‘മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി സ്ഥാനാർഥി’.

Written by Taniniram Desk

Published on:

ജനാധിപത്യത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളില്‍ പ്രതിഷേധിച്ച് 22 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണി യോഗം തീരുമാനിച്ചു. പാര്‍ലമെന്റിലെ സുരക്ഷ വീഴ്ച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന പ്രതിപക്ഷ എം.പിമാരെ പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ഇന്ത്യ മുന്നണി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ജനാധിപത്യത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളെ പ്രതിപക്ഷം ഒന്നിച്ചെതിര്‍ക്കുമെന്ന് ഖാര്‍ഗെ അറിയിച്ചു. സര്‍ക്കാരിന്റെ ഏകപക്ഷീയമായ നീക്കങ്ങളെ ശക്തമായി നേരിടും. അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. ആദ്യം ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കണം. ഞങ്ങള്‍ക്ക് എം.പിമാരില്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടിയത് കൊണ്ട് എന്താണ് പ്രയോജനം. സീറ്റ് വിഭജനം സംബന്ധിച്ച് സംസ്ഥാന തലത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തും. അഭിപ്രായ വ്യത്യാസമുണ്ടായാല്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കും. ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ 28 പാര്‍ട്ടികള്‍ പങ്കെടുത്തു.

സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങളാണ് യോഗത്തില്‍ പ്രധാനമായി ചര്‍ച്ച ചെയ്തതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടനെ ആരംഭിക്കും. യോഗം വളരെ ഫലപ്രദവും വിജയകരവുമായിരുന്നു.

ഇന്ത്യ മുന്നണി യോഗത്തിന്റെ തലേന്നാള്‍ വരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് വ്യക്തമാക്കിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രഖ്യാപിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്ത 10 ലേറെ നേതാക്കള്‍ ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചു. എന്നാല്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനിക്കാമെന്നും അധ:സ്ഥിതരായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്നും ഇതിന് മറുപടിയായി ഖാര്‍ഗെ വ്യക്തമാക്കി.

എം.ഡി.എം.കെ നേതാവ് വൈക്കോ മാത്രമാണ് യോഗശേഷം ഇക്കാര്യത്തെ കുറിച്ച് പരസ്യ പ്രതികരണം നടത്തിയത്. മമത ബാനര്‍ജിയും അരവിന്ദ് കെജ്രിവാളും ഈ നിര്‍ദ്ദേശം വച്ചതായി വൈക്കോ പറഞ്ഞു. എന്നാല്‍ പ്രധാന നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. പ്രമുഖ നേതാക്കളായ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഫോട്ടോ സെഷനില്‍ നിന്ന് വിട്ടു നിന്നതായും ആരോപണമുണ്ട്.

See also  തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയ്ത് ഏഴാം ക്ലാസുകാരന്‍; കുട്ടിയ്ക്ക് ദാരുണാന്ത്യം…

Leave a Comment