2025 സമ്പൂർണ വർഷഫലം; ഈ നാളുകാർക്ക് ജീവിതത്തിൽ വൻ ഉയർച്ച

Written by Taniniram Desk

Published on:

അശ്വതി

കഴിഞ്ഞ വർഷത്തിൻ്റെ തുടർച്ചയായുള്ള അനുഭവങ്ങൾ തന്നെയാവും ഒട്ടൊക്കെ തുടക്കത്തിലുള്ള നാലഞ്ചുമാസക്കാലം പ്രതീക്ഷിക്കാനാവുക. അധീശത്വം കർമ്മമേഖലയിൽ അഭംഗുരമാവും. പദവിയിൽ ഉയർച്ചയോ സ്വതന്ത്ര ചുമതലയോ ലഭിക്കുന്നതാണ്. എതിർപ്പുകളുടെ മുനയൊടിച്ചുകൊണ്ട് മുന്നേറാനാവും. പ്രത്യുല്പന്നമതിത്വം, ഗൃഹസൗഖ്യം, ധനപരമായ സ്ഥിരത, മനസ്സമാധാനം എന്നിവയെല്ലാം അനുഭവത്തിൽ വരുന്ന കാലമാണ്. മാർച്ച് അവസാനത്തിൽ ശനിയുടെ മീനരാശിപ്രവേശം സംഭവിക്കുന്നതിനാൽ അശ്വതി നാളുകാർക്ക് ഏഴരശ്ശനിക്കാലം തുടങ്ങുകയാണ്. വർഷത്തിൻ്റെ രണ്ടാം പകുതി മുതൽ കുറച്ചൊക്കെ അനിശ്ചിതത്വവും ആശയക്കുഴപ്പവും വരാനിടയുണ്ട്. കരുനീക്കങ്ങളിൽ കരുതലോടെ ഏർപ്പെടണം. വഴിതെറ്റിക്കാൻ വരുന്നവരെ തിരിച്ചറിയേണ്ടതുണ്ട്. ആരോഗ്യകാര്യത്തിലും ധനകാര്യത്തിലും ജാഗ്രത അനിവാര്യമാണ്.

ഭരണി

നക്ഷത്രനാഥനായ ശുക്രൻ്റെ ഉച്ചരാശിസ്ഥിതിയും രാശിനാഥനായ ചൊവ്വയുടെ അനുകൂല ഭാവസ്ഥിതിയും ശനി, വ്യാഴം തുടങ്ങിയ ഗ്രഹങ്ങളുടെ ഇഷ്ടഭാവ സഞ്ചാരവും ഉള്ളതിനാൽ വർഷത്തിൻ്റെ ആദ്യപകുതിയിൽ താരതമ്യേന നേട്ടങ്ങളും കാര്യവിജയം ഭവിക്കും. വിദ്യാഭ്യാസത്തിൽ ഉയർച്ചയുണ്ടാവും. അവിവാഹിതർക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാൻ കഴിയുന്നതാണ്. ഉദ്യോഗലബ്ധി, കലാപരമായ ഉയർച്ച, ധനപരമായ വളർച്ച എന്നിവയെല്ലാം യാഥാർത്ഥ്യമാവും. മാർച്ച് അവസാനത്തിൽ ശനിയുടെ മീനരാശിപ്രവേശം മൂലം ഏഴരശ്ശനിക്കാലം ആരംഭിക്കുന്നു. മേയ് മാസത്തിൽ വ്യാഴം മൂന്നാം ഭാവത്തിലേക്ക് പോവുകയാണ്. രാഹു മാറ്റം ഗുണകരമാവും. ജൂൺ മാസം മുതൽ വലിയ മുതൽമുടക്കുകൾ ഒഴിവാക്കണം. ജോലി മാറുന്നത് പ്രതീക്ഷിച്ച ഫലം ഉണ്ടാക്കിയേക്കില്ല.

കാർത്തിക

ജൂൺ വരെ മേടക്കൂറുകാർക്ക് അനുകൂലമായ കാലഘട്ടമായിരിക്കും. തൊഴിലിടത്തിൽ വളർച്ചയുണ്ടാവുന്നതാണ്. ലക്ഷ്യപ്രാപ്തി സുഖകരമാവും. ശത്രുവിജയം അനായാസമാവും. ഉദ്യോഗലബ്ധി സ്വാഭാവികമായി വന്നെത്തും. സാമൂഹികമായ അംഗീകാരം ലഭിക്കും. മാർച്ച് ഒടുവിൽ ഏഴരശ്ശനിക്കാലം തുടങ്ങുന്നതാണ്. കരുതൽ വേണ്ടതുണ്ട്. വിശേഷിച്ചും ആരോഗ്യകാര്യത്തിൽ. ഇടവക്കൂറുകാർക്ക് ശനി പതിനൊന്നിലും വ്യാഴം രണ്ടിലും സഞ്ചരിക്കുന്നതിനാൽ വർഷമദ്ധ്യത്തിനുമേൽ ഗുണഫലം പ്രതീക്ഷിക്കാം. ക്ഷമാപൂർവുമായ കാത്തിരിപ്പിന് അർഹിക്കുന്ന ഫലം ലഭിക്കുന്നതാണ്. വസ്തുവോ വീടോ വാങ്ങാൻ സാധിക്കും. പ്രണയത്തിൽ ആഹ്ളാദിക്കുവാനാവും. ദാമ്പത്യത്തിൽ സന്തോഷം പ്രതീക്ഷിക്കാം. കടബാധ്യതകൾ ഭാഗികമായി പരിഹരിക്കുന്നതാണ്.

രോഹിണി

മാർച്ചുമാസം വരെ 2024ൻ്റെ ഫലങ്ങൾ തന്നെയാവും ഏറെക്കുറെ. സ്വന്തം തൊഴിലിൽ കാര്യതടസ്സം തുടരുന്നതാണ്. സ്ഥാനക്കയറ്റം അനർഹർക്ക് കിട്ടുന്നതിൽ വിഷമിക്കും. വസ്തുവില്പനയിൽ കാര്യമായ പുരോഗതി ഉണ്ടായേക്കില്ല. കുടുംബത്തിൽ സമാധാനം കുറയുന്നതാണ്. മാർച്ചു മാസം അവസാനം ശനി കുംഭം രാശിയിൽ നിന്നും മീനത്തിലേക്ക് പ്രവേശിക്കുന്നതോടെ കണ്ടകശനി അവസാനിക്കുന്നതിനാൽ തൊഴിലിൽ ഉയർച്ച ഉണ്ടാകുന്നതാണ്. ജൂൺമാസം മുതൽ വ്യാഴാനുകൂല്യം വരും. അക്കാരണത്താൽ മനശ്ശാന്തിയുണ്ടാവും. വ്യാപാരരംഗം ഉണരുന്നതായിരിക്കും. നിക്ഷേപങ്ങളിൽ നിന്നും അധികലാഭം കൈവശമെത്തും. ആവിഷ്കാര ചാതുരി സാഹിത്യകാരന്മാർക്ക് കൂടുതൽ വായനക്കാരെ നേടിക്കൊടുക്കും. ധനവിനിയോഗം വിദഗ്ദ്ധോപദേശം അനുസരിച്ചാവുന്നത് നന്നായിരിക്കും.

മകയിരം

സ്വതസ്സിദ്ധമായ നേട്ടങ്ങൾ വിജയത്തിന് വഴിതുറക്കും. മനസ്സർപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ മാതൃകാപരമാവും. സാമ്പത്തിക കാര്യങ്ങളിൽ ഏറെ ശ്രദ്ധവേണ്ടതുണ്ട്. വലിയ മുതൽമുടക്കുകൾക്ക് തുനിയാതിരിക്കുക കരണീയം. ഇടവക്കൂറുകാരായ മകയിരം നാളുകാർക്ക് കണ്ടകശനി തീരുന്നത് ഏറ്റവും ആശ്വാസകരമാണ്. വ്യാഴം ജന്മരാശിയിൽ നിന്നും മാറുകയാൽ ജൂൺ മാസം മുതൽ ഉയർന്ന ഗുണാനുഭവങ്ങൾ കൈവരും. രാഷ്ട്രീയ സ്വാധീനം അധികമാവും. സംഘടനകളിൽ സമാരാധ്യത തേടി വരും. കടബാധ്യതകളുടെ കാര്യത്തിൽ ഏറ്റവും ആശ്വാസം ഭവിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്നതാണ്. മക്കളുടെ പഠനം, ഉദ്യോഗം, വിവാഹം മുതലായവയിൽ ആഗ്രഹിച്ച വിധത്തിലുള്ള ഫലം പ്രതീക്ഷിക്കാം. മിഥുനക്കൂറുകാർക്ക് ഇക്കാര്യങ്ങളിലെല്ലാം തന്നെ സാമാന്യമായ ഫലങ്ങൾ അനുഭവത്തിലെത്തും.

തിരുവാതിര

മുൻവർഷത്തിലെ ഫലങ്ങളുടെ ആവർത്തനം തന്നെയാവും തുടക്കത്തിൽ. കാര്യങ്ങൾ അനായാസം നേടിയെടുക്കുവാനാവും. പ്രവർത്തനോർജ്ജം ഒപ്പമുള്ളവരെ മാത്രമല്ല എതിരാളികളെയും വിസ്മയിപ്പിക്കും. തർക്കങ്ങളിലും മത്സരങ്ങളിലും വിജയിക്കുന്നതാണ്. അനുബന്ധ ബിസിനസ്സ് തുടങ്ങാനാവും. സാമ്പത്തികമായി ഒട്ടൊക്കെ സുസ്ഥിതി കൈവരിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും മുൻകൈയെടുക്കും. ഏപ്രിൽ മുതൽ കണ്ടകശ്ശനിക്കാലമാവുകയാൽ ഇടപാടുകളിൽ കണിശത പുലർത്തണം. തൊഴിൽ തേടുന്നവർക്ക് സ്ഥിരവരുമാനം ഉണ്ടാവുന്നതാണ്. ജൂൺ മുതൽ വ്യാഴം ജന്മരാശിയിൽ സഞ്ചരിക്കുന്നു. അവിവാഹിതർക്ക് വിവാഹം നടക്കും. വിദേശത്തു കഴിയുന്നവരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹൃതമാവുന്നതാണ്. വയോജനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ജാഗ്രത വേണം.

പുണർതം

ഔദ്യോഗിക രംഗത്ത് പൂർണ്ണമനസ്സോടെ പ്രവർത്തിക്കുന്നതാണ്. മുൻ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ തടസ്സങ്ങളെയും എതിർപ്പുകളെയും അവഗണിക്കും. സഹോദരരുമായുള്ള ബന്ധം കൂടുതൽ ദൃഢമാവുന്നതാണ്. സ്വത്തുവഴക്കുകൾ കോടതിക്ക് പുറത്ത് പരിഹരിക്കുവാനാവും. മിഥുനക്കൂറുകാർക്ക് ഏപ്രിൽ മുതൽ പത്താം ഭാവത്തിൽ കണ്ടകശ്ശനി വരുന്നതിനാൽ തൊഴിൽമാറ്റം കരുതലോടെയാവണം. പൊതുപ്രവർത്തകർ സ്വന്തം അണികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതായി വരുന്നതാണ്. ജൂൺ മുതൽ വ്യാഴത്തിൻ്റെ ജന്മരാശിയിലെ സഞ്ചാരം കാരണം സാമ്പത്തിക കാര്യങ്ങളിൽ അല്പം സമ്മർദ്ദം ഭവിക്കുന്നതാണ്. കർക്കടകക്കൂറുകാർക്ക് വിദേശപഠനം/തൊഴിൽലബ്ധി എന്നിവ സാധ്യമാവും. കടബാധ്യതകൾ പരിഹരിക്കാൻ ബന്ധുക്കളുടെ /സുഹൃത്തുക്കളുടെ സഹായം തേടിയേക്കും. രോഗഗ്രസ്തർക്ക് വിദഗ്ദ്ധ ചികിൽസ ആവശ്യമായി വരുന്നതാണ്.

പൂയം

അനുഭവങ്ങൾ ഒട്ടൊക്കെ മുൻവർഷത്തിൻ്റെ ആവർത്തനമാവും.വ്യാഴാനുകൂല്യം ഉള്ളതിനാൽ കൊതിച്ച പദവികൾ ലഭിക്കാൻ കാരണമാവുന്നതാണ്. സ്വയം ചിന്തിച്ചും വരും വരായ്കകൾ കണക്കാക്കിയും കൈക്കൊള്ളുന്ന തീരുമാനങ്ങൾ സഫലമാവും. കുറച്ചു കാലമായി ശ്രമിച്ചിട്ടും സാധിക്കാത്ത ഗൃഹനിർമ്മാണത്തിന് അവസരം ഭവിക്കും. മകളുടെ വിവാഹം നല്ല രീതിയിൽ നടത്താനാവും. സാമ്പത്തിക തടസ്സങ്ങൾ നീങ്ങുന്നതാണ്. മാർച്ച് മാസം ഒടുവിലെ ശനിമാറ്റം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് കുറച്ചൊരാശ്വാസം നൽകുന്നതായിരിക്കും. ജൂൺ മുതൽ ചെലവിൽ കൂടുതൽ നിയന്ത്രണം വരുത്തുന്നത് ഉചിതമാവും. അന്യനാട്ടിൽ പഠനത്തിനോ ജോലിക്കോ അവസരം സാധ്യമാകുന്നതാണ്. മാനസികമായ ചാഞ്ചാട്ടങ്ങൾ നിയന്ത്രിക്കപ്പെടണം.

See also  ഇന്നത്തെ ദിവസം നിങ്ങൾക്കെങ്ങനെ !!!

ആയില്യം

സ്വച്ഛതയും സമാധാനവും എല്ലാക്കാര്യത്തിലും നിലനിർത്താനാവും. ദീർഘകാലമായി കാത്തുപോരുന്ന ന്യായമായ ആഗ്രഹങ്ങൾ നേടിയെടുക്കുന്നതാണ്. സമൂഹത്തിൽ സ്വാധീനത വർദ്ധിക്കും. കലാസാഹിത്യരംഗം ഉപജീവനമായി സ്വീകരിച്ചിട്ടുള്ളവർ കൂടുതൽ ഉയരങ്ങളിലെത്തും. പുരസ്കാരങ്ങൾ ലഭിക്കുന്നതായിരിക്കും. ഗൃഹനിർമ്മാണം പൂർത്തിയാക്കി താമസം തുടങ്ങുവാനാവും. സാങ്കേതിക വിദ്യാഭ്യാസത്തിൽ ഉന്നതബിരുദം കരസ്ഥമാക്കും. കാലതാമസം കൂടാതെ ആശിച്ച ജോലിയിൽ പ്രവേശിക്കുന്നതാണ്. ഈ വർഷത്തെ ശനിമാറ്റം ആശ്വാസമുണ്ടാക്കും. രാഹുമാറ്റം കാര്യവിഘ്നത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും ഇടവരുത്തും. വ്യാഴം പന്ത്രണ്ടിൽ സഞ്ചരിക്കുന്നതിനാൽ വർഷമദ്ധ്യം മുതൽ യാത്രകൾ കൂടും. നല്ല വിഷയങ്ങൾക്കായി ചെലവ് ഉയരും. കുടുംബാംഗങ്ങൾ ജോലി, പഠിപ്പ് മുതലായവയാൽ പല ദേശങ്ങളിൽ വസിക്കുകയാൽ കൂടിച്ചേരലുകളുടെ നിരന്തരത കുറയും.

മകം

സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവും സഹനശീലവും വിജയകിരീടം ചൂടുന്ന വർഷമായിരിക്കും. സാഹചര്യങ്ങളെ അനുകൂലമാക്കാനുള്ള കഴിവ് മൂടിചൂടുന്നതാണ്. തൊഴിൽ രംഗത്തെ മ്ളാനതകൾ അകലും. പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. ചെറിയ തോതിലെങ്കിലും സമ്പാദ്യശീലം വളർത്തിയെടുക്കാൻ കഴിഞ്ഞേക്കും. ദീർഘകാലം പ്രണയിച്ചവർക്ക് വിവാഹത്തിലൂടെ ഒന്നാവാനാവും. കുട്ടികളില്ലാതെ വിഷമിച്ചവർക്ക് സന്താനപ്രാപ്തി ഭവിക്കുന്നതാണ്. മാർച്ച് 29 ന് കണ്ടകശനി തീരുന്നു. എന്നാൽ അഷ്ടമശനി തുടങ്ങുന്നു. രാഹു എട്ടിൽ നിന്നും ഏഴിലേക്ക് മാറുന്നുണ്ട്. ജന്മരാശിയിൽ കേതുവിൻ്റെ സഞ്ചാരം തുടങ്ങുകയുമാണ്. ഇത്തരം ഗ്രഹമാറ്റങ്ങളാൽ ആരോഗ്യകാര്യത്തിൽ സവിശേഷ ശ്രദ്ധയുണ്ടാവണം. ദാമ്പത്യം സ്വച്ഛന്ദമാകാൻ പാരസ്പര്യം ഗാഢമാവുകയും വേണ്ടതുണ്ട്.

പൂരം

പ്രായേണ ഗുണാനുഭവങ്ങളും ലക്ഷ്യപ്രാപ്തിയും ഭവിക്കുന്ന വർഷമാണ്. തടസ്സങ്ങളെ മനശ്ശക്തിയാൽ മറികടക്കും. എതിർശബ്ദങ്ങളെ തിരസ്കരിക്കുവാൻ കഴിയുന്നതാണ്. വിദ്യാർത്ഥികൾക്ക് ഉന്നതബിരുദം നേടാനും വിളംബം വരാതെ തന്നെ യോഗ്യതക്കൊത്ത ജോലി ലഭിക്കാനും പ്രയാസമുണ്ടാവില്ല. അവിവാഹിതരുടെ ദാമ്പത്യ സ്വപ്നം പൂവണിയുന്നതാണ്. വസ്തു കച്ചവടം ലാഭകരമാവും. ബന്ധുക്കളുടെ നിർലോഭമായ പിന്തുണയുണ്ടാവും. വ്യാഴം പതിനൊന്നിൽ സഞ്ചരിക്കുന്നതിനാൽ 2025 മേ മാസത്തിനു ശേഷം നേട്ടങ്ങൾ അധികരിക്കും. ഏഴിലെ ശനി എട്ടിൽ പ്രവേശിക്കുന്നതും എട്ടിലെ രാഹു ഏഴിൽ പ്രവേശിക്കുന്നതും ഗുണകരമാവില്ല. ആരോഗ്യ കാര്യത്തിൽ നിരന്തരശ്രദ്ധ അനുപേക്ഷണീയ മാണെന്നത് ഓർമ്മയിലുണ്ടാവണം. പാർട്ണർഷിപ്പ് ബിസിനസ്സിൽ പിളർപ്പുണ്ടാവാം. ആത്മീയ സാധനകൾ മനസ്സിൻ്റെ ചാഞ്ചല്യത്തെ അകറ്റുന്നതാണ്.

ഉത്രം

കാര്യസാധ്യത്തിന് മത്സരബുദ്ധിയോടെ പ്രവർത്തിക്കേണ്ടി വരും. പൊതുസമ്മതി ലഭിക്കുന്നതാണ്. ചിങ്ങക്കൂറുകാർക്ക് വർഷത്തിൻ്റെ രണ്ടാം ഭാഗം കൂടുതൽ ഗുണകരമായേക്കും. വ്യാഴത്തിൻ്റെ പതിനൊന്നിലെ സഞ്ചാരം സാമ്പത്തിക സ്ഥിരതയ്ക്ക് വഴിവെക്കും. ഉന്നത ബിരുദം നേടുവാനാവും. തൊഴിലിൽ മുതൽമുടക്കിയ തുക ലാഭത്തിലേക്ക് നീങ്ങുന്നതാണ്. വായ്പകൾ അടച്ചുതീരുന്നത് ആശ്വാസമുണ്ടാക്കും. ഉദ്യോഗാന്വേഷികൾ നിരാശപ്പെടില്ല. ശനിയും രാഹുവും മാറിമാറി ഏഴാം ഭാവത്തിൽ തുടരുന്നത് ദാമ്പത്യത്തിൽ സംഘർഷമുണ്ടാക്കാം. ആരോഗ്യപരമായും ശ്രദ്ധ വേണം. കന്നിക്കൂറുകാരായ ഉത്രം നാളുകാർക്ക് വർഷത്തിൻ്റെ ആദ്യപകുതിയിൽ സ്ഥാനപ്രാപ്തിയും അധികാരലബ്ധിയും വന്നുചേരുന്നതാണ്. മനസ്സമാധാനം ഉണ്ടാവും. നറുക്കെടുപ്പുകളിലും ചിട്ടിയിലും വിജയിക്കും. ഗാർഹിക ജീവിതം സംതൃപ്തി നൽകും.

അത്തം

മുൻവർഷത്തെ അനുഭവങ്ങളുടെ തുടർച്ചതന്നെയാവും. നവസംരംഭങ്ങൾ തുടങ്ങാനും വിജയകരമായി നടത്തിക്കൊണ്ടു പോവാനുമാവും. സാമ്പത്തിക കാര്യങ്ങൾ കരുതലോടെ കൈകാര്യം ചെയ്യും. കലാകാരന്മാരുടെ കഴിവും ആത്മാർത്ഥതയും അംഗീകരിക്കപ്പെടും. ബിസിനസ്സിൽ കൂടുതൽ വിപുലീകരണം സാധ്യമാകുന്നതാണ്. സാമ്പത്തിക വളർച്ച പ്രതീക്ഷിക്കാം. ഭാഗ്യപുഷ്ടിയുണ്ടാവും. മാർച്ചുമാസം ഒടുവിലെ ശനിയുടെ ഏഴാം രാശിയിലേക്കുള്ള മാറ്റത്താൽ കണ്ടകശ്ശനിക്കാലത്തിന് തുടക്കമാവും. ദാമ്പത്യജീവിതത്തിൽ വിട്ടുവീഴ്ച അനിവാര്യമായ കാലഘട്ടമായിരിക്കും. മെയ് മാസത്തിലെ വ്യാഴമാറ്റം മൂലം നേട്ടങ്ങൾ കൈവരിക്കാൻ കൂടുതൽ അധ്വാനം ആവശ്യമായി വരുന്നതാണ്. അന്യദേശത്ത് തൊഴിൽ ലഭിച്ചേക്കും. എന്നാൽ അന്നാട്ടിലെ തൊഴിൽ നിയമങ്ങൾ അറിഞ്ഞ ശേഷം കരാറിലേർപ്പെടുക ഉചിതമായിരിക്കും.

ചിത്തിര

മാറ്റത്തിൻ്റെ മണിമുഴക്കം കൊണ്ടുവരുന്ന വർഷമാണ് 2025. വിശേഷിച്ചും തുലാക്കൂറുകാരായ ചിത്തിര നാളുകാർക്ക്. അഷ്ടമവ്യാഴത്തിൻ്റെ ദൗർഭാഗ്യം വർഷത്തിൻ്റെ പകുതി മുതൽ ഒമ്പതിലെ വ്യാഴത്തിൻ്റെ നന്മയായി പകരുന്നു. ആദ്യ മൂന്നുമാസങ്ങളിൽ കന്നിക്കൂറുകാരായ ചിത്തിരക്കാർക്കാവും ശുഭഫലങ്ങൾ വരിക. കടബാധ്യത ഒട്ടൊക്കെ തീർക്കാൻ കഴിഞ്ഞേക്കും. കുടുംബപരമായ ചുമതലകൾ ഭംഗിയായി നിർവഹിക്കാനും സാധിക്കുന്നതാണ്. വസ്തുക്കളിൽ നിന്നും ആദായം വന്നുചേരും. മാർച്ച് ഒടുവിലെ ശനിമാറ്റം മൂലം തുലാക്കൂറുകാർക്ക് കർമ്മഗുണം അഭിവൃദ്ധിപ്പെട്ടേക്കും. പുതിയ ജോലി തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. അന്യനാട്ടിൽ കഴിഞ്ഞവർക്ക് ജന്മനാട്ടിൽ മടങ്ങിവരാനും വിശ്രമജീവിതം നയിക്കാനും സാഹചര്യം അനുകൂലമാവും. ആരോഗ്യപരമായി സ്വസ്ഥത പ്രതീക്ഷിക്കാം.

ചോതി

ആദ്യമൂന്നുമാസങ്ങൾ പ്രായേണ ഗുണദോഷ സമ്മിശ്രമാവും. കാര്യനിർവഹണത്തിൽ തടസ്സങ്ങൾ ആവർത്തിക്കുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ പോലും കിട്ടിയെന്നു വരില്ല. ഏപ്രിൽ മുതൽ അല്പാല്പമായി കാര്യങ്ങൾ വരുതിയിലാവും. ശനി ആറാം ഭാവമായ മീനത്തിൽ പ്രവേശിക്കുന്നത് കാര്യവിജയത്തിന് ഏറ്റവും അനുകൂലമാവും. പല കാലങ്ങളായി ക്ലേശിപ്പിച്ച ശത്രുക്കൾ നിശബ്ദരായേക്കും.വലിയ പ്രയത്നം കൊണ്ടും മുൻപ് നേടാത്ത കാര്യങ്ങൾ ഇപ്പോൾ ലഘുയത്നത്താൽ കരഗതമാവുന്നതാണ്. മേയ് മാസം പകുതിയോടെ വ്യാഴം അഷ്ടമഭാവത്തിൽ നിന്നും ഭാഗ്യഭാവത്തിൽ സംക്രമിക്കുന്നത് സർവ്വവിധത്തിലും ആശ്വാസമാവും. ധനപരമായ സമ്മർദ്ദങ്ങൾ അകലും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഉപാസനകൾ അഭംഗുരമാവും. ജീവിതപങ്കാളിക്കും മക്കൾക്കും ക്ഷേമം ഉണ്ടാവുന്നതാണ്. വലിയ പദവികൾ വന്നു ചേരും. സ്ഥിരത്വം ഭവിക്കും.

See also  ഇന്നത്തെ നക്ഷത്രഫലം

വിശാഖം

വർഷത്തിൻ്റെ ആദ്യഘട്ടത്തിൽ സ്വതസിദ്ധമായ കഴിവുകൾ പ്രയോജനപ്പെടുത്താതെ അന്യനെ സമാശ്രയിക്കുന്ന സ്ഥിതി തുടരും. സാമ്പത്തിക കാര്യങ്ങളിൽ സമ്മർദ്ദം ഉയരുന്നതായിരിക്കും. അർഹിക്കുന്ന പദവി ലഭിക്കാത്തതിൽ വിഷമമുണ്ടാവും. അനാവശ്യമായ തർക്കങ്ങൾ കുടുംബ ജീവിതത്തിൻ്റെ സ്വൈരം കെടുത്താനിടയുണ്ട്. മാർച്ച് മാസം ഒടുവിലായി വരുന്ന ശനിയുടെ ആറാം ഭാവത്തിലേക്കുള്ള രാശിമാറ്റവും മേയ് മാസം പകുതിയിലായി വരുന്ന വ്യാഴത്തിൻ്റെ ഭാഗ്യഭാവത്തിലേക്കുള്ള രാശിമാറ്റവും ഏറ്റവും ഗുണപ്രദമാണ്. തുലാക്കൂറുകാർക്ക് ജീവിതത്തിൽ ഉയരാനും സുസ്ഥിതിയിൽ എത്താനും സാഹചര്യം അനുകൂലമാവും. അനാരോഗ്യത്താൽ വിഷമിക്കുന്നവർക്ക് ചികിൽസാ മാറ്റം കൊണ്ട് സുഖം ഭവിക്കുന്നതായിരിക്കും. ഉന്നത ബിരുദം കരസ്ഥമാക്കാനും അർഹതയിൽ അധികമായ ജോലി നേടാനും സാധിക്കുന്നതാണ്. സംരംഭങ്ങളിലൂടെ നേട്ടങ്ങൾ വന്നെത്തും.

അനിഴം

നല്ല മുന്നേറ്റമുണ്ടാക്കാൻ കഴിയുന്ന വർഷമാണ്. വിദ്യാർത്ഥികൾക്ക് പഠനമികവുണ്ടാവും. തൊഴിൽ രഹിതർക്ക് അർഹതയ്ക്കൊത്ത അവസരങ്ങൾ വന്നുചേരുന്നതാണ്. കൂട്ടുകച്ചവടത്തിലൂടെ ലാഭവിഹിതം വർദ്ധിപ്പിക്കാനാവും. പഠനം, തൊഴിൽ, ബിസിനസ്സ് ഇവയ്ക്കായി വിദേശ യാത്രകൾ വേണ്ടിവരുന്നതാണ്. പ്രണയികൾക്ക് വിവാഹസാഫല്യം പ്രതീക്ഷിക്കാം. ഭാര്യാഭർത്താക്കന്മാർക്കിടയിൽ പാരസ്പര്യം ദൃഢമാകുന്നതാണ്. നാലാം ഭാവത്തിലെ കണ്ടകശനി മാറുന്നതിനാൽ മനക്ലേശത്തിൽ നിന്നും മോചനമുണ്ടാവും. മാതാവിൻ്റെ ആരോഗ്യപ്രശ്നങ്ങൾ കുറയുന്നതാണ്. വർഷമധ്യത്തിലെ വ്യാഴമാറ്റം ഹിതകരമല്ലാത്ത ഭാവത്തിലായതിനാൽ വലിയ മുതൽമുടക്കി സംരംഭങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. അനാവശ്യ കാര്യങ്ങളിലെ പിടിവാശി ക്ലേശമുണ്ടാക്കും. ശത്രുക്കളെ സൃഷ്ടിക്കാനും കാരണമാകുന്നതാണ്. സാമ്പത്തികമായ അച്ചടക്കം അനിവാര്യം.

തൃക്കേട്ട

കൊണ്ടും കൊടുത്തും, കളഞ്ഞും നേടിയും ഉള്ള ജീവിതപ്രയാണം 2025 ലും തുടരുന്നതായിരിക്കും. സ്വതന്ത്രമായ സംരംഭങ്ങൾ തുടങ്ങാൻ വർഷത്തിൻ്റെ ആദ്യപകുതി ഉത്തമമാണ്. കഴിവുകൾ നിരന്തര പരിശ്രമത്തിലൂടെ വളർത്താനാവും. പരീക്ഷണോത്സുകതയ്ക്ക് ഫലം കൈവരും. സംവാദങ്ങളിലും സിമ്പോസിയങ്ങളിലും അഭിനന്ദനം നേടുന്നതാണ്. പഠനത്തിനായോ ജോലിക്കായോ വിദേശത്തുപോകാൻ സാധ്യതയുണ്ട്. തൊഴിലില്ലാത്തവർക്ക് സമാന്തര / സർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാം. അവിവാഹിതർക്ക് വിവാഹം നടക്കുന്നതാണ്. മാർച്ച് മാസം ഒടുവിലെ ശനിയുടെ രാശിമാറ്റം വ്യക്തിത്വം വികസിക്കാനും മാനസികമായി പക്വത നേടാനും ചെറുപ്പക്കാരെ സഹായിക്കും. മുതിർന്നവർക്ക് കുടുംബപരമായ സൗഖ്യം ഉണ്ടാവുന്നതാണ്. മേയ് മാസത്തിലെ വ്യാഴമാറ്റം സമ്മിശ്രഫലങ്ങൾക്ക് കാരണമായേക്കും. എല്ലാക്കാര്യങ്ങളിലും കരുതൽ വേണ്ടതാണ്.

മൂലം

ശ്രമകരങ്ങളായ ദൗത്യങ്ങൾ ഏറ്റെടുക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. പുതിയ ജോലി തേടുന്നവർ നിരാശപ്പെടേണ്ടി വരില്ല. കുടുംബാംഗങ്ങളുടെ, വിശേഷിച്ചും മുതിർന്നവരുടെ പിന്തുണ നിർലോഭം ലഭിക്കുന്നതാണ്. പലകാരണങ്ങളാൽ ഇഴഞ്ഞുനീങ്ങിയ കെട്ടിട നിർമ്മാണം പൂർത്തിയാക്കാനാവും. സന്താനങ്ങളുടെ അഭ്യുദയം സന്തോഷമേകും. ഏപ്രിൽ, മേയ് മാസങ്ങളിൽ ചില അനിശ്ചിതത്ത്വങ്ങൾ ഏർപ്പെടാം. കണ്ടകശ്ശനിക്കാലം തുടങ്ങുന്നത് മാനസിക ക്ലേശമുണ്ടാക്കും. ദേഹസുഖക്കുറവിനും സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുന്നതിൽ കരുതൽ വേണ്ടതുണ്ട്. മേയ് പകുതിക്കു ശേഷം വ്യാഴം, രാഹു എന്നീ ഗ്രഹങ്ങൾ സുസ്ഥാനങ്ങളിലേക്ക് മാറുന്നതിനാൽ ജീവിതത്തിൻ്റെ ഗതി ശോഭനമാവും. അവിവാഹിതർക്ക് വിവാഹസിദ്ധി, കർമ്മ ഗുണാഭിവൃദ്ധി, ധനോന്നതി എന്നിവ പ്രതീക്ഷിക്കാം.

പൂരാടം

പ്രവൃത്തിയിൽ കൂടുതൽ നേരം മുഴുകുകയാൽ വരുമാനത്തിൽ വർദ്ധനവുണ്ടാവും. ഒഴിവുവേളകളിലും തൊഴിലിൽ ഏർപ്പെടും. പുതിയ കാര്യങ്ങളോട് പുറം തിരിഞ്ഞ് നിൽക്കില്ല. നവസംരംഭങ്ങൾക്ക് സർക്കാരിൻ്റെ അനുമതിയുണ്ടാവും. കുടുംബത്തിൻ്റെ ബാധ്യതകൾ പരിഹരിക്കാൻ മുന്നോട്ടിറങ്ങുന്നതാണ്. അതിൽ ഭാഗികമായി വിജയിക്കും. മാർച്ച് ഒടുവിലെ ശനി മാറ്റത്താൽ ‘കണ്ടകശ്ശനി’ ക്കാലം തുടങ്ങുന്നതിനാൽ മേയ് മാസം വരെ എല്ലാക്കാര്യങ്ങളിലും കരുതൽ വേണം. വ്യാഴവും രാഹുവും അനുകൂല ഭാവങ്ങളിലെത്തുന്നതിനാൽ ജൂൺ മാസം തൊട്ട് നേട്ടങ്ങൾ ആവർത്തിക്കും. പുതിയ തൊഴിൽ മേഖലയിൽ ശോഭിക്കുവാൻ കഴിയും. ബിസിനസ്സിൽ നിന്നും വരുമാനം അധികരിക്കുന്നതാണ്. വിദേശയാത്രകളാൽ പലതരം അഭിവൃദ്ധികൾ വന്നെത്തും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാവുന്നതാണ്.

ഉത്രാടം

സാമാന്യത്തിലധികം നേട്ടങ്ങൾ വർഷാരംഭത്തിൽ തന്നെ ദൃശ്യമാകും. തീരുമാനിച്ച കാര്യങ്ങൾ ഭംഗിയായി നിർവഹിക്കാൻ സാധിക്കുന്നതാണ്. സ്വന്തം സംരംഭങ്ങളിൽ നിന്നും പ്രതീക്ഷിച്ച വരുമാനം വന്നു ചേരുന്നതായിരിക്കും. മകളുടെ വിവാഹം സുഗമമായി നടത്താനാവും. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി / വേതന വർദ്ധന ഭവിക്കുന്നതാണ്. സമൂഹത്തിലെ നല്ല കാര്യങ്ങൾക്ക് മാനസികവും ഭൗതികവുമായ പിന്തുണ നൽകും. ഉത്രാടം ധനുക്കൂറുകാർക്ക് മാർച്ചുമാസം ഒടുവിലെ ശനിമാറ്റം ഗൃഹത്തിൽ ക്ലേശാനുഭവങ്ങൾക്ക് കാരണമായേക്കാം. എന്നാൽ മകരക്കൂറുകാർക്ക് ഏഴരശ്ശനി തീരുന്നകാലം എന്നത് പല നിലയ്ക്കും സമാശ്വാസമേകും. വർഷമദ്ധ്യത്തിലെ വ്യാഴം, രാഹു എന്നീ ഗ്രഹങ്ങളുടെ മാറ്റം ധനുക്കൂറുകാർക്ക് തൊഴിലിലും വ്യക്തിപരമായും നേട്ടമാകുമ്പോൾ മകരക്കൂറുകാർക്ക് സാമ്പത്തിക കാര്യങ്ങളിലടക്കം സമ്മർദ്ദത്തിന് കാരണമാകും.

See also  ഇന്നത്തെ നക്ഷത്രഫലം

തിരുവോണം

മികച്ച നേട്ടങ്ങൾ തുടരാനാവും. കർമ്മരംഗത്ത് നൂതന ആശയങ്ങൾ പ്രാവർത്തികമാക്കും. ഔദ്യോഗികമായി കൊതിച്ച പദവികൾ ലഭിക്കാം. ധനക്ലേശം അകന്ന് സമ്പാദ്യം മെച്ചപ്പെടുത്തും. കൃത്യമായ കരുനീക്കങ്ങളിലൂടെ ശത്രുക്കളെ പരാജയപ്പെടുത്താൻ സാധിക്കുന്നതാണ്. പുതിയ വീട്ടിൽ താമസം തുടങ്ങാനാവും. മകൻ്റെ പഠിപ്പ്, ജോലി ഇവ തടസ്സമില്ലാതെ മുന്നേറുന്നതാണ്. മാർച്ച് അവസാനം ഏഴരശ്ശനിക്കാലം തീരുന്നത് പലതരം മുന്നേറ്റങ്ങളുണ്ടാക്കും. മാനസിക സൗഖ്യവും ഉയരുന്നതാണ്. കുടുംബത്തിനകത്തും പുറത്തും സ്വീകര്യത വർദ്ധിക്കുവാൻ കാരണമാകും. വർഷത്തിൻ്റെ ഒന്നാം പകുതിയുടെ തിളക്കം രണ്ടാം പകുതിക്ക് ഉണ്ടാവണമെന്നില്ല. വ്യാഴം ആറിലേക്കും രാഹു നാലിലേക്കും മാറുന്നത് സമ്മർദ്ദങ്ങൾക്ക് വഴിയൊരുക്കും. വലിയ മുതൽമുടക്കുകൾ ഒഴിവാക്കണം. ധനപരമായ അച്ചടക്കം, ആരോഗ്യ സംരക്ഷണം ഇവയും കർശനമാക്കേണ്ടതുണ്ട്.

അവിട്ടം

മകരക്കൂറുകാർക്ക് മുൻവർഷത്തെ നേട്ടങ്ങളുടെ തുടർച്ചതന്നെയാവും ഈ വർഷവും വന്നുചേരുക. മാർച്ച് അവസാനത്തിൽ ഏഴരശ്ശനി തീരുകയാൽ അസാധ്യമെന്നു കരുതിയ കാര്യങ്ങൾ പോലും നേടാനാവും. തൊഴിലിടത്തിൽ ആധിപത്യം പുലർത്തുന്നതാണ്. വിദ്യാർത്ഥികൾക്ക് മികച്ച നിലയിൽ ഉന്നത ബിരുദം കരസ്ഥമാക്കാൻ കഴിയും. യോഗ്യതക്കിണങ്ങുന്ന ഉദ്യോഗത്തിൽ പ്രവേശിക്കുവാനും സാധിക്കുന്നതാണ്. അവിവാഹിതർക്ക് വിവാഹസിദ്ധിയുണ്ടാവും. വർഷത്തിൻ്റെ രണ്ടാം പകുതിയിൽ സമ്മിശ്ര ഫലങ്ങൾക്കാണ് സാധ്യത. കുംഭക്കൂറുകാർക്ക് അദ്ധ്വാനത്തിലൂടെ ലക്ഷ്യപ്രാപ്തിയുണ്ടാവും. ജന്മരാശിയിൽ നിന്നും ശനി മാറുന്നതിനാൽ തടസ്സങ്ങളകലും. ആരോഗ്യം പുഷ്ടിപ്പെടും. ജൂൺ തൊട്ട് വലിയ നേട്ടങ്ങൾ കരസ്ഥമാക്കുന്നതാണ്. വ്യക്തിപരമായും തൊഴിൽപരമായും വളർച്ച പ്രതീക്ഷിക്കാം.

ചതയം

ഗുണപരമായി വലിയ പരിവർത്തനങ്ങൾ വന്നുചേരുന്ന വർഷമാണ്. എന്നാൽ തുടക്കത്തിലെ മൂന്നുമാസങ്ങൾക്ക് ആ വിധമുള്ള മെച്ചം ഉണ്ടായേക്കില്ല. കാര്യസാദ്ധ്യത്തിന് ഒരുപാട് വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. ബന്ധുകലഹം മനക്ലേശമുണ്ടാക്കും. സ്വകാര്യ ജീവിതത്തിൽ ചിലരുടെ അനാവശ്യമായ കടന്നുകയറ്റം വിഷമിപ്പിക്കാം. കടബാധ്യതകളാൽ സ്വൈരക്കേടുണ്ടാവും. ശനി മാർച്ച് 29 ന് ജന്മരാശിയിൽ നിന്നും മാറുന്നത് വലിയ ആശ്വാസമേകും. ജന്മശനിയുടെ ക്ലേശങ്ങൾ നീങ്ങും. സമ്മർദ്ദങ്ങൾ ഒഴിവാകുന്നതാണ്. മേയ് മാസം പകുതിയിലെ വ്യാഴമാറ്റം ഏറ്റവും അനുകൂലമാണ്. മനസ്സിൽ നല്ലകാര്യങ്ങൾ
ഇടം പിടിക്കും. സന്താനങ്ങൾ ഇല്ലാത്തവർക്ക് സന്താനപ്രാപ്തി ഭവിക്കുന്നതാണ്. മക്കൾക്ക് നാനാപ്രകാരേണ വളർച്ച വന്നുചേരുന്നതായിരിക്കും. തൊഴിലിൽ നേട്ടമുണ്ടാകും. ധനോന്നതി സ്വാഭാവികമായി പ്രതീക്ഷിക്കാം.

പൂരൂരുട്ടാതി

മാർച്ചുവരെയുള്ള കാലഘട്ടത്തിൽ നിലവിലെ സ്ഥിതി തുടരപ്പെടുന്നതാണ്. ആശയക്കുഴപ്പങ്ങളും ഭാവിയെക്കുറിച്ചുള്ള അവ്യക്തതകളും നിലനിൽക്കും. പുതിയ സംരംഭങ്ങൾ സമാരംഭിക്കാൻ ഉചിതമായ കാലമല്ല. നിലവിലെ തൊഴിൽ ഉപേക്ഷിച്ചാൽ പുതിയ ജോലി കിട്ടും എന്നുറപ്പിക്കാനാവില്ല. ജന്മശനി മാറുന്നത് മാർച്ചുമാസത്തിലാണ്. അതിനുശേഷം ചില നേട്ടങ്ങൾ വന്നെത്തും. എങ്കിലും 2025 ലെ കുറച്ചധികം മാസങ്ങൾ ശനി പൂരൂരുട്ടാതി നാളിലൂടെയാണ് സഞ്ചരിക്കുന്നത് എന്നത് ഒരു പ്രതികൂലമായ കാര്യമാണ്. ഉന്മേഷ രാഹിത്യത്താൽ അവസരത്തിനൊത്ത് ഉയരാൻ കഴിഞ്ഞേക്കില്ല. മേയ് പകുതിയിലെ വ്യാഴമാറ്റം സൽഫലങ്ങൾക്ക് കാരണമാകും. കർമ്മരംഗത്ത് മുഴുകാൻ സാധിക്കും. കുടുംബ ജീവിതം സ്വച്ഛന്ദമാകും. കുറച്ചൊക്കെ നേട്ടങ്ങൾ വന്നുചേരുന്നതാണ്. മകളുടെ ജോലിക്കാര്യം ഫലവത്താകും. രാഹുവും പൂരൂരുട്ടാതിയിൽ സഞ്ചരിക്കുന്നതിനാൽ ആരോഗ്യപരമായി ഏറ്റവും കരുതൽ വേണ്ടതുണ്ട്.

ഉത്രട്ടാതി

ശനി പന്ത്രണ്ടിലും വ്യാഴം മൂന്നിലും രാഹു ജന്മനക്ഷത്രത്തിലും തുടരുന്നതിനാൽ ഒട്ടുമിക്ക കാര്യങ്ങളും വൈകാനോ വൈകി മാത്രം ഫലം കിട്ടാനോ സാധ്യതയുണ്ട്. പൊതുരംഗത്തുള്ളവർ കനത്ത മത്സരങ്ങളെ അഭിമുഖീകരിക്കും. ചെറുകിട സംരംഭങ്ങൾ, ഏജൻസി ഏർപ്പാടുകൾ എന്നിവ ധനാഗമത്തിന് കാരണമാകുന്നതാണ്. തൊഴിൽ രംഗത്തെ ശത്രുക്കളെ പ്രതിരോധിക്കാൻ ഒരുപാട് ഊർജ്ജം ആവശ്യമാവും. മാർച്ചുമാസം ഒടുവിൽ ജന്മശനിക്കാലം ആരംഭിക്കുന്നതിനാൽ അല്പം ദീർഘകാലം കൊണ്ട് പൂർത്തിയാവേണ്ട ഗൃഹനിർമ്മാണം മുതലായ ജോലികൾക്ക് തുടക്കം കുറിക്കാനാവും. വേണ്ടപ്പെട്ടവരുടെ വായ്പാ സഹായം ലഭിക്കുന്നതാണ്. രോഗഗ്രസ്തർക്ക് തുടർചികിൽസയിലൂടെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാനാവും. മേയ് മാസത്തിലെ വ്യാഴം, രാഹു എന്നീ ഗ്രഹങ്ങളുടെ മാറ്റം കൂടുതൽ ആശ്വാസം പകരും. മനസ്സുഖം ഭവിക്കുന്നതാണ്. വിദേശധനം അനുഭവിക്കാൻ യോഗമുണ്ടാവും.

രേവതി

അന്യദേശവാസം, നിരന്തര യാത്രകൾ എന്നിവയ്ക്ക് സാധ്യത കൂടുതലുള്ള വർഷമാണ്. തൊഴിൽ സംബന്ധിച്ചല്ലാതെ മറ്റൊരുപാടുകാര്യങ്ങളിൽ ഏർപ്പെടാൻ സന്ദർഭമുണ്ടാവുന്നതാണ്. സുചിന്തിതമായി തീരുമാനങ്ങൾ കൈക്കൊള്ളാനും ഉജ്ജ്വല വിജയം നേടാനും കഴിയും. അതുപോലെ തിടുക്കത്തിൽ പ്രവർത്തിച്ച് പരാജയപ്പെടാനും വഴിയൊരുങ്ങും. ബന്ധുക്കളുടെ വ്യവഹാരത്തിൽ പങ്കുചേരുന്നത് ഗുണകരമാവില്ല. സ്വത്തുതർക്കം കോടതിയ്ക്കു പുറത്ത് തീർപ്പാക്കുകയാവും കരണീയം. ജന്മശ്ശനിക്കാലം തുടങ്ങുന്നതിൻ്റെ ക്ലേശഫലങ്ങളെ രാഹു ജന്മരാശിയിൽ നിന്നും മാറുന്നതുമൂലം ഒട്ടൊക്കെ പരിഹരിക്കാനാവും. മേയ് മാസത്തിൽ വ്യാഴം നാലാം ഭാവത്തിലേക്ക് മാറുകയാൽ ഗൃഹം മോടിപിടിപ്പിക്കാനും പുതുവാഹനം വാങ്ങാനും ജോലിയിൽ ഉയർച്ച വരാനും സാഹചര്യം അനുകൂലമായേക്കും. ഉപാസനാദികൾ തുടരാനാവും. മംഗളവാർത്തകൾ തേടിയെത്തുന്നതാണ്.

Leave a Comment