തൃശ്ശൂർ : ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത പദ്ധതികൾ ഏവർക്കും മാതൃകയാണെന്ന് മന്ത്രി കെ. രാജൻ. 28 വയസ്സ് തികഞ്ഞ ജില്ലാ പഞ്ചായത്തിന്റെ 28 ഇന കർമപദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് അധ്യക്ഷനായി. സമേതം പദ്ധതിരേഖ 2023-24-ന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിക്ക് കൈമാറി നിർവഹിച്ചു.
ഈ വർഷത്തെ കേരളോത്സവ വിജയികൾക്കുള്ള എവർറോളിങ് ട്രോഫി പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന് സമ്മാനിച്ചു. അങ്കണവാടികൾക്കുള്ള വാട്ടർ പ്യൂരിഫയർ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ നിർവഹിച്ചു.
കാർഷികമേഖലയിലേക്കുള്ള മോട്ടോർ പമ്പ് സെറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുളാ അരുണൻ നിർവഹിച്ചു. സ്കൂളുകളിലേയ്ക്കുള്ള ലാപ്ടോപ്പ് വിതരണം ജില്ലാ ഹോമിയോ ആശുപത്രിയിലെ ഓട്ടോമാറ്റിക് ഹോർമോൺ അനലൈസർ എന്നിവയുടെ സമർപ്പണം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ നിർവഹിച്ചു. എസ്.സി. വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പ് വിതരണവും ഗ്രാമപ്പഞ്ചായത്ത് വിഹിത വിതരണോദ്ഘാടനവും വയോജനങ്ങൾക്കായുള്ള സുശാന്തം കെട്ടിട രണ്ടാംഘട്ട നിർമ്മാണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് നിർവഹിച്ചു.
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകൾക്കുള്ള കസേരവിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ്. നായർ നിർവഹിച്ചു. കളക്ടേറേറ്റ് അനക്സ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്. ബസന്താൽ, ജില്ലാ പഞ്ചായത്ത് അംഗം എ.വി. വല്ലഭൻ, സെക്രട്ടറി പി.എസ്.
ഷിബു തുടങ്ങിയവർ പങ്കെടുത്തു.