സാംസ്കാരിക പ്രവർത്തകർ ഉയർന്നു വരേണ്ട കാലമാണിത്: മന്ത്രി കെ രാജൻ

Written by Taniniram Desk

Published on:

തൃശൂർ: ചരിത്രത്തിന്റെ മുന്നിൽ നിന്നുകൊണ്ട് യുദ്ധങ്ങൾക്കും യുദ്ധം ഉയർത്തിപ്പിടിക്കുന്ന വിപത്തുകൾക്കുമെതിരായി അഭിനയം കൊണ്ടും എഴുത്തുകൊണ്ടും സാഹിത്യം കൊണ്ടും സാംസ്‌കാരിക പ്രവർത്തകർ ഉയർന്നു വരേണ്ട കാലമായെന്ന് മന്ത്രി കെ. രാജൻ.

പാർട്ട് – ഒ.എൻ.ഒ ഫിലിംസ് തൃശൂർ ആന്റ് ബിന്നി ഇമ്മട്ടി ക്രിയേഷൻസിൻ്റെ 24-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 15-ാമത് ഭരത് പി.ജെ. ആന്റണി സ്‌മാരക നാടക-ഡോക്യുമെന്ററി-ഷോർട്ട്ഫിലിം ആൻഡ് ഫോക്കസ് സോളോ ഫിലിംഫെസ്റ്റ് 2023 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂർ എൽസിക്കുള്ള ഉപഹാരസമർപ്പണവും മന്ത്രി കെ.രാജൻ നിർവ്വഹിച്ചു. (മണികണ്ഠൻ കിഴക്കൂട്ട് രൂപകല്പന ചെയ്‌ത ശില്പവും, പ്രശസ്തി പത്രവും, ഇരുപതിനായിരത്തിയൊന്ന് രൂപയും, പുസ്‌തകങ്ങളും അടങ്ങുന്നതായിരുന്നു അവാർഡ്). ഡോ. സി.രാവുണ്ണി അധ്യക്ഷത വഹിച്ചു.

അവാർഡ് ജേതാവിനെ ഫിലിംഫെസ്റ്റ് ഡയറക്ടർ പ്രിയനന്ദനൻ പൊന്നാട അണിയിച്ച് ആദരിച്ചു. ക്യാഷ് അവാർഡ് സമർപ്പണം രക്ഷാധികാരി ബിന്നിയും നിർവഹിച്ചു. പരിചയപ്പെടുത്തലും, ഭരത് പി.ജെ അനുസ്മരണവും ചാക്കോ ഡി അന്തിക്കാടും നിർവ്വഹിച്ചു. 12 കലാസമിതികൾ അഭിനയ പ്രതിഭ അവാർഡ് ജേതാവിനെ ആദരിച്ചു. തുടർന്ന് 15-ാമത് ഭരത് പി.ജെ.ആന്റണി സ്മാരക ദേശീയ തലത്തിലുള്ള 94 അവാർഡുകളുടെ വിതരണവും നടന്നു. ചടങ്ങിൽ നടൻ ജയരാജ് വാര്യർ, ഡോ.പി. ഗീത, അഡ്വ.കെ.ആർ. അജിത്ബാബു, പ്രൊഫ. ജോർജ് എസ്. പോൾ, ഡോ.കെ.ടി ശ്രീജ, ശില്പി മണികണ്ഠൻ കിഴക്കൂട്ട്, ജോയ് പ്ലാശ്ശേരി, ഐ.ഡി.രഞ്ജിത്ത്, തിയോ സി. എന്നിവർ ആശംസകളർപ്പിച്ചു. അവാർഡ് ജേതാവ് തൃശൂർ എൽസി മറുപടി പ്രസംഗം നടത്തി.

Related News

Related News

Leave a Comment