ഗർഭപാത്രം നീക്കി, വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്

Written by Taniniram Desk

Updated on:

ചെന്നൈ: ക്യാന്‍സർ ബാധിച്ച് ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്ന ഭാര്യയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള യുവാവിന്റെ ഹർജി തള്ളി കോടതി. മദ്രാസ് ഹൈക്കോടതിയാണ് ആരോഗ്യപരമായ കാരണങ്ങളാൽ ഗർഭപാത്രം നീക്കം ചെയ്തത് ഭർത്താവിനെ വഞ്ചിച്ചതായി കണക്കാക്കാനാവില്ലെന്ന് വിശദമാക്കി യുവാവിന്റെ ഹർജി തള്ളിയത്. ജസ്റ്റിസ് ആർഎംറ്റി ടീകാ രാമന്‍, ജസ്റ്റിസ് പിബി ബാലാജി എന്നിവരുടെ ബെഞ്ചിന്റേതാണ് തീരുമാനം. ഭാര്യ ഗർഭപാത്രം നീക്കിയത് മാനസികമായ ക്രൂരതയും വഞ്ചയനയെന്നും വിശദമാക്കിയാണ് യുവാവ് കോടതിയെ സമീപിച്ചത്.

വിവാഹത്തിന് മുന്‍പ് തന്നെ ക്യാന്‍സറുണ്ടെന്ന വിവരം ഭാര്യയ്ക്ക് അറിയാമായിരുന്നുവെന്നും ഇത് മറച്ച് വച്ചാണ് വിവാഹം ചെയ്തതെന്നുമാണ് യുവാവ് ഹർജിയിൽ ആരോപിച്ചിരുന്നു. വിവാഹത്തിന് ശേഷം മൂന്ന് തവണ യുവതി ഗർഭിണിയായിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ അബോർഷന് വിധേയ ആവേണ്ടി വന്നിരുന്നു. നാലാമത് ഗർഭിണിയായ സമയത്താണ് യുവതിക്ക് ഗർഭപാത്രത്തിൽ അസാധാരണമായ രീതിയിലുള്ള വളർച്ച ശ്രദ്ധിക്കുന്നത്. ഇതിന് പിന്നാലെ അഡയാർ ക്യാന്‍സർ ഇന്‍സ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തിയ പരിശോധനയിലാണ് യുവതിക്ക് അണ്ഡാശയ ക്യാന്‍സറാണെന്നും മൂന്നാം ഘട്ടത്തിലാണ് ക്യാൻസറുള്ളതെന്നും വ്യക്തമായത്. ഇതിന് പിന്നാലെയാണ് അടിയന്തരമായി യുവതിക്ക് ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നത്.

വിവരമറിഞ്ഞതിന് പിന്നാലെ യുവാവ് വിവാഹമോചന അപേക്ഷയുമായി കുടുംബകോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹത്തിന് മുന്‍പ് തന്നെ യുവതി ക്യാന്‍സർ ബാധിതയായിരുന്നുവെന്ന യുവാവിന്റെ ആരോപണം മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോടതി തള്ളി. ഭാര്യ ക്യാന്‍സർ ചികിത്സാ സമയത്ത് സ്വന്തം വീട്ടിലേക്ക് പോയതിനെ ഭർത്താവിനോടുള്ള അവഗണനയായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി.

വാടക ഗർഭധാരണത്തിലൂടെയോ ദത്തെടുക്കലിലൂടെയോ ദമ്പതികൾക്ക് കുട്ടികളുണ്ടാവാനുള്ള സാധ്യതയും കോടതി മുന്നോട്ട് വച്ചു. ഭർത്താവിന്റെ ഹൃദയം ശുദ്ധമാണെന്നും എന്നാൽ അടുത്ത ബന്ധുക്കളാരോ ആണ് ഇത്തരം വിഷലിപ്തമായ ആശയങ്ങൾ യുവാവിന് നൽകുന്നതെന്നും ക്രോസ് വിസ്താരത്തിന് പിന്നാലെ കോടതി നിരീക്ഷിച്ചു. 2014 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം നടന്നത്.

See also  ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Leave a Comment