ഫോർട്ട്കൊച്ചിയിൽ സുരക്ഷിതമായി പുതുവത്സരമാഘോഷിക്കാൻ നടപടികളുമായി വിവിധ വകുപ്പുകൾ. കോർപ്പറേഷന്റെ നേതൃത്വത്തിൽ ജില്ല ഭരണകൂടവും, പൊലീസുമടക്കമുള്ള വകുപ്പുകൾ കാർണിവൽ കമ്മിറ്റിയുമായി ചേർന്നാണ് ഒരുക്കങ്ങൾ.
കഴിഞ്ഞ തവണത്തെ വീഴ്ചകൾ തിരിച്ചറിഞ്ഞുള്ള ഒരുക്കങ്ങളാണ് ഇക്കുറി കൊച്ചിൻ കാർണിവലിനായി വിവിധ വകുപ്പുകൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി മേയറുടെ നേതൃത്വത്തിൽ കൊച്ചി എംഎൽഎ, ഫോർട്ട് കൊച്ചി സബ് കലക്ടർ, മട്ടാഞ്ചേരി എസിപി, കാർണിവൽ കമ്മിറ്റി എന്നിവരടങ്ങുന്ന സംഘം പ്രാഥമിക യോഗം ചേർന്നിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയായിരുന്നു കഴിഞ്ഞവർഷം ഉയർന്ന പ്രധാന പരാതി. ഇക്കുറി അത്തരം പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ടെന്നാണ് കോർപറേഷന്റെ വിലയിരുത്തൽ.
പുതുവർഷ രാത്രിയിൽ പപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങ് തീർന്നാലും പരിപാടികൾ തുടരണമെന്ന നിർദേശത്തെ പോസിറ്റീവായാണ് അധികൃതർ സ്വീകരിച്ചിട്ടുള്ളത്. പരിപാടി കഴിഞ്ഞ് ആളുകൾക്ക് തിരിച്ചു പോകാൻ കെഎസ്ആർടിസി ബസുകൾ തയ്യാറാക്കി നിർത്താനാണ് പദ്ധതി. കഴിഞ്ഞ തവണ ഫോർട്ടുകൊച്ചി-വൈപ്പിൻ റൂട്ടിൽ ഒരു റോ-റോ സർവീസ് മാത്രമാണ് ഉണ്ടായിരുന്നത്. നിലവിൽ രണ്ടെണ്ണം സർവീസ് നടത്തുന്നുണ്ട്. ഫോർട്ട് കൊച്ചിക്ക് പുറമെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പുതുവത്സര പരിപാടികൾ ഒരുക്കാനും ശ്രമങ്ങളുണ്ട്. അങ്ങനെയാണെങ്കിൽ ഫോർട്ട് കൊച്ചി ഭാഗത്തേക്കുള്ള ആളുകളുടെ തിരക്ക് കുറയുമെന്നാണ് വിലയിരുത്തൽ. കൂടുതൽ ടോയ്ലറ്റുകർ, ആംബുലൻസുകൾ എന്നിവ തയ്യാറാക്കുമെന്നും കോർപ്പറേഷൻ വ്യക്തമാക്കി