മുബൈ : ഐപിഎല്ലിന്റെ താര ലേലം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. ഓസ്‌ട്രേലിന്‍ താരങ്ങളായ കമ്മിന്‍സിനെയും സ്റ്റാര്‍ക്കിനെയും ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്കാണ് ടീമുകള്‍ വാങ്ങിയത്.
എന്നാല്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരു ഇന്ത്യന്‍ താരത്തെ വാങ്ങി. ഉത്തര്‍പ്രദേശുകാരനായ സമീര്‍ റിസ്വി. താരത്തിനായി 8.40 കോടി രൂപയാണ് ചെന്നൈ മുടക്കിയത്. ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാത്ത റിസ്വിക്ക് വേണ്ടി ചെന്നൈ എന്തിന് ഇത്രയും തുക മുടക്കി എന്നുള്ള ചോദ്യവും ഉയര്‍ന്നു വന്നു. ആരാധകരും അവരുടെ ആശങ്ക പ്രകടിപ്പിച്ചു.
എന്നാല്‍ സമീര്‍ റിസ്വി ചില്ലറക്കാരനല്ല എന്നതാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. രാജ്യത്തിന് വേണ്ടി കളിച്ചില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ആക്രമണാത്മക ബാറ്റിംഗങ്ങിന്റെ ഉസ്താദാണ് താരം. ഉത്തര്‍പ്രദേശില്‍ നടന്ന ടി 20 ലീഗിന്റ ഉദ്ഘാടന പതിപ്പിലെ തന്നെ മത്സരത്തില്‍ റിസ്വി ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അന്ന് അതിവേഗ സെഞ്ച്വറിയാണ് താരം നേടിയത്.
ആഭ്യന്തര ടി20യില്‍ 134.70 ആണ് റിസ്വിയുടെ സ്‌ട്രൈക്ക് റേറ്റ്. നാല് മുതല്‍ ഏഴ് വരെയുള്ള പൊസിഷനില്‍ ഏതില്‍ വേണോ താരത്തെ കളിപ്പിക്കാം. മധ്യനിരയിലാണെങ്കില്‍ താരം കുറച്ച് കൂടി ആക്രമണ ബാറ്റിംഗ് കാഴ്ചവെക്കും.
യുപി ടി20 ലീഗില്‍ താരം അടിച്ചു കൂടിയത് 455 റണ്‍സാണ്.. അതും വെറും 9 ഇന്നിംഗ്‌സുകളില്‍ നിന്ന്. രണ്ട് സെഞ്ചുറികളും ഇതില്‍പെടും. അവിടെ മാത്രമല്ല സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും റിസ്വി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. നേരിടുന്ന 11 പന്തുകളില്‍ ഒരു സിക്‌സ് എന്നാണ് താരത്തിന്റേതായി പുറത്ത് വരുന്ന കണക്കുകള്‍.. ഇതൊക്കെ കൊണ്ട് തന്നെയാണ് ചെന്നൈ താരത്തിന്റെ പിറകെ ഇത്രയും പണമായി പോയതും.
എന്നാല്‍ ചെന്നൈ റിസ്വിയെ സൈന്‍ ചെയ്‌തെങ്കിലും താരം ഞെട്ടലിലാണ്. ഏതെങ്കിലും ടീമില്‍ ഇടം പിടിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നെങ്കിലും ഇത്രയും തുകയ്ക്ക് ചെന്നൈ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് റിസ്വി. അതുകൊണ്ട് തന്നെ ഈ നേട്ടം വാക്കുകളില്‍ വിവരിക്കാന്‍ കഴിയുന്നതല്ലെന്നായിരുന്നു റിസ്വിയുടെ അഭിപ്രായം. എന്തായാലും ആഭ്യന്തര ക്രിക്കറ്റില്‍ പുറത്തെടുത്ത മികച്ച പ്രകടനം ഐപിഎല്ലിലും തുടരാനാകുമെന്ന പ്രതീക്ഷയിലാണ് സമീര്‍ റിസ്വി.