സിബിഐ അന്വേഷണം വേണമെന്ന് ശുപാർശ
ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തി. അപസ്മാരത്തിനായി സാധാരണയായി കൊടുത്തുവരുന്ന ആന്റിപൈലെപ്റ്റിക് മരുന്നായ സോഡിയം വാൾപ്രോയേറ്റ് ഗുണനിലവാരമില്ലാത്തതാണെന്ന് പരിശോധനയിൽ വ്യക്തമായി. ഡിസംബർ 22 – ന് ചണ്ഡീഗഡിലെ റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി (RDTL) ആണ് ആശുപത്രിയിലെ മരുന്നുകളുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോർട്ട് നൽകിയത്.
മൊഹല്ല ക്ലിനിക്കുകളിലേക്കും നഗരത്തിലെ ചില ആശുപത്രികളിലേക്കും വ്യാജ മരുന്നുകൾ വാങ്ങുകയും വിതരണം ചെയ്യുകയും ചെയ്തതായി ശ്രദ്ധയിൽപ്പെട്ടതോടെ ഇക്കാര്യം സിബിഐ പരിശോധിക്കണമെന്ന് ലഫ്. ഗവർണർ വി.കെ. സക്സേന ശുപാർശ ചെയ്തു. സർക്കാർ ആശുപത്രികളിൽ ലഭ്യമായ ചില മരുന്നുകൾ ഗുണനിലവാരം ഇല്ലാത്തതാണെന്നും പരിശോധനയിൽ കണ്ടെത്തി. ഇത്തരം മരുന്നുകളുടെ ഉപയോഗം രോഗികളുടെ ജീവൻ അപകടത്തിലാക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.