പോക്സോ കേസ്: 90 വർഷം കഠിനതടവും അഞ്ച് ലക്ഷം പിഴയും വിധിച്ചു

Written by Taniniram Desk

Published on:

ചാവക്കാട് : പോക്‌സോ കേസില്‍ പ്രതിക്ക് 90 വര്‍ഷം കഠിന തടവ്. പത്ത് വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് ചാവക്കാട് അതിവേഗ കോടതിയുടെ വിധി.. പ്രതിക്ക് 90 വര്‍ഷ കഠിന തടവ് കൂടാതെ 3 വര്‍ഷം വെറും തടവും അഞ്ച് ലക്ഷത്തി അറുപതിനായിരം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. പിഴ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 32 മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. ചാവക്കാട് അതിവേഗ പ്രത്യേക കോടതി ജഡ്ജി അന്യാസ് തയ്യില്‍ ആണ് ശിക്ഷ വിധിച്ചത്.

ചാവക്കാട് മണത്തല ദ്വാരക ബീച്ച് മഠത്തില്‍ പറമ്പില്‍ വീട്ടില്‍ ഷംസുദീന്‍ മകന്‍ സിയാദിനെയാണ് കോടതി ശിക്ഷിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. ഡിസംബര്‍ മാസം വെക്കേഷനിലും അതിന് മുമ്പ് ഒരു ദിവസവും പ്രതി ബാലികയെ മാനഭംഗപ്പെടുത്തിയിരുന്നു. കൂടാതെ പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീക്ഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ 15 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ തെളിവായി പ്രോസിക്യൂഷന്‍ നല്‍കുകയും ചെയ്തു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത് അഡ്വ. നിഷ സി എന്നിവര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. സിപിഒമാരായ സിന്ധു, പ്രസീദ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും ചെയ്തത് ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന കെ ജി സുരേഷ് ആണ്. അന്നത്തെ ഗുരുവായൂര്‍ അസി. പോലീസ് കമ്മീഷണറായിരുന്ന പി എ ശിവദാസന്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

Related News

Related News

Leave a Comment