എംജി ശ്രീകുമാർ-ലേഖ ദമ്പതികൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് മുപ്പത്തിനാല് വർഷങ്ങൾ പിന്നിടുന്നു. എന്നാൽ വിവാഹത്തിന് മുമ്പുണ്ടായിരുന്നതിനേക്കാൾ തീവ്രമാണ് ഓരോ വർഷം കഴിയുന്തോറും ഇരുവരുടെയും പ്രണയം. തകർന്ന ദാമ്പത്യ ജീവിതത്തിന്റെ യാതനകളുമായി കഴിഞ്ഞിരുന്ന കാലത്ത് ലേഖയ്ക്ക് പുതുജീവൻ നൽകിയാണ് എംജി ശ്രീകുമാർ അവരെ പങ്കാളിയാക്കിയത്.
വിവാഹമോചിതയും ഒരു പെൺകുട്ടിയുടെ അമ്മയുമായ ലേഖയെ ഒപ്പം കൂട്ടാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ എല്ലാ ഭാഗത്ത് നിന്നും എതിർപ്പായിരുന്നു ആദ്യം എംജി ശ്രീകുമാറിന് നേരിടേണ്ടി വന്നത്. എങ്കിലും ഹൃദയം തന്നെ പെൺകുട്ടിയെ എംജി ഉപേക്ഷിച്ചില്ല. പതിനാല് വർഷത്തോളം ഇരുവരും തിരുവനന്തപുരത്ത് ലിവിങ് റിലേഷനിലായിരുന്നു.
ശേഷം അമ്മയുടെ സമ്മതത്തോടെ 2000ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായി. എം.ജി ശ്രീകുമാറിന്റെ ഭാര്യയും സുഹൃത്തും പേഴ്സണൽ സെക്രട്ടറിയും മാനേജറുമെല്ലാം ലേഖയാണ്. ഭാര്യയില്ലാതെ എംജി എവിടെയും എത്താറില്ല. അതിന്റെ പേരിൽ പരിഹാസങ്ങൾ ഒരുപാട് ഗായകന് നേരിടേണ്ടതായും വന്നിട്ടുണ്ട്. ലേഖയുടെ മകളെ സ്വന്തം മകളെപ്പോലെയാണ് എംജി വളർത്തിയതും സ്നേഹിച്ചതും.
മാതൃകാ ദമ്പതികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന താരദമ്പതികളാണ് ഇരുവരും. ഇന്നത്തെ തലമുറയ്ക്ക് മാതൃകയാക്കാവുന്ന ദാമ്പത്യ ജീവിതം കൂടിയാണ് ഇരുവരുടേതും. ഭാര്യയോടുള്ള അതിയായ സ്നേഹം പരസ്യമായി പ്രകടിപ്പിക്കാൻ മടി കാണിക്കാത്ത എംജി ശ്രീകുമാർ ലേഖയുടെ പിറന്നാൾ ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.
ലേഖയെ എന്റെ മാലാഖ എന്നാണ് എംജി ശ്രീകുമാർ വിശേഷിപ്പിച്ചത്. വയസാകുമ്പോൾ പലരുടെയും ഉള്ളിലെ പ്രണയം നശിച്ച് പോകാറാണ് പതിവ്. അല്ലെങ്കിൽ പങ്കാളിയോട് അത് തുറന്ന് കാണിക്കാൻ പലരും മടി കാണിക്കും. അവിടെയാണ് എംജി ശ്രീകുമാർ വ്യത്യസ്തനാകുന്നത്. ലേഖയുടെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് എംജി ഇങ്ങനെ കുറിച്ചു… ഇന്ന് എന്റെ ലേഖയുടെ ജന്മദിനമാണ്. നിങ്ങളുടെ എല്ലാ പ്രാർഥനയും അനുഗ്രഹവും നൽകണേ… ഉണ്ടാകുമല്ലോ… എന്നായിരുന്നു കുറിപ്പ്.
ഗായകന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതും എംജിയുടെ പ്രിയപത്നിക്ക് ആശംസ പ്രവാഹമായിരുന്നു. പ്രണയദിനം പോലും കമിതാക്കളെക്കാൾ മനോഹരമായി ആഘോഷിക്കുന്നവരാണ് എംജിയും ലേഖയും. എംജിയുടെ പിറന്നാൾ ആശംസ കുറിപ്പിന് താഴെ ലേഖയുടെ പ്രായത്തെ കുറിച്ചുള്ള കമന്റുകളും നിറയുന്നുണ്ട്.