സിഡ്‌നി : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. കഴിഞ്ഞ ഒരു ദശാബ്ദകാലമായി ഓസ്‌ട്രേലിയന്‍ ടീമിന്റെ നെടും തൂണായിരുന്നു ഡേവിഡ് വാര്‍ണര്‍. ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് ഫൈനലാണ് വാര്‍ണറുടെ അവസാന ഏകദിന മത്സരം. ആ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം ചൂടിയിരുന്നു. ഓസ്‌ട്രേലിയയുടെ ലോകകപ്പ് കിരീട നേട്ടത്തില്‍ ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ ബാറ്റിംഗും ടീമിന് നെടുതൂണായിരുന്നു. 11 കളികളില്‍ നിന്നായി രണ്ട് സെഞ്ചറികള്‍ ഉള്‍പ്പെടെ 535 റണ്‍സാണ് കഴിഞ്ഞ ലോകകപ്പില്‍ വാര്‍ണര്‍ അടിച്ചുകൂട്ടിയത്.
ഓസ്‌ട്രേലിയയുടെ കിരീടനേട്ടത്തില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് താന്‍ ഇനി ആഗ്രഹിക്കുന്നതെന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.
ജനുവരി മൂന്നിനാരംഭിക്കുന്ന പാകിസ്ഥാന്‍ പരമ്പരയോടെ ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്നും വാര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. 2009 ല്‍ ദക്ഷിണാഫ്രിയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച വാര്‍ണറുടെ ഏകദിന കരിയറില്‍ 161 മത്സരങ്ങളില്‍ നിന്നായി 6932 റണ്‍സാണ് അടിച്ചുകൂട്ടിയത്. 22 സെഞ്ചറികളും 33 അര്‍ധ സെഞ്ചറികളും ഇതില്‍പെടും.