പള്ളിയിൽ പ്രഭാത നമസ്കാരത്തിനു ബാങ്ക് വിളിക്കുന്നതിനിടെ മുൻ പൊലീസ് ഉദ്യോഗസ്ഥനെ തീവ്രവാദികൾ വെടിവച്ചുകൊന്നു. ജമ്മു കശ്മീർ പൊലീസ് മുൻ സീനിയർ സൂപ്രണ്ട് മുഹമ്മദ് ഷാഫി മിർ (72) ആണ് കൊല്ലപ്പെട്ടത്. ബാരാമുള്ള ജില്ലയിലെ ഗണ്ട്മുള്ളയിൽ ഞായർ പുലർച്ചെയാണു സംഭവം. 2012ൽ പൊലീസിൽനിന്നു വിരമിച്ച ഷാഫി പിന്നീടു പള്ളിയിൽ ബാങ്ക് വിളിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. 2019ല്‍ മുഹമ്മദ് ഷാഫി നാഷണല്‍ കോണ്‍ഫറന്‍സില്‍ ചേര്‍ന്നിരുന്നു. ഭാര്യയും രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.
സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുള്ളയും, മെഹ്ബൂബ മുഫ്തിയും ഉള്‍പ്പെടെയുള്ളവര്‍ അപലപിച്ചു. അതേസമയം, കശ്മീരിലെ നിയന്ത്രണ രേഖയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റമുണ്ടായി. ഒരു ഭീകരനെ സൈന്യം വധിച്ചതായും മറ്റ് മൂന്നുപേര്‍ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങിയതായും സൈന്യം അറിയിച്ചു. ഇന്നലെ രാത്രിയാണ് ജമ്മുവിലെ ഖൗർ സെക്ടറിലുള്ള അഖ്നൂരില്‍ രാജ്യാന്തര അതിര്‍ത്തിക്ക് സമീപം നാല് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.