New Delhi: വിദേശനാണ്യ വിനിമയ നിയന്ത്രണം ചട്ടലംഘിച്ചതിനെ തുടർന്ന് ബിബിസിക്ക്(BBC) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ED) 3.44 കോടി രൂപ പിഴയിട്ടു. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ ഇന്ത്യയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി പിഴയും നല്‍കണമെന്നാണ് ഇഡി നിര്‍ദേശം. 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
നേരിട്ടുള്ള വിദേശനിക്ഷേപ ചട്ടം ലംഘിച്ചതിനാണ് ബിബിസിക്ക്(BBC) ഇഡി പിഴയിട്ടിരിക്കുന്നത്. ഇതിന് പുറമെ 2021 ഒക്ടോബര്‍ പതിനഞ്ച് മുതല്‍ പ്രതിദിനം അയ്യായിരം രൂപ എന്നനിലയില്‍ പിഴ നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഡയറക്ടര്‍മാരായ ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കിള്‍ ഗിബ്ബന്‍സ്, ഗൈല്‍സ് ആന്റണി ഹണ്ട് എന്നിവര്‍ക്കാണ് 1,14,82950 രൂപ പിഴയിട്ടത്.
ഗുജറാത്ത് കലപാത്തില്‍ (Gujarat Riot) മോദിക്ക് (Narendra Modi)പങ്കുണ്ടെന്ന് ആരോപിക്കുന്ന ‘ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍’ (India:The Modi Question)എന്ന ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ ബിബിസിയുടെ വിവിധ ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡില്‍ കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ബിബിസിക്കെതിരെ ഫെമ നിയമലംഘനത്തിന് ഇഡി കേസ് എടുത്തത്.