ഇന്ത്യാ ബ്ലോക്ക് നേതാക്കളുടെ യോഗത്തിൽ പ്രസംഗ പരിഭാഷ ആവശ്യപ്പെട്ടതിന് ഡിഎംകെ നേതാവ് ടി ആർ ബാലുവിനോട് ദേഷ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) നേതാവുമായ നിതീഷ് കുമാർ . മൂന്ന് മണിക്കൂർ നീണ്ട യോഗത്തിൽ നിതീഷ് കുമാർ ഹിന്ദിയിൽ നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ ബാലു ആവശ്യപ്പെട്ടതോടെയാണ് നിതീഷ് കുമാർ പൊട്ടിത്തെറിച്ചത്.
നിതീഷ് കുമാർ ഇന്ത്യൻ ബ്ലോക്ക് നേതാക്കളെ അഭിസംബോധന ചെയ്യുമ്പോൾ ഡിഎംകെ മേധാവി എംകെ സ്റ്റാലിൻ, ടി ആർ ബാലു എന്നിവരും ഒപ്പമുണ്ടായിരുന്നു. നിതീഷ് എന്താണ് പറയുന്നതെന്ന് മനസിലാക്കാൻ കഴിയാതെ, ടി.ആർ. ബാലു മറുവശത്ത് ഇരിക്കുന്ന രാഷ്ട്രീയ ജനതാദൾ രാജ്യസഭാ എം. പി മനോജ് കെ. ഝായോട് പ്രസംഗം വിവർത്തനം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചു. മനോജ് ഝാ നിതീഷ് കുമാറിനോട് അനുവാദം ചോദിച്ചു.
“നമ്മുടെ രാജ്യത്തെ ഹിന്ദുസ്ഥാൻ എന്ന് വിളിക്കുന്നു, ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ്, നമുക്ക് ഭാഷ അറിയണം.”- നിതീഷ് കുമാർ പൊട്ടിത്തെറിച്ചുകൊണ്ട് പറഞ്ഞു. കൂടാതെ തന്റെ പ്രസംഗം പരിഭാഷപ്പെടുത്തരുതെന്നും നിതീഷ് കുമാർ മനോജ് ഝായോട് ആവശ്യപ്പെട്ടു.