പൊലീസും മാവോയിസ്റ്റും ഏറ്റുമുട്ടി ; ഒരാള്‍ കൊല്ലപ്പെട്ടു

Written by Taniniram Desk

Published on:

കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്നില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി മാവോയിസ്റ്റ് പോസ്റ്റര്‍. തിരുനെല്ലിയിലാണ് പോസ്റ്ററുകള്‍ കണ്ടെത്തിയത്. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. നവംബര്‍ 13നായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. കവിത (ലക്ഷ്മി) എന്ന മാവോയിസ്റ്റ് കൊല്ലപ്പെട്ടതായാണ് പോസ്റ്ററില്‍ പറയുന്നത്.

അതേസമയം ആറളത്ത് കവിത കൊല്ലപ്പെട്ടതിന് രക്തത്താല്‍ തന്നെ പകരംവീട്ടുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു. തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിലാണ് പോസ്റ്റര്‍ പതിച്ചത്. വ്യാഴാഴ്ച രാത്രിയോടെ ആറ് പേരടങ്ങുന്ന സംഘമാണ് ഗുണ്ടിക പറമ്പ് കോളനിയില്‍ എത്തിയത്. ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലില്‍ ചിലര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് അന്ന് തന്നെ ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു.

അതേസമയം മാവോയിസ്റ്റ് കൊല്ലപ്പെട്ടിരിക്കാമെന്ന സംശയത്തിലാണ് പൊലീസും. ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകള്‍ പിന്‍വാങ്ങിയപ്പോള്‍ ഈ സ്ഥലത്ത് തണ്ടര്‍ബോള്‍ട്ട് സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് ഒരു സ്ത്രീയുടെ കൈയിലെ എല്ലിന്‍ കഷണം ലഭിച്ചിരുന്നു. പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടിരിക്കാമെന്നും മൃതദേഹം മാവോയിസ്റ്റുകള്‍ വനത്തിനുള്ളില്‍ സംസ്‌കരിച്ചിരിക്കാമെന്നും സംശയമുണ്ട്. ചികിത്സ തേടാതെ മരണം സംഭവിച്ചതാകാമെന്നും പൊലീസ് കരുതുന്നു.

കൊല്ലപ്പെട്ടുവെന്ന് കരുതുന്ന കവിത (ലക്ഷ്മി) 2021 ല്‍ കീഴടങ്ങിയ ലിജേഷ് എലിയാസ് രാമു എന്ന മാവോയിസ്റ്റിന്റെ ഭാര്യയാണ്. കര്‍ണാടകത്തിലെ തുംഗഭദ്ര ദളത്തിന്റെ ഭാഗമായിരുന്നു ആദ്യം കവിത. 2015 ല്‍ പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ ഭാഗമായതാണ്.

Related News

Related News

Leave a Comment