പണം തന്നില്ലെങ്കിൽ ഔട്ട്ലെറ്റുകൾ പൂട്ടിയിടും
തിരുവനന്തപുരം : കുടിശ്ശികയിൽ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ ഔട്ലറ്റുകൾ അടച്ചിടേണ്ടി വരുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നൽകി സപ്ലൈകോ. വിലവര്‍ദ്ധനയെ കുറിച്ച് പഠിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനക്ക് വന്നേക്കും. വിപണിയിൽ വില മാറുന്നതിന് അനുസരിച്ച് സബ്സിഡി നിരക്ക് ഇടയ്ക്കിടെ പുനപരിശോധിക്കും വിധമാണ് പുനസംഘടനയെന്നാണ് വിവരം.
2016 മുതൽ വിവിധ ഘട്ടങ്ങളിലായി വിപണിയിൽ ഇടപെട്ട വകയിൽ 1600 കോടിയോളം കുടിശ്ശികയാണ് സപ്ലൈകോക്കുളളത്. 800 കോടിയിലധികം കുടിശികയായതോടെ സ്ഥിരം കരാറുകാര്‍ ആരും ടെണ്ടറിൽ പോലും പങ്കെടുക്കുന്നില്ല. ക്രിസ്മസ് പുതുവത്സര വിപണിയിലടക്കം കടുത്ത പ്രതിസന്ധി നേരിട്ട സപ്ലൈകോ ഇനി ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ്. പണമില്ലാ പ്രതിസന്ധിയുടെ ആഴം പറഞ്ഞതിന് അപ്പുറം അടിയന്തരമായി 500 കോടിയെങ്കിലും അനുവദിച്ചേ തീരു എന്ന് മുഖ്യമന്ത്രിയെ വകുപ്പുമന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്.