കേരള സര്‍ക്കാരിന്റെ ധനസഹായത്തോടെ സാംസ്‌കാരികവകുപ്പിനുവേണ്ടി കേരള സംഗീതനാടക അക്കാദമി സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ (International Theatre Festival of Kerala – ITFoK) പതിനാലാമത് പതിപ്പ് 2024 ഫെബ്രുവരി 9 മുതല്‍ 16 വരെ തൃശൂരില്‍ വെച്ച് നടക്കും. എട്ടോളം വിദേശനാടകങ്ങളും മലയാളമുള്‍പ്പടെ പതിനഞ്ചോളം ഇന്ത്യന്‍ നാടകങ്ങളും ഇറ്റ്ഫോക്കിൻ്റെ ഭാഗമാകും. ‘ഒരുമ, സമാധാനം, ദൃഢവിശ്വാസം’ (Ensemble, Peace, Confidence) എന്നതാണ് ഇത്തവണത്തെ ഫെസ്റ്റിവലിന്റെ ആശയം. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി വാർത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അറുപത്തിയെട്ട് വിദേശനാടകങ്ങളും അന്‍പത്തിയെട്ടു മലയാളനാടകങ്ങളുള്‍പ്പടെ ഇരുനൂറ്റിനാല്പത് ഇന്ത്യന്‍ നാടകങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇക്കൂട്ടത്തിൽ നിന്നാണ് മേളയിൽ അവതരിപ്പിക്കുന്നതിനുള്ള നാടകങ്ങൾ തെരഞ്ഞെടുത്തത്. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശ്രീ. ബി. അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ നാടകപ്രവര്‍ത്തകയും നടിയുമായ സജിത മഠത്തില്‍, ഹൈദരാബാദ് സര്‍വകലാശാലയിലെ നാടകവിഭാഗം അധ്യാപകന്‍ നൗഷാദ് മുഹമ്മദ്കുഞ്ഞു എന്നിവരുള്‍പ്പെട്ട സമിതിയാണ് നാടകങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തിയത്.
ബ്രസീല്‍, ചിലി, ടുണീഷ്യ, സ്ലോവാക്യ, ഇറ്റലി, ഫിന്‍ലാന്‍ഡ്, ബംഗ്‌ളാദേശ്, പലസ്തീൻ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. നാടകാവതരണങ്ങള്‍ കൂടാതെ സാംസ്‌കാരിക സമ്മേളനങ്ങളും എക്‌സിബിഷനും സംഗീതപരിപാടികളും ഡിജിറ്റല്‍ ഷോകളും അരങ്ങേറും. ലോകത്തിലെ സമകാലിക സാമൂഹ്യസാഹചര്യങ്ങള്‍ വിഷയമാകുന്ന നാടകങ്ങള്‍ക്കും ഇതര ആവിഷ്‌കാരങ്ങള്‍ക്കുമാണ് മേളയില്‍ പ്രാമുഖ്യം നല്‍കിയിട്ടുള്ളത്.
എന്‍സെംബിള്‍ അഥവാ ഒത്തുചേരല്‍ എന്ന വാക്കിനെ വലിയ ആശയമായി വികസിപ്പിച്ച് നാടകവേദിയുമായി ചേര്‍ത്തുവെച്ച നാടകപ്രതിഭ ബ്രെഹ്തോള്‍ഡ് ബ്രെഹ്തിന്റെ നൂറ്റിയിരുപത്തിയഞ്ചാം ജന്മവാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തവണത്തെ നാടകോത്സവം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
മേളയിലേക്ക് തിരഞ്ഞെടുത്ത നാടകങ്ങൾ-
അന്തര്‍ദേശീയ വിഭാഗം
- അല്ലെ ആര്‍മി -ഹോംബ്രെ കളക്ടീവ്, ഇറ്റലി
- ലെ ഫോ – എല്‍ടിയാട്രോ, ടുണീഷ്യ
- ഫ്യൂഗോ റോജോ- ലാ പറ്റോഗാലിന, ചിലി
- സ്റ്റേറ്റ്ലെസ്- കമ്പാനിയ നോവ ഡി ടിയാട്രോ, ബ്രസീല്‍
- ജോണി ഗോട്ട് ഹിസ് ഗണ്‍- എസി റോസി, ഫിന്‍ലാന്‍ഡ് 6.
- സ്റ്റുപൊറോസ – ടിയാട്രോ ഔട്ട് ഓഫ്, ഇറ്റലി
- 4.48 മോണ്‍ട്രാഷ്- സ്പര്‍ദ്ധ, ബംഗ്‌ളാദേശ്
- ഹൌ ടു മെയ്ക് റവലൂഷ്യന്‍?- ഇന്‍ഡിപെന്‍ഡന്റ്, ഫലസ്റ്റീന്‍
ദേശീയ വിഭാഗം
- ബീച്ചാര ബി ബി -കെ സി സി ആര്‍ട്‌സ് ലാബ്, കല്‍ക്കത്ത
- ഹയവദന- ഭൂമിജ, ബാംഗ്ലൂര്‍/ഛത്തീസ്ഗഡ്
- റൂമിയാന- ഇഷാരാ പപ്പറ്റ് തിയേറ്റര്‍, ദല്‍ഹി
- പാരിജാത- സ്പന്ദന, ബാംഗ്ലൂര്‍
- സൗദാഗര്‍- രംഗവിദൂഷക്, മദ്ധ്യപ്രദേശ്
- ഘണ്ടാ ഘണ്ടാ- ആസക്ത കലാമഞ്ച്, പൂന/മഹാരാഷ്ട്ര
- ഡു യു നോ ദിസ് സോങ്?- മല്ലിക തനേജ, ദല്‍ഹി
- ഊര്‍മ്മിള- ആദിശക്തി, തമിഴ്നാട്
- നവ ദുര്‍ഗ്ഗ- ആട്ടക്കളരി, ബാംഗ്ലൂര്‍
ദേശീയ വിഭാഗം(മലയാളം)
- ഉബുറോയ് -ഓക്ക്സിജന്‍ തിയേറ്റര്‍, തൃശൂര്‍
- അവാര്‍ഡ്- ലിറ്റില്‍ എര്‍ത്ത് തിയേറ്റര്‍, കൂറ്റനാട്/പാലക്കാട്
- പാപ്പിസോറ- കോഗ്‌നിസന്‍സ് പപ്പറ്റ് തിയേറ്റര്‍, തൃശൂര്‍
- കോര്‍ണര്‍- നാട്യശാസ്ത്ര, കടമ്പഴിപ്പുറം/പാലക്കാട്
പ്രത്യേക വിഭാഗം
- കബീര്‍ കഥ- W I P കളക്ടീവ്, ദല്‍ഹി
- ഹൌ ലോങ്ങ് ഈസ് ഫെബ്രുവരി?- ഖബില, ബാംഗ്ലൂര്‍
- ഞാനും പോട്ടെ ബാപ്പ ഒല്‍മാരം കാണാന്‍?- സ്‌കൂള്‍ ഓഫ് ഡ്രാമ, തൃശൂര്‍
- ഇന്‍ ദീസ് ഹൗസസ് ഡ്രീം ദി മൗണ്ടൈന്‍- ഫോള്‍ഡഡ് പേപ്പര്‍ ഡാന്‍സ് & തിയേറ്റര്‍ ഗ്രൂപ്പ്- യു എസ് എ/ഇന്ത്യ