ന്യൂഡൽഹി : രാജ്യത്തെ കാനേഷുമാരി പ്രവർത്തനങ്ങൾ ഒമ്പതാം തവണയും നീട്ടിവച്ച് ഉത്തരവിറക്കി കേന്ദ്രസർക്കാർ. 2020ൽ നടത്തേണ്ടിയിരുന്ന സെൻസസ് കോവിഡ് മൂലം നീട്ടിയ മോദി സർക്കാർ, തുടർവർഷങ്ങളിൽ കാരണം പറയാതെ മാറ്റിവയ്ക്കുകയായിരുന്നു. ജില്ലാ–-താലൂക്ക്–-നഗരങ്ങളുടെയടക്കം ഭരണപരമായ അതിർത്തി നിർണയം 2024 ജൂൺ 30 വരെ മരവിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അഡീഷണൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) ഡിസംബർ 30ന് സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു. ഇതിനുശേഷം നടത്തിയാലും അതിർത്തി നിർണയിക്കാൻ കുറഞ്ഞത് മൂന്നുമാസമെങ്കിലും എടുക്കും.
സെപ്‌തംബറിൽ വനിതാസംവരണ ബിൽ ലോക്‌സഭയിൽ പാസാക്കുമ്പോൾ പൊതുതെരഞ്ഞെടുപ്പിനുശേഷം സെൻസസും മണ്ഡല പുനർനിർണയവുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ ഉറപ്പാണ് ലംഘിക്കപ്പെട്ടത്. 1881 മുതൽ പത്തുവർഷം കൂടുമ്പോൾ നടത്തിയിരുന്ന സെൻസസ് പ്രവർത്തനമാണ് എൻഡിഎ ഭരണത്തിൽ തുടർച്ചയായി അട്ടിമറിക്കപ്പെടുന്നത്. 2011ലെ ജനസംഖ്യയനുസരിച്ചാണ് കേന്ദ്രം ഇപ്പോഴും പദ്ധതികളും നയങ്ങളും ആവിഷ്‌കരിക്കുന്നത്. 2020ലെ സിവിൽ രജിസ്ട്രേഷൻ സിസ്റ്റം റിപ്പോർട്ട് 2022ലാണ് കേന്ദ്രം പുറത്തുവിട്ടത്.
രാഷ്‌ട്രീയലക്ഷ്യത്തിനായാണ് ബിജെപി സെൻസസ് നീട്ടുന്നതെന്ന ആക്ഷേപം ശക്തമാണ്. 2026നുശേഷമുള്ള ആദ്യ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ലോക്‌സഭ –-നിയമസഭ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയമെന്ന് കാണിച്ച് 2002ൽ ഭരണഘടന ദേഭഗതി ചെയ്തിരുന്നു. 2026ൽ രാജ്യത്തെ ജനസംഖ്യ ഔദ്യോഗികമായി 142 കോടിയാകും. ലോക്‌സഭ സീറ്റുകൾ 543ൽനിന്ന് 753 സീറ്റാകും.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ, ജനസംഖ്യ കൂടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റുകളുടെ എണ്ണം ഗണ്യമായി ഉയരുകയും ദൗർബല്യം നേരിടുന്ന കേരളമടക്കമുള്ള ദക്ഷിണേഷ്യൻ സംസ്ഥാനങ്ങളിൽ സീറ്റ് കുറയുകയും ചെയ്യുന്നത് മുതലാക്കാമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ജാതി സെൻസസ് എന്ന പ്രതിപക്ഷ ആവശ്യം ദുർബലപ്പെടുത്തുന്നതും സെൻസസ് നീട്ടിവയ്ക്കുന്നതിന് പിന്നിലെ മറ്റൊരു ലക്ഷ്യമാണ്.