എം.എ മുഹമ്മദ് ജമാല്‍ അന്തരിച്ചു

Written by Taniniram Desk

Published on:

കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാല്‍ അന്തരിച്ചു. ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1940 ജനുവരി 19ന് സുല്‍ത്താന്‍ ബത്തേരി മാനിക്കുനിയില്‍ ജനിച്ച മുഹമ്മദ് ജമാല്‍ അബ്ദുറഹീം-കദീജ ദമ്പതികളുടെ മകനാണ്. സുല്‍ത്താന്‍ ബത്തേരിയിലും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 1967ല്‍ മുക്കം യത്തീംഖാനയുടെ ശാഖയായി ഡബ്ല്യു.എം.ഒ സ്ഥാപിച്ചത് മുതല്‍ സ്ഥാപനത്തിന്റെ ജോയിന്റ് സെക്രട്ടറിയായും 1988 മുതല്‍ മരണം വരെ ജനറല്‍ സെക്രട്ടറിയായും ചുമതല വഹിച്ചു. ഡബ്ല്യു.എം.ഒക്ക് കീഴില്‍ ഇന്ന് വയനാട് ജില്ലയില്‍ 35 സ്ഥാപനങ്ങളുണ്ട്. ഓരോ കുട്ടിയെയും വ്യക്തിയായി ആദരിച്ച് അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിയും വെളിച്ചവും പകര്‍ന്നാണ് ജമാല്‍ മുഹമ്മദ് അനാഥ മക്കളുടെ ജമാലുപ്പയായത്. ഡബ്ല്യു.എം.ഒക്ക് പുറമെ നിരവധി വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങളുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും ജമാല്‍ മുഹമ്മദ് നിര്‍ണായക പങ്ക് വഹിച്ചു. തൊഴില്‍ പരിശീലനം, സ്‌കോളര്‍ഷിപ്പ്, ആതുര ശുശ്രൂഷ, വനിതാ ശാക്തീകരണം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ആദിവാസി ക്ഷേമം, ഭിന്നശേഷി പുനരധിവാസം തുടങ്ങി ഒട്ടേറെ മേഖലകളില്‍ സേവനം നല്‍കി. 2005 മുതല്‍ ഡബ്ല്യു.എം.ഒയില്‍ നടക്കുന്ന സമൂഹ വിവാഹത്തിന്റെ മുഖ്യകാര്യദര്‍ശിയാണ്.

മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ട്രഷറര്‍, വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചു. 30 വര്‍ഷമായി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. സാമൂഹ്യ നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനായും മികച്ച സംരംഭകനായും രാഷ്ട്രീയ പ്രവര്‍ത്തകനായും ജമാല്‍ മുഹമ്മദ് ശോഭിച്ചു. ഭാര്യ: നഫീസ പുനത്തില്‍. മക്കള്‍: അഷ്റഫ്, ജംഹര്‍, ഫൗസിയ, ആയിശ.

ഉച്ചക്ക് രണ്ട് മണി മുതല്‍ 4 മണി വരെ വയനാട് മുട്ടില്‍ യത്തീംഖാനയില്‍ മയ്യിത്ത് കാണാന്‍ സൗകര്യമൊരുക്കും. മയ്യിത്ത് നിസ്‌കാരം 4 മണിക്ക് യതീംഖാനയില്‍ ഉണ്ടായിരിക്കും. ആറ് മണിക്ക് സുല്‍ത്താന്‍ ബത്തേരിയിലുള്ള ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. 7.30ന് സുല്‍ത്താന്‍ ബത്തേരി വലിയ ജമാമസ്ജിദില്‍ മയ്യിത്ത് നിസ്‌കാരവും ശേഷം ചുങ്കം മൈതാനിയില്‍ ഖബറടക്കവും നടക്കും.

Related News

Related News

Leave a Comment