മലയാളികൾക്ക് അഭിമാനം; ഒബാമയുടെ ഇഷ്ട ചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’

Written by Taniniram Desk

Published on:

മുൻ യുഎസ് പ്രസിഡൻ്റ് ബറാക്ക് ഒബാമ വർഷാന്ത്യത്തിൽ തൻ്റെ പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റ് പങ്കിട്ടിരിക്കുകയാണ്. അന്താരാഷ്ട്രതലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയ പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രവും ആ പട്ടികയിൽ ഉണ്ട് എന്നതാണ് ഒരു കൗതുകം. ഒബാമയുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ സിനിമയാണിത്. വെള്ളിയാഴ്ചയാണ് ഒബാമ സോഷ്യൽ മീഡിയയിൽ തന്റെ പ്രിയപ്പെട്ട സിനിമകൾ വെളിപ്പെടുത്തിയത്.

“ഈ വർഷം കാണാൻ ഞാൻ ശുപാർശ ചെയ്യുന്ന കുറച്ച് സിനിമകൾ ഇതാ,” ഒബാമ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, കോൺക്ലേവ്, ദി പിയാനോ ലെസൺ, ദി പ്രോമിസ്ഡ് ലാൻഡ്, ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, ഡ്യൂൺ: പാർട്ട് 2, അനോറ, ദിദി, ഷുഗർകെയ്ൻ, എ. കംപ്ലീറ്റ് അൺനോൺ,” എന്നിവയാണ് ലിസ്റ്റിലെ ചിത്രങ്ങൾ.

ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് അന്താരാഷ്ട്ര തലത്തിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം ആദ്യം കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടിയതോടെയാണ് ചിത്രത്തിന്റെ വിജയ യാത്ര ആരംഭിച്ചത്. 30 വർഷത്തിനു ശേഷം കാനിൻ്റെ പ്രധാന മത്സര വിഭാഗത്തിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ ചിത്രമായിരുന്നു ഇത്. അടുത്തിടെ രണ്ട് ഗോൾഡൻ ഗ്ലോബുകൾക്കും ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡുകൾക്കും ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടു. 29-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ (IFFK) സ്പിരിറ്റ് ഓഫ് സിനിമാ അവാർഡും പായൽ നേടിയിരുന്നു.

വേർപിരിഞ്ഞ ഭർത്താവിൽ നിന്ന് അപ്രതീക്ഷിത സമ്മാനം ലഭിക്കുന്ന നഴ്‌സായ പ്രഭയുടെയും കാമുകനുമായുമുള്ള ഇന്റിമസി എക്സ്പ്ലോർ ചെയ്യുന്ന അനുവിന്റെയും കഥയാണ് ചിത്രം പറയുന്നത്. പ്രഭയും അനുവും റൂംമേറ്റ്സ് ആണ്. കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇൻഡോ-ഫ്രഞ്ച് കോ-പ്രൊഡക്ഷനിൽ ഒരുങ്ങിയ ചിത്രമാണിത്.

See also  ഗോൾഡൻ ഗ്ലോബ്സ് 2024 : കിലിയൻ മർഫി മികച്ച നടൻ.

Leave a Comment