തൃശ്ശൂർ : കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ അധികൃതരുടെ കണ്ണുതുറക്കാൻ ഒരു യാത്രക്കാരി വീഴേണ്ടിവന്നു. ബസ് കാത്തിരിക്കാനായി സ്റ്റാൻഡിൽ നിരത്തിയിട്ടിരുന്ന കസേരയിൽ ഇരിക്കാൻ ശ്രമിച്ച യാത്രക്കാരി നിലത്തുവീണു. പിന്നാലെ അധികൃതർ കസേരകൾ എടുത്തുമാറ്റി. കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ യാത്രക്കാരിക്കാണ് ദുരനുഭവമുണ്ടായത്.
ഇരിക്കാൻ ശ്രമിക്കവേ പിന്നിലേക്ക് മറിയുകയായിരുന്നു. പരിക്കേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രമാണ്. ഇതോടെ ബസ് സ്റ്റാൻഡിലെ കാത്തിരിപ്പു കേന്ദ്രത്തിലെ 81 കസേരകളും മാറ്റി. തൃശ്ശൂർ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തിലാണ് മാസങ്ങൾക്കുമുമ്പ് കസേരകൾ സ്ഥാപിച്ചത്. എന്നാൽ, ഈ കസേരകൾ ഉപയോഗയോഗ്യമല്ലെന്ന് അന്നുതന്നെ പരാതികളുയർന്നിരുന്നു.
നിലവിലുണ്ടായിരുന്ന കസേരകൾ മാറ്റി പകരം പഴയ കസേരകളാണ് ഇപ്പോൾ യാത്രക്കാർക്കായി ഇട്ടിരിക്കുന്നത്. ഇതിലും മെച്ചപ്പെട്ട കസേരകൾ വാങ്ങിനൽകുമെന്ന് റോട്ടറി ക്ലബ്ബ് കെഎസ്ആർടിസി അധികൃതരെ അറിയിച്ചിട്ടുണ്ട്.