കണ്ണാറ: ആശാരിക്കാട് സ്വദേശി കുറ്റിയാനിക്കൽ ജോസ് വികസിപ്പിച്ചെടുത്ത കുരുമുളക് പറിക്കുന്ന യന്ത്രത്തിന് പേറ്റൻ്റ് ലഭിച്ചു. മൂന്നാഴ്ച മുമ്പാണ് പേറ്റന്റ് ലഭിച്ചത്. മൂന്നു പിവിസി പൈപ്പുകൾ കൊണ്ട് ലളിതമായ രീതിയിൽ നിർമ്മിച്ച യന്ത്രമുപയോഗിച്ച് കുരുമുളക് ഒന്നുപോലും നഷ്‌ടപ്പെടാതെ പറിച്ച് താഴെയെത്തിക്കാൻ കഴിയും. ഏഴു വർഷത്തെ പഠനത്തിനും പരിശ്രമത്തിനുമൊടുവിലാണ് യന്ത്രം വികസിപ്പിക്കാൻ കഴിഞ്ഞതെന്നും പേറ്റന്റ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ജോസ് പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷമായി ജോസിന്റെ യന്ത്രത്തിന് ആവശ്യക്കാരേറെയുണ്ട്.
കഴിഞ്ഞ ഡിസംബർ 20ന് കെ.എഫ്.ആർ.ഐയിൽ നടന്ന ഗ്രാമീണ ഗവേഷക സംഗമത്തിൽ ജോസിന് ഉപഹാരവും പ്രശസ്തി പത്രവും സമ്മാനിച്ചു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമീണ ഗവേഷക സംഗമത്തിൽ ജോസിന്റെ യന്ത്രം അവതരിപ്പിച്ചിരുന്നു. മികച്ച ഗ്രാമീണ സാങ്കേതിക വിദ്യ കണ്ടെത്തുന്നതിനുള്ള മത്സരം, സാങ്കേതിക വിദ്യകളുടെ പ്രദർശനം എന്നിവ സംഗമത്തിൽ ഒരുക്കിയിരുന്നു.