ശബരിമല പുതുവത്സര പുലരിയിൽ നാല് ഭക്തർ ചേർന്ന് വഴിപാടായി18018 നെയ്തേങ്ങയിലെ നെയ്യഭിഷേകം ചെയ്തു. ബാംഗ്ലൂരിലെ വിഷ്ണുശരൺഭട്ട്, ഉണ്ണികൃഷ്ണൻ പോറ്റി, രമേശ് റാവു, ദൊരൈ എന്നിവരുടെ വഴിപാടായാണ് നെയ്യഭിഷേകം നടത്തിയത്.
ജനുവരി ഒന്നിന് രാവിലെ മൂന്നിന് നട തുറന്ന് . നിർമാല്യ ദർശനത്തിനും പതിവ് അഭിഷകത്തിനുംശേഷമാണ് നെയ്യഭിഷേകം നടത്തിയത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി പി.എം. മഹേഷ് നമ്പൂതിരിയാണ് അഭിഷേകം നടത്തിയത്. രാവിലെ 3.30 മുതൽ ഏഴുവരേയും രാവിലെ എട്ടു മുതൽ 11.30 വരേയുമാണ് നെയ്യഭിഷേകം. രാവിലെ തന്ത്രിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം നടന്നു.
20000 നെയ്തേങ്ങയാണ് വിഷ്ണു ശരൺ ഭട്ടും സുഹൃത്തുക്കളും അഭിഷേകത്തിനായി ഒരുക്കിയത്. 2021 ജനുവരി ഒന്നിനും ഇവർ 18018 നെയ്തേങ്ങ നെയ്യഭിഷേകം നടത്തിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് മുതൽക്കൂട്ടായി തുക നൽകി. പമ്പഗണപതി കോവിലിൽ വച്ച് നെയതേങ്ങ നിറച്ച് ട്രാക്ടറിൽ സന്നിധാനത്ത് എത്തിക്കുകയായിരുന്നു.
സന്നിധാനത്ത് വെച്ച് നെയ്ത്തേങ്ങ പൊട്ടിച്ച് പ്രത്യേകം പാത്രങ്ങളിലാക്കിയാണ് അഭിഷേകം ചെയ്തത്. ഇതിനു പുറമേ പുതുവത്സരത്തിൽ ഭക്തർക്ക് അന്നദാനമായി സദ്യയൊരുക്കി. ദേവസ്വം ബോർഡിന് മുതൽ കൂട്ട് നൽകിയാണിതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. സന്നിധാനത്ത് രാവിലെ 51 പേരുടെ മേളവും നടത്തിയിരുന്നു.
പുതുവത്സരത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് ഗുരുവായൂർ ജയപ്രകാശ്, ഇളമ്പള്ളി വാദ്യകലാസമിതി ബിജു, ബൈജു എന്നിവർ നയിച 51 പേരുടെ ചെണ്ടമേളം അരങ്ങേറി. ബാംഗ്ലൂരിൽ നിന്നുള്ള വിഷ്ണുശരൺഭട്ട്, ഉണ്ണികൃഷ്ണൻ പോറ്റി, രമേശ് റാവു എന്നിവരുടെ അർച്ചനയായാണ് മേളം നടത്തിയത്.
പുതുവർഷ പുലരിയിൽ ശബരിമലയിൽ വൻഭക്തജനതിരക്ക്അനുഭവപ്പെട്ടു. ഞായറാഴ്ച രാത്രി 11 ന് നട അടക്കുമ്പോൾ ദർശനം ലഭിക്കാത്ത ഭക്തർ അതിരാവിലെ മുതൽ സന്നിധാനത്ത് കാത്ത് നിന്ന് പുതുവർഷ പുലരിയിൽ ദർശനം നേടി.