത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനം.
‘ഞങ്ങള്‍ സിഎഎയ്ക്കുള്ള നിയമങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കാന്‍ പോകുന്നു. നിയമങ്ങള്‍ പുറപ്പെടുവിച്ചുകഴിഞ്ഞാല്‍, നിയമം നടപ്പിലാക്കാനും അര്‍ഹരായവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനും കഴിയുമെന്നും’ സര്‍ക്കാര്‍ തലത്തില്‍ നിന്നും വെളിപ്പെടുത്തലുണ്ട്.
സി.എ.എയ്ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടലും നിലവിലുണ്ട്. മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനായിരിക്കും. അപേക്ഷകര്‍ യാത്രാ രേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ച വര്‍ഷം നല്‍കേണ്ടതുണ്ടെന്നും എന്നാല്‍ അപേക്ഷകരില്‍ നിന്ന് ഒരു രേഖയും ആവശ്യപ്പെടില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.