ഇരിങ്ങാലക്കുട: സമുദായ ശക്തി സമാഹരണത്തിലൂടെ മാത്രമേ സമുദായത്തിനു നേട്ടം ഉണ്ടാക്കാൻ കഴിയുകയുള്ളൂ എന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
വള്ളിവട്ടം അമരിപ്പാടം ശ്രീനാരായണാശ്രമത്തിൽ പത്തു ദിവസം നീണ്ടു നിന്ന ശ്രീനാരായണ ഗുരുദേവ കൃതികളുടെ പാരായണ വ്യാഖ്യാന വൈദികയജ്ഞം അഭിധ്യാനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മീയത കൊണ്ടു മാത്രം വയറു നിറയുകയില്ലെന്നും, ആത്മീയതയോടൊപ്പം ഭൗതികതയെയും സമന്വയിപ്പിച്ച ശ്രീനാരായണ ഗുരുദേവൻ ഒരിക്കലും മറ്റുള്ളവരുടെ ആരാധനാലയങ്ങൾ പിടിച്ചെടുക്കുകയോ അവിടെ പ്രതിഷ്ഠ നടത്തുകയോ ചെയ്തിട്ടില്ലെന്നും വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു.
മതേതരം പറയുന്നവരിൽ പലരും അവരുടെ സ്വന്തം മതത്തിനായാണ് നിലകൊള്ളുന്നത്. ഈഴവൻ്റെ കാര്യം വരുമ്പോൾ ഇടതു പക്ഷം പോലും അടവു നയത്തിലൂടെ ഭരണം നിലനിർത്താനാണ് ശ്രമിക്കുന്നത് എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ചടങ്ങിൽ സ്വാമി ശിവസ്വരൂപാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ബ്രഹ്മസ്വരൂപാനന്ദ, എസ് എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ, എസ് എൻ ഡി പി യോഗം കൗൺസിലർ പി കെ പ്രസന്നൻ, മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി സംഗീത വിശ്വനാഥ്, കെ കെ ബിനു, പി കെ രവീന്ദ്രൻ, സി കെ യുധി എന്നിവർ സംസാരിച്ചു. എ വി വിശ്വംബരൻ ശാന്തി, രാജേഷ് ശാന്തി, സി വി പ്രകാശൻ എന്നിവരെ വെള്ളാപ്പള്ളി ആദരിച്ചു.