കേരളത്തിന് ലഭിക്കുമോ പുഷ് പുൾ?

Written by Taniniram Desk

Published on:

ന്യൂഡൽഹി: യാത്രക്കാർക്ക് സുഖപ്രദമായ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ആദ്യ അമൃത് ഭാരത് പുഷ് പുൾ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യൻ റെയിൽവേയുടെ ആദ്യ പുഷ് പുൾ ട്രെയിൻ ഉത്തർ പ്രദേശിലെ അയോധ്യയ്ക്കും ദർബംഗയ്ക്കും ഇടയിൽ ആദ്യ അമൃത് ഭാരത് ട്രെയിൻ ആരംഭിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 30ന് അയോധ്യയിലെത്തും തുടർന്നാകും ട്രെയിനുകളുടെ ഉദ്ഘാടനം നടത്തുക. അമൃത് ഭാരത് പുഷ് പുൾ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനൊപ്പം ആറ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസുകളും രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടാമത്തെ അമൃത് ഭാരത് ട്രെയിൻ ദക്ഷിണേന്ത്യയിലേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. എന്നാൽ ഏതൊക്കെ സംസ്ഥാനങ്ങളിലൂടെയാകുമെന്ന സൂചന അധികൃതർ നൽകിയിട്ടില്ല.

ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്നതോടെ അയോധ്യയിലേക്ക് തീർഥാടകരും സന്ദർശകരും കൂടുതലായി എത്താനുള്ള സാധ്യത കൂടുതലാണ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയോധ്യയിലേക്ക് ആളുകളെത്തും. ഈ സാഹചര്യത്തിനിടെയാണ് കൂടുതൽ യാത്രക്കാരെ ലക്ഷ്യമിട്ട് അമൃത് ഭാരത് പുഷ് പുൾ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്.

സാധാരണക്കാരെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ട്രെയിനിൽ സുഖപ്രദമായ യാത്ര വാഗ്ദാനം ചെയ്തുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനുകളിലേതിന് സമാനമായ സൗകര്യങ്ങളാണ് അമൃത് ഭാരത് പുഷ് പുൾ ട്രെയിനിലും ഒരുക്കിയിരിക്കുന്നത്. സുഖപ്രദമായ സൗകര്യങ്ങൾ സജ്ജമാക്കിയ പുഷ് പുൾ ട്രെയിനാണ് അമൃത് ഭാരത്.

ഓറഞ്ച്, ചാരനിറമാണ് ട്രെയിനുകൾക്ക് നൽകിയിരിക്കുന്നത്. ട്രെയിനിൻ്റെ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററാണ്. നോൺ എസി ട്രെയിനിൽ 22 കോച്ചുകളുണ്ടാകും. 12 സെക്കൻഡ് ക്ലാസ്, 3 ടയർ സ്ലീപ്പർ, 8 ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് ഗാർഡ് കമ്പാർട്ട്‌മെന്റുകളും ട്രെയിനിൽ ഉണ്ടാകും. യാത്രക്കാർക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ മികച്ച ഇരിപ്പിടങ്ങളാണുണ്ടാകുക. ഗാർഡ് കമ്പാർട്ടുമെന്റുകളിൽ ഒരു കോച്ചിൽ സ്ത്രീകൾക്കും മറ്റൊരു കോച്ചിൽ ഭിന്നശേഷിക്കാർക്കും ഇടമുണ്ട്. ട്രെയിനിന് ഓരോ അറ്റത്തും പുഷ് പുൾ സംവിധാനത്തിനായി ഒരു ലോക്കോമോട്ടീവ് ഒരുക്കിയിട്ടുണ്ട്.

സീറ്റിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള സൗകര്യവും ബോട്ടിൽ ഹോൾഡറും സജ്ജമാക്കിയിട്ടുണ്ട്. ഇരിപ്പിടങ്ങളിൽ മൊബൈൽ ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ട്. യാത്രക്കാർക്ക് അവരുടെ വസ്തുക്കൾ സൂക്ഷിക്കാൻ കുഷ്യൻ ഘടിപ്പിച്ച ലഗേജ് റാക്ക് ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. മികച്ച ശുചിമുറിയാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്. തീപിടിത്തം ഒഴിവാക്കാൻ അഗ്നിശമന സംവിധാനം ഒരുക്കിയിട്ടുണ്ട്. ട്രെയിനിൻ്റെ ഇരുവശങ്ങളിലും ഒരുക്കിയിരിക്കുന്ന എഞ്ചിൻ സംവിധാനം ട്രെയിനിൻ്റെ വേഗത നിലനിർത്താൻ സഹായിക്കും. മുന്നിലും പിന്നിലുമായുള്ള രണ്ട് ഇലക്ട്രിക് എൻജിനുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ പുഷ് പുൾ ട്രെയിൻ വന്ദേ ഭാരതിന് സമാനമായി പെട്ടെന്ന് വേഗം കൈവരിക്കും.

Leave a Comment