പ്രവാസി ഭാരതി സാഹിത്യരത്ന പുരസ്കാരം ഗിന്നസ് സത്താർ ആദൂരിന്

Written by Taniniram1

Published on:

തൃശ്ശൂർ: പ്രവാസി ഭാരതിയും എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യയും പ്രവാസി ഭാരതീയ ഡേ യുടെ ഭാഗമായി നൽകുന്ന 22-ാമത് സാഹിത്യ രത്ന പുരസ്കാരത്തിന് മിനിയേച്ചർ പുസ്തകങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ സാഹിത്യകാരൻ ഗിന്നസ് സത്താർ ആദൂർ അർഹനായി.

വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കഴിഞ്ഞ 15 വർഷമായി മൈക്രോ രചനകൾ നഗ്ന നേത്രങ്ങൾ കൊണ്ട് വായിക്കുവാൻ സാധിക്കുന്ന തരത്തിലുള്ള കുഞ്ഞു പുസ്തകങ്ങളിലാക്കി പ്രസിദ്ധീകരിച്ച് സൗജന്യമായി നൽകിവരുന്ന സത്താർ ആദൂരിന്റെ നൂതനവും വ്യത്യസ്തവുമയ പ്രവർത്തനമാണ് അവാർഡിന് അർഹനാക്കിയത്. ഇതിനോടകം അഞ്ച് വ്യത്യസ്ത ശ്രേണികളിലുള്ള മിനിയേച്ചർ പുസ്തകങ്ങളുടെ മുപ്പതിനായിരത്തോളം കോപ്പികൾ സത്താർ വായനക്കാർക്ക് നൽകിയിട്ടുണ്ട്.

ഒരു സെൻറീമീറ്ററിനും 5 സെൻറീമീറ്ററിനും ഇടയിലുള്ള നഗ്ന നേത്രങ്ങൾ കൊണ്ട് വായിക്കുവാൻ സാധിക്കുന്ന 3137 വ്യത്യസ്തമായ പുസ്തകങ്ങൾ രചിച്ചതിന് 2016 ഇൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേടിയതിലൂടെ സാഹിത്യ പ്രവർത്തനം നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടുന്ന ആദ്യത്തെ ഏഷ്യക്കാരനായി മാറിയ സത്താർ ആദൂർ നിലവിൽ ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് കേരള (ആഗ്രഹ്) ന്റെ സംസ്ഥാന പ്രസിഡന്റാണ്.

ജനുവരി 11ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ സിംഫണി കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രവാസി ഭാരതി സെലിബ്രേഷൻ ഡേയിൽ കർണാടക സ്പീക്കർ യു. ടി. ഖാദർ, ബഹു. പോണ്ടിച്ചേരി ഹോം മിനിസ്റ്റർ എ. നമശിവായം എന്നിവർ ചേർന്ന് പുരസ്കാരം നൽകുമെന്ന് എൻ ആർ .ഐ . കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ് അഹമ്മദ് അറിയിച്ചു.

Leave a Comment