സർക്കാർ ചെലവിൽ പശ്ചിമബംഗാള്‍ ഗവര്‍ണറെ കുറിച്ചുള്ള പുസ്തകം ഇറക്കിയതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ വിമര്‍ശനം ഉന്നയിച്ചത്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:
”2022 നവംബർ 17നാണ് മലയാളിയായ ഡോ: സി.വി ആനന്ദബോസ് പശ്ചിമ ബംഗാൾ ഗവർണ്ണറായി നിയമിതനായത്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ 2022 ഡിസംബർ ഒന്നിന് ”സി.വി ആനന്ദബോസിൻ്റെ സർഗ പ്രപഞ്ച”മെന്ന പുസ്തകം രാജ്ഭവൻ്റെ സർക്കാർ മുദ്ര പതിച്ചുകൊണ്ട് പുറത്തിറക്കി. 2023 ജനുവരിയിൽ സെക്കൻ്റ് എഡിഷനും പ്രസിദ്ധീകരിച്ചു. ഇത് കണ്ട് അദ്ദേഹം തന്നെ കുറിച്ചുള്ള പുസ്തകം രാജ്ഭവൻ ചിലവിൽ അച്ചടിക്കാനാണോ ആനന്ദബോസ് ഗവർണറായതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പിടിച്ചു കെട്ടാൻ വേണ്ടിയാണ് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും താൽപര്യപ്രകാരം കേന്ദ്രസർക്കാർ ശുപാർശ ചെയ്തതനുസരിച്ചാണ് രാഷ്ട്രപതി ആനന്ദ ബോസിനെ ഗവർണ്ണറായി നിയമിച്ചത്. പക്ഷെ ഈ പുസ്തകത്തിൻ്റെ ഫസ്റ്റ് പേജിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമൊത്തുള്ള ആനന്ദ ബോസിൻ്റെ ഫോട്ടോയാണ് കൊടുത്തിരിക്കുന്നത്. അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ഗവർണ്ണർ ആനന്ദ ബോസിൻ്റെ ഫോട്ടോ പുസ്തകത്തിൻ്റെ അകത്തെ പേജിലാണ് നൽകിയിരിക്കുന്നത്. ഇതിലൂടെ മുഖ്യമന്ത്രി മമതാ ബാനർജിയും ഗവർണ്ണർ സി.വി ആനന്ദ ബോസും തമ്മിൽ അന്തർധാരയുണ്ടെന്ന് പശ്ചിമ ബംഗാളിലെ ബി.ജെ.പി പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞിരിക്കയാണ്.
“സി.വി ആനന്ദ ബോസിൻ്റെ സർഗ പ്രപഞ്ച”മെന്ന പുസ്തകത്തിൽ ആനന്ദ ബോസിനെക്കുറിച്ച് കേരളത്തിലുള്ള മുഴുവൻ ഉന്നത വ്യക്തികളെക്കൊണ്ട് പ്രശംസിച്ച് മുഖസ്തുതി പറയിപ്പിക്കുന്നതാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഇന്ത്യയിലെ പ്രമുഖ വക്തികളെക്കൊണ്ടും അദ്ദേഹം പറയിപ്പിക്കുന്നുണ്ട്.
ഗവർണ്ണറുടെ മഹിമകൾ പാടിപ്പുകഴ്ത്തുന്ന പുസ്തകം സർക്കാർ ചെലവിൽ പ്രസിദ്ധീകരിക്കുന്നത് ഇന്ത്യയിലെ ഒരു ഗവർണ്ണറും ഇന്നുവരെ ചെയ്യാത്തതാണ്.
ഗോവ ഗവർണ്ണർ പി.എസ് ശ്രീധരൻപിള്ള രചിച്ച “എൻ്റെ പ്രിയ കഥകൾ” എന്ന 194-ാം മത്തെ പുസ്തകം 2023 മെയ് 8-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്. ഈ 194 പുസ്തകങ്ങളിൽ ഒന്നുപോലും സർക്കാർ ചെലവിലല്ല പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലാം വിവിധ പബ്ലിഷർമാരാണ് പുറത്തിറക്കിയിരിക്കുന്നത്. ”സി.വി ആനന്ദബോസിൻ്റെ സർഗപ്രപഞ്ച”മെന്ന പുസ്തകം സർക്കാർ ചെലവിൽ പ്രസിദ്ധീകരിച്ചതിലൂടെ അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയുമാണ് അദ്ദേഹം നടത്തിയിരിക്കന്നത്.”