ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ; അപേക്ഷകൾ സ്വീകരിക്കുന്നത് ഡിസംബർ 15 വരെ

Written by Taniniram Desk

Published on:

കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കു നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ഡിസംബർ 15 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം. ഒന്നാം വർഷ ബിരുദവിദ്യാർത്ഥികൾക്ക് Fresh അപേക്ഷയായും കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചിരുന്നവർക്ക് Renewal അപേക്ഷയായും സമർപ്പിക്കാനവസരമുണ്ട്.

NSP(National Scholarship Portal) വെബ്സൈറ്റിൽ, ഒരു വിദ്യാർത്ഥിയ്ക്ക് ഒരു സ്കോളർഷിപ്പിന് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂയെന്നതിനാൽ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റു സ്കോളർഷിപ്പുകളായ പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസ് , പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫോർ ഡിസബിൽഡ്, മെറിറ്റ് കം മീൻസ് എന്നിവയ്ക്ക് അപേക്ഷിക്കാൻ അവസരമുണ്ടാകില്ല.

സ്കോളർഷിപ്പ് ആനുകൂല്യം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, നിർദ്ദിഷ്ട മാനദണ്ഡങ്ങളോടെ തുടർച്ചയായി അഞ്ചു വർഷക്കാലം സ്കോളർഷിപ്പ് ലഭിക്കാനവസരമുണ്ട്. ബിരുദ തലത്തിൽ പ്രതിവർഷം 12,000/- രൂപയും ബിരുദാനന്തര ബിരുദ തലത്തിൽ പ്രതിവർഷം 20,000/- രൂപയും സ്കോളർഷിപ്പായി ലഭിക്കുന്നതാണ്.

അപേക്ഷായോഗ്യത (Fresh)

അപേക്ഷകർക്ക് പ്ലസ്ടു തലത്തിൽ 80 percentile (80% അല്ല, കേരള സിലബസിൽ ~90% ) ഇൽ അധികം മാർക്ക് ഉണ്ടായിരിക്കണം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് മാത്രമേ ഫ്രഷ് വിഭാഗത്തിൽ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. ആർട്സ് & സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്കു പുറമെ പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷായോഗ്യത (Renewal)

അപേക്ഷകർ,കഴിഞ്ഞ വർഷം സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് ലഭിച്ചിരുന്നവരും കഴിഞ്ഞ അധ്യയന വർഷത്തിൽ ചുരുങ്ങിയത് 50% മാർക്കും 75% അറ്റന്റൻസും ഉള്ളവരുമായിരിക്കണം.

അപേക്ഷാ ക്രമം

NSP(National Scholarship Portal) വെബ്സൈറ്റിൽ അപേക്ഷ സമർപ്പിച്ചതിനു ശേഷം, അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും അപേക്ഷകർ പഠിക്കുന്ന കോളേജിൽ എത്തിക്കണം.അപേക്ഷയോടൊപ്പം, പ്ലസ്ടു വിൻ്റെ മാർക്ക്‌ ലിസ്റ്റ് കോപ്പി , ജാതി സർട്ടിഫിക്കറ്റ് , ആവശ്യമെങ്കിൽ PWD സർട്ടിഫിക്കറ്റ് ( ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ) എന്നിവയും സമർപ്പിക്കേണ്ടതുണ്ട്.

See also  സിയുഇടി-പിജി അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജനുവരി 24

Leave a Comment