വനിതാ ക്രിക്കറ്റ്: സമ്പൂര്‍ണ നേട്ടത്തോടെ ഓസ്‌ട്രേലിയ

Written by Taniniram Desk

Published on:

മുംബൈ: ഭാരത പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ വിജയം. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആശ്വാസ ജയത്തിനായിറങ്ങിയ ഭാരത വനിതകള്‍ നേരിട്ടത് വമ്പന്‍ തോല്‍വി.

190 റണ്‍സിന്റെ തോല്‍വിയാണ് ഓസ്‌ട്രേലിയ ഭാരതത്തിനെതിരെ മൂന്നാം മത്സരത്തില്‍ സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച സന്ദര്‍ശകര്‍ ഇന്നലത്തെവിജയത്തോടെ 3-0ന് ആധിപത്യം പുലര്‍ത്തി.

ഓസീസ് മുന്നില്‍ വച്ച 339 റണ്‍സ് പിന്തുടര്‍ന്ന ഭാരതം 148 റണ്‍സില്‍ തകര്‍ന്നു വീണു. ഭാരത നിരയില്‍ ആരും തന്നെ പൊരുതിപോലും നോക്കിയില്ല. അവസാന വിക്കറ്റ് വീഴുമ്പോള്‍ ഒരറ്റത്ത് ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ(25) പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു. മറ്റ് താരങ്ങളില്‍ സ്മൃതി മന്ദാനയും(29) ജെമീമ റോഡ്രിഗസും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവച്ചത്. രണ്ടാം ഏകദിനത്തിലെ സെഞ്ചുറി താരം റിച്ച ഘോഷ് 19 റണ്‍സെടുത്ത് പുറത്തായി. പൂജ വസ്ത്രാകറുടെ പോരാട്ടം 14 റണ്‍സില്‍ അവസാനിച്ചു.

ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ ഒന്നിനൊന്ന് മെച്ചമായപ്പോള്‍ പൊരുതി നോക്കുകപോലും ചെയ്യാതെ ഭാരത വനിതകള്‍ കീഴടങ്ങിക്കൊടുത്തു. നൂറ് റണ്‍സ് തികയും മുമ്പേ അഞ്ച് വിക്കറ്റുകള്‍ വീണതോടുകൂടി വിജയപ്രതീക്ഷ അകന്നു. തോല്‍വിയുടെ ആഴം എത്രത്തോളും വലുതായിരിക്കുമെന്ന് മാത്രമേ പിന്നീട് അറിയാനുണ്ടായിരുന്നുള്ളൂ. ഓസ്‌ട്രേലിയയ്‌ക്കായി ജോര്‍ജിയ വെയര്‍ഹാം മൂന്ന് വിക്കറ്റ് പ്രകടനത്തോടെ വിക്കറ്റ് വേട്ടയ്‌ക്ക് മുന്നില്‍ നിന്നു നയിച്ചു.

Leave a Comment