കാത്തിരിപ്പിനൊടുവില്‍ വീണ്ടും റെസ്ലീങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പ്

Written by Taniniram Desk

Published on:

ലൈംഗികാരോപണങ്ങളുടെയും ഗുസ്തി താരങ്ങളുടെ രാപ്പകല്‍ സമരങ്ങളുടെയും പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ ഒളിമ്പിക് ഭവനിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഫെഡറേഷന്റെ മുന്‍ തലവനും ബിജെ പി എംപിയുമായ ബ്രിജ് ഭൂഷണ്‍ നീണ്ട 12 വര്‍ഷം ഭരിച്ച പ്രസിഡന്റ് സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ വ്യാഴാഴ്ചയ്ക്ക് ശേഷം രാജ്യത്തെ മുന്‍നിര ഗുസ്തി ഫെഡറേഷന് പുതിയ പ്രസിഡന്റിനെ ലഭിക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതകൂടിയുണ്ട്.

പ്രസിഡന്റ് സ്ഥാനത്തിലേക്ക് മത്സരിക്കുന്നത് ബ്രിജ് ഭൂഷണോട് അടുപ്പമുള്ള സഞ്ജയ് സിങ്ങും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് അനിത ഷിയോറനും തമ്മിലാണ്. ഇതിന് പുറമേ ഒരു സീനിയര്‍ വൈസ് പ്രസിഡന്റ്, നാല് വൈസ് പ്രസിഡന്റ്, ട്രഷറര്‍, സെക്രട്ടറി ജനറല്‍, രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍, അഞ്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങി സ്ഥാനത്തിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

മത്സര രംഗത്ത് നിയുക്ത മധ്യപ്രദേശ് മുഖ്യമന്ത്രിയും മുന്‍ ഗുസ്തി താരവുമായ മോഹന്‍ യാദവും ഉണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് അദ്ധേഹം മത്സരിക്കുന്നത്.

വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി അതിക്രമിച്ചെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്രിജ് ഭൂഷന് തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു. രാജ്യത്തെ പ്രധാന ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് ബ്രിജ് ഭൂഷന് തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നത്.

Leave a Comment