കല്യാണ ചടങ്ങിനിടെ തണുപ്പ് സഹിക്കാന്‍ കഴിയാതെ വരന്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കല്യാണം വേണ്ടെന്ന് വച്ച് വധു. ഝാര്‍ഖണ്ഡിലെ ദിയോഗറിലാണ് വ്യത്യസ്ത സംഭവം അരങ്ങേറിയത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. വരന്‍ അര്‍ണവ് കുമാറാണ് തണുപ്പ് സഹിക്കാന്‍ കഴിയാതെ കുഴഞ്ഞുവീണത്. കല്യാണ പരിപാടികള്‍ തുറന്ന മണ്ഡപത്തില്‍ നടത്തുന്നതിനെതിരെ വരന്‍ പരാതിപ്പെട്ടിരുന്നു. അതിശൈത്യത്തിനിടെ തുറന്ന മണ്ഡപലത്തില്‍ കല്യാണം നടത്തുന്നതാണ് വരന്‍ ചോദ്യം ചെയ്തത്. എന്നാല്‍ വിവാഹ ചടങ്ങുമായി മുന്നോട്ടുപോകാന്‍ വധുവിന്റെ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. പ്രദേശത്ത് എട്ടു ഡിഗ്രി സെല്‍ഷ്യസിലേക്കാണ് താപനില താഴ്ന്നത്.
അതിശൈത്യവും പകല്‍ മുഴുവന്‍ നീണ്ടുനിന്ന ഉപവാസവും ചേര്‍ന്നാണ് അദ്ദേഹത്തെ അബോധാവസ്ഥയിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലയില്‍ നിന്നുള്ള വധു അങ്കിതയാണ് വരന്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വച്ചത്. തണുപ്പ് താങ്ങാനുള്ള വരന്റെ കഴിവില്ലായ്മ മറ്റു ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാണെന്ന് ആരോപിച്ചാണ് വധു കല്യാണം വേണ്ടെന്ന് വച്ചത്.
‘രണ്ട് കുടുംബങ്ങളിലെയും അതിഥികള്‍ ചടങ്ങിനിടെ അത്താഴം കഴിച്ചു. ഈസമയത്ത് വധുവും വരനും തുറന്ന മണ്ഡപത്തിലായിരുന്നു. പുരോഹിതന്‍ വിവാഹ മന്ത്രങ്ങള്‍ ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ അര്‍ണവ് വിറയ്ക്കുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു. പിന്നീട്, ഡോക്ടര്‍ വന്ന് ചികിത്സിച്ച ശേഷമാണ് വരന് ബോധം വന്നത്. പക്ഷേ അങ്കിത വിവാഹത്തെ എതിര്‍ത്തു. മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇരുവീട്ടുകാരുടെയും നിര്‍ബന്ധം വകവയ്ക്കാതെ വധു തീരുമാനത്തില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വരനും സംഘവും വധുവില്ലാതെ മടങ്ങുകയും ചെയ്തു’- നാട്ടുകാര്‍ പറയുന്നു.