അഭിനേതാവും , ഇന്ന് കേന്ദ്ര സഹമന്ത്രി കൂടിയായ സുരേഷ് ഗോപിയുടെ ഒരു കുട്ടികാല ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കുടുംബത്തിനൊപ്പമുള്ള ഒരു പഴയകാല ചിത്രം സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ചത് .
അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം നിൽക്കുന്ന സുരേഷ് ഗോപിയെ ആണ് ചിത്രത്തിൽ കാണാനാവുക. “മധുരമുള്ള ഓര്‍മകള്‍. ജീവിതത്തില്‍ ആദ്യമായി അച്ഛന്‍ ഒരു സ്യൂട്ട് മേടിച്ചു തന്നതിന്റെ സന്തോഷം ഞങ്ങളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. അതും ഇട്ടു കൊണ്ട് ആദ്യമായി മദ്രാസ് നഗരത്തില്‍ ഇറങ്ങിയത് ഇന്നും ഓര്‍മകളില്‍ ഭദ്രം,” എന്നാണ് സുരേഷ് ഗോപി ചിത്രത്തിനു അടിക്കുറിപ്പു നൽകിയത്. അമ്മയ്ക്ക് അരികിൽ വലതുവശത്തു നിൽക്കുന്ന കോട്ടിട്ട കുട്ടിയാണ് സുരേഷ് ഗോപി. സുഭാഷ് ഗോപി, സുനിൽ ഗോപി, സനിൽ ഗോപി എന്നിവരെയും ചിത്രങ്ങളിൽ കാണാം.
1958 ജൂൺ 26ന് ആലപ്പുഴയിൽ സിനിമാ വിതരണക്കാരനായ കെ. ഗോപിനാഥൻ പിള്ളയുടെയും വി. ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായിട്ടായിരുന്നു സുരേഷ് ഗോപിയുടെ ജനനം. 1965ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി ബാലതാരമായി അരങ്ങേറ്റം കുറിച്ചത്. പിന്നീട്, 1986ൽ നിറമുള്ള രാവുകൾ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിൽ സജീവമായി. ഇരുപത് നൂറ്റണ്ട് (1987) എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് സുരേഷ് ഗോപിയെ ശ്രദ്ധേയമാക്കിയ ആദ്യകാല വേഷങ്ങളിലൊന്ന്. ഇന്നലെ, ഒരു വടക്കൻ വീരഗാഥ, നഗരങ്ങളിൽ ചെന്നു രാപാർക്കാം, ഭൂമിയിലെ രാജാക്കന്മാർ, ന്യൂഡൽഹി , മൂന്നാം മുറ, 1921, വർണം, ദൗത്യം, നായർ സാബ് എന്നീ ചിത്രകൾ എൺപതുകളിൽ ഏറെ ശ്രദ്ധ നേടി.