പഞ്ചാബിലെ മൊഹാലിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് വീണു. ഹിമാചല്‍ പ്രദേശ് സ്വദേശിയായ 20കാരിയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. 15ഓളം പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ജിം പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് അപകടമുണ്ടായത്. ഒരു യുവതിയെ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് രക്ഷിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ വിരാജ് പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമാണ്.
മൂന്നു നിലകളിലായാണ് ജിം പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് വിവരം. സംഭവ സമയത്ത് എത്ര പേരാണ് ജിമ്മില്‍ ഉണ്ടായിരുന്നത് എന്നതില്‍ വ്യക്തതയില്ല. 10-15 പേരോളം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കെടുക്കുന്നുണ്ടെന്നാണ് കരുതുന്നത്. എന്‍ഡിആര്‍എഫും സൈനികരും പൊലീസ് ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംഭവത്തില്‍ കെട്ടിടത്തിന്റെ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.