മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അമ്മയുടെ പേരിലുള്ള നാല് സ്വത്തുക്കൾ കൂടി വെള്ളിയാഴ്ച ലേലം ചെയ്യും. ദാവൂദും സഹോദരങ്ങളും മാതാവുമെല്ലാമടങ്ങുന്ന കുടുംബം കുട്ടിക്കാലം ചെലവഴിച്ച ഭൂമിയാണ് വിൽക്കുന്നത്. ഈ ഭൂമിയും മറ്റ് സ്ഥാവരജംഗമങ്ങളും കേന്ദ്രസർക്കാർ കണ്ടുകെട്ടിയിരുന്നതാണ്. ഇത് നാല് പ്ലോട്ടുകളുണ്ടെന്നാണ് റിപ്പോർട്ട്.
മുൻകാലങ്ങളിൽ ഇത്തരം ലേലങ്ങള്‍ക്കെതിരെ അധോലോക സംഘങ്ങളുടെ ഭീഷണി ഉണ്ടാകാറുണ്ട്. ലേലത്തിൽ പങ്കെടുക്കാൻ പലപ്പോഴും ആളെ കിട്ടാതെ വന്നിട്ടുമുണ്ട്. എന്നാൽ ഇന്ന് സ്ഥിതി മാറി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ദാവൂദിന്റെ മാത്രം 11 സ്വത്തുക്കളാണ് സർക്കാർ കണ്ടുകെട്ടി ലേലം ചെയ്തത്.
വരുന്ന വെള്ളിയാഴ്ചയാണ് ലേലം നടക്കുക. ബുധനാഴ്ചയ്ക്കകം പങ്കെടുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കണം. സഫേമ നിയമപ്രകാരം (Smugglers and Foreign Exchange Manipulators (Forfeiture of Property) Act or Safema) രൂപീകരിക്കപ്പെട്ട അധികാരസംവിധാനമാണ് ലേലം നടത്തുക. കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലാണ് ഈ സംവിധാനം വരുന്നത്. രത്നഗിരി ജില്ലയിലെ ഖേദ് മുനിസിപ്പാലിറ്റിയിലെ മുംബൈകെ ഗ്രാമത്തിലാണ് ദാവൂദ് കുട്ടിക്കാലം ചെലവിട്ടത്.
അതെസമയം ദാവൂദ് ഇബ്രാഹിം ഇപ്പോഴും പാകിസ്താനിൽ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ദാവൂദിന്റെ ആരോഗ്യനില വഷളായെന്നും കറാച്ചിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും റിപ്പോർട്ടുണ്ടായിരുന്നു. അജ്ഞാതർ വിഷം നൽകിയെന്ന് ഊഹാപോഹം വന്നിരുന്നു. ആശുപത്രിയിലെ ഒരു നില ദാവൂദിനു വേണ്ടി മാറ്റിവെച്ചെന്നും റിപ്പോർട്ടുകൾ പറഞ്ഞു. എന്നാൽ പിന്നീട് ഇതിൽ പുതിയ വിവരങ്ങളൊന്നും വരികയുണ്ടായില്ല.
19.2 ലക്ഷം രൂപയിലാണ് ലേലം തുടങ്ങുക. ലേലത്തിൽ പങ്കെടുക്കുന്നവർ നിശ്ചിത തുക കെട്ടിവെക്കേണ്ടതുണ്ട്.