ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ മലയാളി ഉള്‍പ്പടെ എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി ഖത്തര്‍ കോടതി. അപ്പീല്‍ കോടതിയാണ് ഇവരുടെ വധശിക്ഷ റദ്ദാക്കിയത്. ഇവര്‍ക്ക് തടവ് ശിക്ഷ ലഭിക്കും. ഇന്ന് അപ്പീല്‍ കോടതിയില്‍ നടന്ന വിശദമായ വാദത്തിനു ശേഷമാണ് വധശിക്ഷ ഇളവ് വരുത്തി തടവ് ശിക്ഷയായി കുറച്ചത്. വിധി പറയുന്ന സമയത്ത് വിദേശകാര്യ അംബാസിഡറും മറ്റ് ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും കോടതിയില്‍ എത്തിയിരുന്നു.
ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വെർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, സെയിലർ രാഗേഷ് എന്നിവരാണ് തടവിൽ കഴിയുന്നത്. ഒക്ടോബര്‍ 26-നാണ് ചാരപ്രവര്‍ത്തനം ആരോപിച്ച് ഖത്തറിലെ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. നാവികസേനയില്‍നിന്ന് വിരമിച്ചശേഷം എട്ടുപേരും ഖത്തറിലെ അല്‍ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സല്‍ട്ടിങ് കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു. 2022 ഓഗസ്റ്റിലാണ് ഇവര്‍ അറസ്റ്റിലായത്. മുങ്ങിക്കപ്പല്‍ നിര്‍മാണരഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
വിശദമായ ഉത്തരവിന്റെ പകർപ്പ് കാത്തിരിക്കുകയാണെന്നും തുടർ നടപടികൾ കൂടിയാലോചനയ്ക്ക് ശേഷമുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വധശിക്ഷയിൽ വിദേശകാര്യ മന്ത്രാലയം ഞെട്ടൽ രേഖപ്പെടുത്തുകയും സർക്കാർനിയമപരമായ എല്ലാ വഴികളും ആരായുമെന്ന് അറസ്റ്റിലായവരുടെ കുടുംബങ്ങൾക്ക് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇന്ത്യൻ നാവികരുടെ മോചനത്തിന് ശക്തമായ നയതന്ത്ര ഇടപെടലാണ് വിദേശകാര്യ മന്ത്രാലയം നടത്തിയത്. വധശിക്ഷ വിധിച്ചതിന് പിന്നാലെ ഇന്ത്യ അപ്പീൽ നൽകിയിരുന്നു.