പെരുമ്പാവൂര്‍: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പോലീസ് പിടിയില്‍. റോബിന്‍ ഭായ് എന്ന് വിളിക്കുന്ന അസം സ്വദേശി റബിന്‍ മണ്ഡലാണ് പിടിയിലായത്. എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പെരുമ്പാവൂരില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
പെരുമ്പാവൂരിലെ ഭായ് കോളനി കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. ക്ലീന്‍ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായാണ് പോലീസ് ഇത്തരത്തില്‍ വ്യാപകമായ പരിശോധനകള്‍ നടത്തിവരുന്നത്. കഴിഞ്ഞ ദിവസം നെല്ലിക്കുഴി ഭാഗത്തുനിന്ന് ലഹരി ഉപയോഗത്തിന് കുറച്ച് വിദ്യാര്‍ഥികളെ പിടികൂടിയിരുന്നു. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റോബിന്‍ ഭായിയിലേക്ക് അന്വേഷണ സംഘം എത്തിയത്. വിദ്യാര്‍ഥികള്‍ക്ക് 500, 1000 രൂപ നിരക്കില്‍ പൊതികളിലാക്കിയാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്നത്.
ജില്ലയിലെ പ്രധാനപ്പെട്ട കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കെല്ലാം ഇയാള്‍ കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്നു. പോലീസ് പിടികൂടുമ്പോഴും ഇയാളുടെ കൈവശം ഒമ്പത് കിലോ കഞ്ചാവ് ഉണ്ടായിരുന്നു. ഒരു വലിയ ചാക്കിലും ചെറിയ പൊതികളിലുമായാണ് ഇയാളുടെ കൈവശം കഞ്ചാവ് ഉണ്ടായിരുന്നത്. ഇത് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതുകൂടാതെ സമീപപ്രദേശത്ത് നടത്തിയ തിരച്ചിലില്‍ റോബിന്‍ ഭായിയുടെ ഒരു കൂട്ടാളിയെക്കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ അറസ്‌റ്റോടെ ജില്ലയിലെ ലഹരി വേട്ടയില്‍ പോലീസിന് നിര്‍ണായകമായ നേട്ടമാണ് ഉണ്ടായിരിക്കുന്നത്.