കുചേല ദിനത്തിൽ ഭക്ത സഹസ്രങ്ങൾ ദർശന പുണ്യം നേടി

Written by Taniniram1

Published on:

ഗുരുവായൂർ: കുചേലദിനത്തിൽ ശ്രീഗുരുവായൂരപ്പ ദർശനത്തിന് ഭക്തസഹസ്രങ്ങളെത്തി. സഹപാഠിയായിരുന്ന കുചേലനെ ദാരിദ്ര്യ ദു:ഖത്തിൽ നിന്നും ഭഗവാൻ കരകയറ്റിയ ദിനത്തിന്റെ സ്മ‌രണയിൽ നിരവധി ഭക്തർ അവിൽ പൊതി ശ്രീഗുരുവായൂരപ്പന് സമർപ്പിച്ച് ദർശനപുണ്യം നേടി. ഭക്തരുടെ അവിൽ സ്വീകരിക്കാൻ ക്ഷേത്രത്തിൽ പ്രത്യേകം സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

കുചേലദിനത്തിൽ ശ്രീകൃഷ്ണ‌ ഭഗവാന്റെയും രുക്മിണീ ദേവിയുടെയും കുചേലന്റെയും വേഷത്തിൽ ക്ഷേത്ര ദർശനത്തിന് കലാകാരൻമാരുമെത്തി. രണ്ടു പതിറ്റാണ്ടിലേറെയായി ഭാഗവത സപ്‌താഹ വേദികളിൽ കുചേല വേഷം അവതരിപ്പിച്ചു വരുന്ന ആലപ്പുഴ കൈതത്തിൽ സ്വദേശി കൈതവളപ്പിൽ ഡി.ഉദയകുമാർ, മാരാരിക്കുളം സ്വദേശി ധനു കൃഷ്ണ, പെരുമ്പുളം അർജുനൻ എന്നിവരാണ് ദീപസ്തംഭത്തിന് സമീപമെത്തി ഗുരുവായൂരപ്പനെ തൊഴുത് മടങ്ങിയത്.

കുചേലദിനത്തിലെ വിശേഷാൽ അവിൽ വഴിപാട് രാവിലെ പന്തീരടി പൂജയ്ക്ക് ഗുരുവായൂരപ്പന് നേദിച്ചു. പന്തീരടി പൂജയ്ക്ക് ശേഷം, ശീട്ടാക്കിയവർക്ക് അവിൽ നിവേദ്യം നൽകി. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ കലാമണ്ഡലം നീലകണ്ഠ‌ൻ നമ്പീശന്റെ സ്മരണയ്ക്കായി രാവിലെ മുതൽ കഥകളിപ്പദ കച്ചേരി അരങ്ങേറി. രാത്രി ഡോ: സഭാപതിയുടെ വഴിപാടായി കുചേലവൃത്തം കഥകളിയും അരങ്ങേറി. കുചേലൻ എന്നറിയപ്പെടുന്ന സുദാ മാവ് സതീർത്ഥ്യനായ ഭഗവാൻ ശ്രീകൃഷ്‌ണനെ അവിൽ പൊതിയുമായി കാണാൻ പോയതിന്റെ സ്മരണയ്ക്കാണ് ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേല ദിനമായി ആഘോഷിക്കുന്നത്. കുചേലന് സദ്ഗതി ഉണ്ടായ ദിനമെന്നും ഈ ദിവസം അറിയപ്പെടുന്നു.

Related News

Related News

Leave a Comment