കൊച്ചി: വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ബസ് ഉടമകള്‍ സമരത്തിനൊരുങ്ങുന്നു. വിദ്യാർത്ഥികളുടെ മിനിമം നിരക്ക് ഒരു രൂപയിൽ നിന്നും അഞ്ചു രൂപയായി ഉയർത്തണമെന്നാണ് ആവശ്യം.
കഴിഞ്ഞ 13 വര്‍ഷമായി വിദ്യാര്‍ത്ഥികൾക്കുള്ള മിനിമം നിരക്ക് ഒരു രൂപയാണെന്നും, ബസിൽ കയറുന്ന യാത്രക്കാരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ നിരക്കിൽ ഇനി ഓടാൻ കഴിയില്ലെന്നാണ് ബസ് ഉടമകൾ അറിയിക്കുന്നത്.
അടുത്ത അധ്യയന വർഷം മുതൽ പുതിയ നിരക്ക് വേണമെന്നും അല്ലാത്തപക്ഷം സർവീസുകൾ നിർത്തി വയ്‌ക്കുമെന്നും ബസ് ഉടമകൾ പറഞ്ഞു. സമരത്തിലേക്ക് കടക്കുന്നതിനു മുന്നോടിയായി ഏപ്രിൽ മൂന്ന് മുതൽ ഒമ്പത് വരെ ബസ് സംരക്ഷണ ജാഥ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്താനാണ് സംഘടനയുടെ തീരുമാനം. സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നം പഠിച്ച് വിവിധ കമ്മിഷനുകള്‍ മിനിമം ചാര്‍ജുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഇത് സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നാണ് ഉടമകൾ പറയുന്നത്.