ചെന്നൈ : ചെന്നൈയിലുണ്ടായ പ്രളയത്തിന്റെ പേരില്‍ ഉദയനിധി സ്റ്റാലിനും നിര്‍മ്മല സീതാരാമനും തമ്മിലുള്ള വാക്‌പോര് രൂക്ഷം. പ്രളയദുരിതാശ്വസത്തിനായി കൂടുതല്‍ ഫണ്ട് വേണമെന്ന് തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു..
എന്നാല്‍ കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എടിഎം അല്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയാണ് ഇവര്‍ തമ്മിലുള്ള വാക്‌പോരിന് തുടക്കം. ഈ പ്രസ്താവനയ്ക്കാണ് തമിഴ്‌നാട് കായികമന്ത്രി കൂടിയായ ഉദയനിദി മറുപടി നല്‍കിയത്.
”കേന്ദ്രമന്ത്രിയുടെ അച്ഛന്റെയോ കുടുംബത്തിന്റെയും സ്വത്ത് അല്ല ചോദിച്ചത്. ജനങ്ങളുടെ നികുതിയുടെ അര്‍ഹമായ വിഹിതമാണ് ആവശ്യപ്പെട്ടത്’ ഇതായിരുന്നു ഉദയനിദിയുടെ മറുപടി..
എന്നാല്‍ സൂക്ഷിച്ച് സംസാരിക്കണമെന്ന് മറുപടി നല്‍കിയ നിര്‍മല സീതാരാമന്‍, അച്ഛന്റെ സ്വത്ത് കൊണ്ടാണോ ഉദയനിധി അധികാരം ആസ്വദിക്കുന്നതെന്ന് തിരിച്ചു ചോദിച്ചാല്‍ എന്താകും എന്നും കൂട്ടിച്ചേര്‍ത്തു.. ഒരു പദവിയില്‍ ഇരിക്കുന്ന ആള്‍ വാക്കുകള്‍ പറയുമ്പോള്‍ ശ്രദ്ധിക്കണം. മുത്തച്ഛനായ കരുണാനിധി വാക്കുകളുടെ ഉപയോഗം മനസ്സിലാക്കിയിരുന്ന സാഹിത്യകാരനാണെന്നത് അദ്ദേഹം മറക്കുന്നുവെന്നും നിര്‍മല വിമര്‍ശിച്ചു.
എന്നാല്‍ കരുണാനിധിയും പെരിയാറും തങ്ങളെ എങ്ങനെയാണ് സംസാരിക്കേണ്ടതെന്ന് പഠിപ്പിച്ചിട്ടുണ്ടെന്നും ഓരോരുത്തരോടും അവരവരുടെ നിലവാരത്തിന് അനുസരിച്ചാണ് സംസാരിക്കുകയെന്നും ഉദയനിധി തിരിച്ചടിച്ചു. കൂടാതെ കേന്ദ്രമന്ത്രിയുടെ ശ്രമം പ്രളയ ദുരിതാശ്വാസഫണ്ടില്‍ പോലും രാഷ്ട്രീയം കലര്‍ത്താനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.