തിരുവനന്തപുരം: പകുതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.
തിരുവനന്തപുരം ശാസ്തമംഗലത്തുള്ള വീട്ടിലുണ്ടായിരുന്ന ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് അവിടെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലായതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആനന്ദകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇ സി ജി യിൽ നേരിയ വ്യത്യാസം കണ്ടതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ തുടരുകയാണ്.
ആനന്ദകുമാര്‍ ദേശീയ ചെയര്‍മാനായ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. തനിക്ക് തട്ടിപ്പില്‍ പങ്കില്ലെന്നായിരുന്നു ആനന്ദകുമാറിന്റെ വാദം.
എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ നിന്നും ആനന്ദകുമാര്‍ പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ജാമ്യാപേക്ഷയെ എതിർത്ത ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് കോടതി ആനന്ദകുമാറിന് മുൻകൂർ ജാമ്യം നിഷേധിച്ചത്.