മുംബൈ: ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ മുംബൈയിൽ നിന്ന് അയോധ്യയിലേക്ക് കാൽനടയായി സഞ്ചരിച്ച് മുസ്ലീം യുവതി. മുംബൈ സ്വദേശിനിയായ ശബ്നം എന്ന മുസ്ലീം യുവതിയാണ് മുംബൈയിൽ നിന്ന് അയോധ്യയിലേക്ക് സുഹൃത്തുക്കൾക്കൊപ്പം യാത്ര ആരംഭിച്ചത്. സുഹൃത്തുക്കളായ രമൺ രാജ് ശർമ്മ, വിനീത് പാണ്ഡെ എന്നിവർക്കൊപ്പമാണ് ഷബ്നം 1,425 കിലോമീറ്റർ കാൽനടയായി അയോധ്യയിലേക്ക് സഞ്ചരിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ശ്രീരാമനോടുള്ള ഭക്തി മൂലമാണ് കാൽനടയായി അയോധ്യയിലേക്ക് യാത്ര ആരംഭിച്ചതെന്ന് ശബ്നം പറഞ്ഞു. രാമനെ ആരാധിക്കാൻ ഒരാൾ ഹിന്ദുവായിരിക്കേണ്ട ആവശ്യമില്ല. ഒരു നല്ല മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം. ഭഗവാൻ രാമൻ ജാതിയോ മതമോ നോക്കാതെ എല്ലാവരുടേതുമാണെന്ന് യുവതി കൂട്ടിച്ചേർത്തു.