സാങ്കേതിക തടസങ്ങൾ കാരണം നിർത്തിവെച്ച കാവടിപ്പാലത്തിൻ്റെ പണി പുനരാരംഭിച്ചു. 2020ൽ ടൂറിസം വകുപ്പ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചാർപ വെള്ളച്ചാട്ടം അടുത്തു കാണുന്നതിന് വേണ്ടി കാവടിപ്പാലത്തിൻ്റെ നിർമ്മാണം ആരംഭിച്ചത്.
മരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പാലത്തിന്റെ നിർമാണം. 90 ലക്ഷം വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതി 2024 ഫെബ്രുവരിയിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥലമെടുപ്പ് സംബന്ധിച്ച സാങ്കേതിക തടസ്സങ്ങൾ കാരണമാണ് നേരത്തെ പാലം പണി നിർത്തിവെച്ചിരുന്നത്. ഈ തടസ്സങ്ങൾ നീങ്ങിയാൽ വേഗത്തിൽ പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
മഴക്കാലത്ത് റോഡ് കവിഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ ആയിരക്കണക്കിന് സന്ദർശകരാണ് എത്താറുള്ളത്. അതേസമയം, പാലത്തിന്റെ അശാസ്ത്രീയ നിർമാണം മൂലം വെള്ളച്ചാട്ടത്തിന്റ ഭംഗി നഷ്ടപ്പെട്ടതായും വിമർശനമുണ്ട്. നിലവിലുള്ള പാലത്തിനു സമാന്തരമായുണ്ടായിരുന്ന പഴയ ബ്രിട്ടിഷ് നിർമിത പാലം പൊളിച്ചാണ് പുതിയ പാലം പണിയുന്നത്.