വനംവകുപ്പ് ജീവനക്കാർക്ക് കൈക്കൂലി വരുന്ന വഴികൾ, ഞെട്ടി വിജിലൻസ് സംഘം

Written by Taniniram Desk

Published on:

പൊന്മുടി മുതൽ ആനമുടി വരെ വെളുപ്പിച്ചെടുക്കുന്നവർ

തിരുവനന്തപുരം: വനം വികസന ഏജൻസികളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ‘ഓപ്പറേഷൻ ജംഗിൾ സഫാരി’ എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനകളിൽ വൻ ക്രമക്കേടുകൾ പിടിച്ചു. 36 ഡിവിഷണൽ ഫോറസ്​റ്റ് ഓഫീസുകളിലെ വനം വികസന ഏജൻസികളിലും 38 ഇക്കോ ടൂറിസം സൈ​റ്റുകളിലും ഇക്കോ ഡെവലപ്‌മെന്റ് കമ്മ​റ്റി, വനം സംരക്ഷണ സമിതികളിലുമായിരുന്നു റെയ്ഡ്.

തേക്കടി ആനച്ചാലിലെ പെരിയാർ ടൈഗർ റിസർവിൽ പാർക്കിംഗ്, ബോട്ടിംഗ് ഫീസുകൾ ജീവനക്കാർ സ്വന്തം ഗൂഗിൾ പേ അക്കൗണ്ടുകളിലൂടെയാണ് പിരിച്ചെടുക്കുന്നത്. കോട്ടയത്തെ സെക്ഷൻ ഫോറസ്​റ്റ് ഓഫീസറുടെ ഗൂഗിൾ പേ അക്കൗണ്ടിൽ ആറുമാസത്തിനകം നിരവധി അസ്വഭാവിക ഇടപാടുകളുണ്ടായി. തേക്കടിയിലെ ബോട്ടിംഗ് കേന്ദ്രത്തിലെ ജീവനക്കാർക്ക് മാസം 40,000 രൂപ ഹോട്ടലുകാർ നൽകിയെന്ന് കണ്ടെത്തി.ആനമുടിയിൽ ടൂറിസ്റ്റുകൾക്ക് നൽകുന്ന രസീതിൽ നമ്പറും സീലുമില്ല.

ഇരവികുളം നാഷണൽ പാർക്കിലും ആതിരപ്പള്ളി വനശ്രീയിലും ബിൽ നൽകാതെ വനഉത്പ്പന്നങ്ങൾ വിൽക്കുന്നു.പാലക്കാട് അനങ്ങാമല ഇക്കോ ഷോപ്പിൽ കണക്കിൽ വൻക്രമക്കേടുണ്ട്. ബാണാസുര മീൻമുട്ടി വനസംരക്ഷണ സമിതിയിൽ വനഉത്പ്പന്നങ്ങൾ വിറ്റ പണം അക്കൗണ്ടിലെത്തിയില്ല. തോൽപ്പട്ടിയിലും കണക്കിൽ കുറവുണ്ടായി. തുഷാരഗിരിയിൽ കുറച്ചു പേർക്കേ പാർക്കിംഗ് ഫീസിന് രസീത് നൽകുന്നുള്ളൂ. കല്ലാർ മീൻമുട്ടി വനസംരക്ഷണ സമിതിയിലും പണത്തട്ടിപ്പുണ്ട്.

കോന്നി വനം വികസന ഏജൻസി ചെയർമാൻ ചട്ടവിരുദ്ധമായി 77000 രൂപയുടെ ടാബ് വാങ്ങി. നിർമ്മാണ പ്രവൃത്തികളെല്ലാം ജീവനക്കാരന്റെ ഭാര്യയുടെ നേതൃത്വത്തിലുള്ള സൊസൈറ്റിക്കാണ്. ഒൻപത് ലക്ഷത്തിന് ബൊലേറോ വാങ്ങിയതും ചട്ടവിരുദ്ധം.ഇക്കോ ടൂറിസം വികസനത്തിനായി ഇടുക്കി ജില്ലാ പഞ്ചായത്ത് 2012ൽ അനുവദിച്ച 13ലക്ഷം ഇതുവരെ ചെലവിട്ടില്ല.

മിക്കയിടത്തും കാഷ്ബുക്കും ഓഡിറ്റും കൃത്യമല്ല. തേക്കടിയിൽ ഫീസ് പിരിക്കുന്ന ടിക്കറ്റ് മെഷീനിലെ വിവരങ്ങൾ അതത് ദിവസം മായ്ചു കളയുന്നു. പൊന്മുടിയിൽ പണം മാറിയെടുക്കാൻ ഒപ്പിടാത്ത മൂന്നു വൗച്ചറുകൾ സൂക്ഷിച്ചതായി കണ്ടെത്തി. കല്ലാറിൽ സി.സി.ടി.വി ക്യാമറ പ്രവർത്തനരഹിതമാണ്. വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം ഐ.ജി ഹർഷിത അട്ടല്ലൂരി, സൂപ്രണ്ട് ഇ.എസ്.ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള റെയ്ഡിൽ എല്ലാ വിജിലൻസ് യൂണി​റ്റുകളും പങ്കെടുത്തു.

Related News

Related News

Leave a Comment