റോം: നിശ്ചയിച്ച വിവാഹം നിരസിച്ച മകളെ കൊലപ്പെടുത്തിയ കേസിൽ പാകിസ്ഥാൻ ദമ്പതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇറ്റാലിയൻ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇറ്റലിയിലെ ബൊലോഗ്നയ്ക്കടുത്തുള്ള നോവെല്ലറയിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന സമൻ അബ്ബാസ് എന്ന 18കാരിയെയാണ് കൊലപ്പെടുത്തിയത്. 2021ലാണ് സംഭവം നടന്നത്.
കേസിൽ പെൺകുട്ടിയുടെ അമ്മാവനെ നേരത്തെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
പ്രതികളിലൊരാളായ പെൺകുട്ടിയുടെ മാതാവ് ഇപ്പോഴും ഒളിവിലാണ്. ഇവർ പാകിസ്ഥാനിലേയ്ക്ക് കടന്നെന്നാണ് വിവരം. പാകിസ്ഥാനിലെ ഒരു ബന്ധുവിനെ വിവാഹം കഴിക്കണമെന്ന് പെൺകുട്ടിയോട് മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു.എന്നാൽ മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നതിനാൽ സമൻ ഇത് സമ്മതിച്ചില്ല. ഇവരുടെ ബന്ധം വീട്ടുകാരും അംഗീകരിച്ചിരുന്നില്ല. ഇതോടെ ഏപ്രിലിൽ സമൻ കാമുകനോടൊപ്പം പോകാൻ തീരുമാനിച്ചു.
ഇതിനിടെയാണ് പെൺകുട്ടിയെ കാണാതാകുന്നത്. സംഭവം നടന്ന് ഒരു വർഷത്തിന് ശേഷമാണ് ഫാം ഹൗസിൽ നിന്നും സമൻ അബ്ബാസിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. കഴുത്ത് ഒടിഞ്ഞ നിലയിലായിരുന്നു. ഏപ്രിൽ 30ന് രാത്രി പെൺകുട്ടിയെ കൊലപ്പെടുത്തിയിരിക്കാമെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന സമയത്ത് വീട്ടിൽ നിന്നും പെൺകുട്ടിയുടെ പിതാവും അമ്മാവനും ബന്ധുക്കളും ബക്കറ്റ്, മൺവെട്ടി തുടങ്ങിയവയുമായി പുറത്തേയ്ക്ക് പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ബന്ധുക്കളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
കാമുകനൊപ്പം പോകാൻ തീരുമാനിച്ച മകളെ കൊലപ്പെടുത്താൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. തുടർന്ന് അമ്മാവനെ വിളിച്ച് വരുത്തി പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നാലെ ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹം ഫാമിലെത്തിച്ച് കുഴിച്ചിടുകയായിരുന്നുവെന്നാണ് കുറ്റപത്രം.കൊലപാതകത്തിന് പിന്നാലെ പ്രതികൾ ഇറ്റലിയിൽ നിന്നും പോയിരുന്നു. പെൺകുട്ടിയുടെ പിതാവ് ഷബ്ബാർ അബ്ബാസിനെ പാകിസ്ഥാനിലെ പൊലീസാണ് അറസ്റ്റ് ചെയ്തത്. 2023 ഓഗസ്റ്റിൽ ഇയാളെ ഇറ്റലിയ്ക്ക് കെെമാറി. പെൺകുട്ടിയുടെ അമ്മാവൻ ഡാനിഷ് ഹസനെ ഫ്രാൻസിൽ നിന്നാണ് പിടികൂടിയത്. കേസിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കളെ കോടതി വെറുതെ വിട്ടു. മാതാവ് ഷഹീന് വേണ്ടി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.