വൃശ്ചിക മാസം നിങ്ങൾക്കെങ്ങനെ ; അറിയാം അശ്വതി മുതൽ രേവതി വരെ

Written by Taniniram Desk

Published on:

അശ്വതി

വ്യാഴം, ശനി, ശുക്രൻ, ബുധൻ എന്നീ ഗ്രഹങ്ങളുടെ അനുകൂലതയുണ്ട്. വ്യക്തിപരവും തൊഴിൽപരവുമായ കാര്യങ്ങളിൽ സാമാന്യേന നേട്ടങ്ങളും ധനലാഭവും പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങളുമായി മുന്നോട്ടുപോകാൻ കഴിയുന്നതാണ്. വിദ്യാർത്ഥികൾക്ക് പ്രോജക്ടുകൾ പൂർത്തിയാക്കാനും ഉപരിപഠനത്തെക്കുറിച്ച് വ്യക്തത വരുത്താനും സാധിച്ചേക്കും. കുടുംബകാര്യങ്ങളിൽ സ്വസ്ഥത സാമാന്യമായ തോതിൽ മാത്രമാവും. നാലാം ഭാവത്തിൽ ജന്മരാശ്യധിപനായ ചൊവ്വ സഞ്ചരിക്കുന്നതിനാൽ മനസ്സമാധാനത്തിന് ഭംഗം വരാനിടയുണ്ട്. ഗൃഹൈക്യം കുറയുന്നതിനും സാഹചര്യം രൂപപ്പെടാം. ആദിത്യൻ അഷ്ടമസ്ഥനാവുകയാൽ സർക്കാർ കാര്യങ്ങളിൽ അനുകൂലത കുറയും. പിതാവിൻ്റെയും മാതാവിൻ്റെയും ആരോഗ്യകാര്യത്തിൽ മാത്രമല്ല മറ്റു കാര്യങ്ങളിലും ശ്രദ്ധയും താല്പര്യവും അനിവാര്യമാണ്.

ഭരണി

വൃശ്ചികമാസം പകുതി വരെ നക്ഷത്രനാഥനായ ശുക്രൻ ധനുരാശിയിലാണ്. ഭാഗ്യാനുഭവങ്ങൾ പുഷ്ടിപ്പെടാം. സുഖഭോഗങ്ങൾ ഉണ്ടാവും. നറുക്കെടുപ്പ്, ചിട്ടി മുതലായവയിലൂടെ ധനാഗമമുണ്ടാവാം. ശനി പതിനൊന്നാം ഭാവത്തിൽ തുടരുകയാൽ പൂർവ്വിക സ്വത്തുക്കളിൽ നിന്നും ആദായം ഭവിക്കുന്നതാണ്. ഗവേഷകർക്ക് പ്രബന്ധരചനയിൽ മുന്നേറാനാവും. വചോവിലാസത്താൽ ബഹുമതി നേടുന്നതാണ്. മുഖാഭരണങ്ങൾ, പുതിയ കണ്ണട ഇവ വാങ്ങിയേക്കാം. ആദിത്യൻ്റെ അഷ്ടമ ഭാവസ്ഥിതിയാൽ ഔദ്യോഗികമായി ചില തടസ്സങ്ങളുണ്ടാവാൻ സാധ്യത കാണുന്നു. മേലധികാരികൾ പ്രതികൂലമായ റിപ്പോർട്ടുകൾ നൽകിയേക്കാം. നാലാമെടത്തിലെ നീചം ഭവിച്ച ചൊവ്വ ഗാർഹികസൗഖ്യത്തിൽ ഭംഗമുണ്ടാക്കാം. വാഹനം ഉപയോഗിക്കുന്നതിൽ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതുണ്ട്.

കാർത്തിക

മേടക്കൂറുകാരായ കാർത്തിക നാളുകാർക്ക് ആദിത്യൻ എട്ടിലും ഇടവക്കൂറുകാരായ കാർത്തിക നാളുകാർക്ക് ആദിത്യൻ ഏഴിലും സഞ്ചരിക്കുകയാൽ തൊഴിൽ രംഗത്ത് പലതരം സമ്മർദ്ദങ്ങൾ വരാവുന്നതാണ്. പുനരാവൃത്തികൊണ്ടാവാം ദൗത്യം പൂർത്തീകരിക്കാനോ വിജയിക്കാനോ കഴിയുക. രാഷ്ട്രീയ പ്രവർത്തകർ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടതായി വരും. കാലഹരണപ്പെട്ട ആശയങ്ങളാണ് കൊണ്ടുനടക്കുന്നതെന്ന ആരോപണം കുടുംബത്തിൽ നിന്നുതന്നെ ഉയരും. കലാപരമായിട്ടുള്ള പരിശീലനത്തിനും പ്രകടനത്തിനും അവസരം ലഭിക്കും. ഇടവക്കൂറുകാർക്ക് വസ്തുവാങ്ങാനോ വിൽക്കാനോ സാധിക്കുന്നതാണ്. ഇടപാടുകളിൽ ലാഭം പ്രതീക്ഷിക്കാം. സഹോദരരുമായി ചേർന്നുനടത്തുന്ന സംരംഭങ്ങൾക്ക് പുരോഗതി വരുന്നതാണ്. മേടക്കൂറുകാർക്ക് മനക്ലേശം, സുഹൃൽ ബന്ധങ്ങളിൽ വിള്ളൽ എന്നിവ സാധ്യതകളാണ്.

രോഹിണി

ബിസിനസ്സ് യാത്രകൾ കുറച്ചധികം വേണ്ടിവന്നേക്കും. ഉദ്യോഗസ്ഥർക്ക് കാത്തിരുന്ന സ്ഥലം മാറ്റ ഉത്തരവ് നീണ്ടുപോയേക്കാം. കൂട്ടുകച്ചവടത്തിൽ മടിയോ നിരുന്മേഷതയോ ഭവിക്കാനിടയുണ്ട്. പ്രണയികൾക്ക് വിഘ്നങ്ങളെ മറികടക്കേണ്ടി വരുന്നതായിരിക്കും. വിവാഹിതർക്ക് ദാമ്പത്യസൗഖ്യത്തിന് അനുരഞ്ജനം അനിവാര്യമാണ്. സഹോദര ഗുണം ഉള്ള കാലമാണെന്നത് പല നിലയ്ക്കും പ്രയോജനകരമാവും. സഹായിക്കാനും പിന്തുണയ്ക്കാനും ബന്ധുമിത്രാദികൾ മുന്നോട്ടു വരുന്നതാണ്. കടബാധ്യതയുടെ കെണിയിൽ നിന്നും രക്ഷനേടാനായേക്കും. പ്രധാന തീരുമാനങ്ങൾ ശരിയായ ആലോചനയിലൂടെ വേണം കൈക്കൊള്ളുവാൻ. ജന്മരാശിയിലെ വ്യാഴം മാസമധ്യത്തിൽ ജന്മനക്ഷത്രത്തിൽ വക്രഗതിയായി പ്രവേശിക്കുകയാൽ ആരോഗ്യപരമായി ശ്രദ്ധയുണ്ടാവണം.

മകയിരം

ഇടവക്കൂറുകാർക്ക് സമ്മിശ്രഫലങ്ങളാവും. സ്വന്തമായി പണം മുടക്കി ചെയ്യുന്ന ജോലികളിൽ ഉന്നതി കുറയുന്നതാണ്. ഉദ്യോഗസ്ഥർക്ക് പ്രതീക്ഷിച്ച പദവികൾ ലഭിച്ചേക്കില്ല. മിഥുനക്കൂറുകാർക്ക് നേട്ടങ്ങൾ വർദ്ധിക്കുന്നതാണ്. തൊഴിൽ രംഗത്ത് മത്സരം ഒഴിവാകും. സർക്കാരിൽ നിന്നോ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ഉള്ള കരാറുകൾ ലഭിച്ചേക്കും. സമ്മർദ്ദം കുറയുന്നതിനാൽ ആശ്വാസം അനുഭവപ്പെടും. സ്വന്തം അപ്രമാദിത്വം ബോധ്യപ്പെടുത്തും. പഴയ സുഹൃത്തുക്കളെ കാണുവാനുള്ള സന്ദർഭം സംജാതമാവുന്നതാണ്. ഇടവക്കൂറുകാർക്ക് ചൊവ്വയുടെ ആനുകൂല്യം ഉള്ളതിനാൽ വസ്തു, വീട് ഇവ സംബന്ധിച്ച നേട്ടങ്ങൾ പ്രതീക്ഷിക്കാം. മിഥുനക്കൂറുകാർ പരുക്കൻ സംഭാഷണത്തിലൂടെ ഉറ്റവരെപ്പോലും ശത്രുക്കളാക്കും.

തിരുവാതിര

ആദിത്യൻ്റെ ആറാം ഭാവസ്ഥിതി അനുകൂലമാണ്. ഔദ്യോഗികമായി പുഷ്കലതയുണ്ടാവും. മുൻപ് പരിശ്രമിച്ചിട്ടും നേടാതെ പോയ സ്ഥാനോന്നതിയും മറ്റും ഇപ്പോൾ നേടാനാവും. വ്യാപാരരംഗം ഉന്മേഷമുള്ളതായി മാറുന്നതാണ്. ഉപഭോക്താക്കളുടെ പ്രീതി ഭവിക്കും. പൊതു പ്രവർത്തനത്തിൽ ആദരവുയരുന്നതാണ്. സംഭാഷണത്തിൽ ശ്രദ്ധ വേണം. രണ്ടിലെ ചൊവ്വ പരുഷവാക്കുകൾ പറയാൻ ഇടവരുത്തും. ബുധൻ്റെ സ്ഥിതി അനുകൂലമാകയാൽ കാര്യാലോചനകളിൽ ശോഭിക്കും. ബുദ്ധിപരമായ തീരുമാനം കൈക്കൊള്ളും. ക്ഷേത്രകാര്യങ്ങൾ, മക്കളുടെ പഠനം, ജീവകാരുണ്യം മുതലായ വിഷയങ്ങളിൽ ചെലവേർപ്പെടുന്നതാണ്. ദാമ്പത്യത്തിൽ ഇണക്കവും പിണക്കവും ആവർത്തിക്കും. പാരമ്പര്യസ്വത്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ വരവും ചെലവും എഴുതി സൂക്ഷിക്കണം.

പുണർതം

പ്രവർത്തന മേഖലയിൽ മികവ് പുലർത്തുന്നതാണ്. തൊഴിൽ നഷ്ടപ്പെട്ടവർക്ക് വീണ്ടും ജോലിയിൽ പ്രവേശിക്കാനാവും. കുടുംബത്തിൻ്റെ പുരോഗതിക്കായി കൂടുതൽ നേരം ജോലി ചെയ്യുന്നതാണ്. കൂടാതെ ഉപതൊഴിലുകളിൽ ഏർപ്പെടാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനവൈകല്യത്തിൽ നിന്നും രക്ഷ കിട്ടും. പുതിയ കോഴ്സുകൾക്ക് ആവശ്യമായ മുന്നൊരുക്കം നടത്തുന്നതാണ്. കരാറു പണികളിൽ ലാഭം കിട്ടിത്തുടങ്ങും. സർക്കാരിൽ നിന്നും അനുമതിപത്രം ലഭിച്ചേക്കും. പ്രണയികൾക്ക് തടസ്സങ്ങളെ അതിജീവിക്കേണ്ടി വന്നേക്കാം. കുടുംബ ജീവിതത്തിൽ സ്വാസ്ഥ്യത്തിന് അനുരജ്നം അനിവാര്യമാണ്. മനസ്സിൽ ചാരിതാർത്ഥ്യം അനുഭവപ്പെടുന്ന കാര്യങ്ങൾക്കായി പണച്ചെലവ് വരാനിടയുണ്ട്.

See also  ഇന്നത്തെ നക്ഷത്രഫലം

പൂയം

വ്യാഴം അനുകൂല നിലയിലാകയാൽ സ്വാഭാവികമായും ചില നേട്ടങ്ങൾ വന്നുചേരും. സാമ്പത്തികമായി മെച്ചപ്പെടുന്നതാണ്. സദസ്സുകളിൽ അംഗീകാരം കിട്ടും. അനുയായികൾ ആജ്ഞാനുവർത്തികളാവുന്നതാണ്. ആദിത്യൻ അഞ്ചാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ നിഷ്പ്രയോജനമായ ചിന്തകൾ വർദ്ധിക്കും. അനാവശ്യ യത്നങ്ങൾ ഉണ്ടാവുന്നതാണ്. ഔദ്യോഗിക യാത്രകൾ സഫലമാവണമെന്നില്ല. ജന്മരാശിയിൽ, വിശേഷിച്ചും പൂയം നക്ഷത്രത്തിൽ കുജൻ / ചൊവ്വ സഞ്ചരിക്കുന്നത് ദോഷപ്രദമാണ്. വികാരവിക്ഷോഭം ഉണ്ടാകും. ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കാൻ കഴി ത്തേക്കില്ല. ദുഷ്പ്രേരണകൾ വരാം. പ്രാർത്ഥനകളിലൂടെ മനശ്ശാന്തി നേടണം. ഗാർഹിക ജീവിതത്തിൽ സംതൃപ്തി കുറയും. ഗവേഷണത്തിൽ തടസ്സങ്ങൾ വരാം.

ആയില്യം

ആത്മവിശ്വാസം കുറയില്ല. ഉദ്യോഗസ്ഥർ ചുമതലകൾ ഭംഗിയായി പൂർത്തീകരിക്കും. നിലവിലെ സാഹചര്യങ്ങളോട് പൂർണ തൃപ്തിയുണ്ടാവില്ല. ജോലിയിൽ സ്ഥലംമാറ്റം ഉണ്ടാവാതിരിക്കാൻ രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നതാണ്. ഏജൻസി പ്രവർത്തനം, ഡീലർഷിപ്പ് തുടങ്ങിയവ ലാഭകരമാവും. സാമ്പത്തികമായി ക്ലേശകരമായ സാഹചര്യം വരില്ല. നിക്ഷേപങ്ങൾ നടത്തും മുൻപ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം തേടുന്നത് ഉചിതമാവും. ചിന്താശക്തി പിന്നിലേക്ക് പോകും. വൈകാരികത മുന്നിലേക്കുവരും. ആകയാൽ ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. വ്യവഹാരങ്ങൾക്ക് മുതിരരുത്. കലാപ്രവർത്തനം ആശാസ്യമാവില്ല. അവസരങ്ങൾ നീങ്ങിപ്പോയേക്കും. ജീവിതശൈലി രോഗങ്ങൾക്ക് മുൻകരുതൽ വേണം.

മകം

സമൂഹത്തിൽ നിന്നും ആദരവും തൊഴിൽപരമായ മാന്യതയും ലഭിക്കുന്നതാണ്. സുഹൃത്തുക്കളുമായി ചേർന്ന് പങ്കാളിത്ത വ്യവസ്ഥയോടുകൂടി പുതുസംരംഭങ്ങൾക്ക് തുടക്കം കുറിച്ചേക്കും. മത്സരങ്ങൾക്കും അഭിമുഖങ്ങൾക്കും തയ്യാറെടുപ്പ് നടത്തും. തൊഴിലന്വേഷകർക്ക് ചെറിയ വരുമാനം കൊണ്ട് തത്കാലം തൃപ്തിപ്പെടേണ്ടി വരുന്നതാണ്. സാഹിത്യകാരന്മാരുടെ ഭാവനാവിലാസം നിറഞ്ഞ രചനകൾ സഹൃദയ പ്രശംസ നേടുന്നതായിരിക്കും. അനിവാര്യമായ യാത്രകൾ മൂലം ദേഹക്ലേശം ഭവിക്കും. പിരിഞ്ഞുകിട്ടാനുള്ള തുക മുഴുവനായും കിട്ടിയേക്കില്ല. സ്വാശ്രയ വ്യാപാരത്തിൽ പ്രതീക്ഷിച്ചതിലുമധികം സമ്മർദ്ദം ഉണ്ടാവും. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ മാധ്യസ്ഥർ മുഖേന പരിഹരിക്കും. വീടിൻ്റെ അറ്റകുറ്റപ്പണിക്കായി പ്രതീക്ഷിച്ചതിലും ചെലവ് വന്നുചേരും.

പൂരം

യുക്തിപൂർവ്വം ചിന്തിക്കുകയും പെരുമാറുകയും ചെയ്യും. ബന്ധങ്ങൾ നിലനിർത്തുന്നതിലും പോഷിപ്പിക്കുന്നതിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നതാണ്. പുതുസംരംഭങ്ങൾ തുടങ്ങുന്നതിനും വലിയതോതിലുള്ള മുതൽമുടക്കിനും ഇപ്പോൾ ഗ്രഹാനുകൂല്യം വേണ്ടത്ര ഇല്ലെന്നത് ഓർമ്മയിലുണ്ടാവണം. നിലവിലെ തൊഴിൽ തുടരുന്നതാവും കരണീയം. അതുപേക്ഷിച്ചാൽ പുതുജോലി ഉടൻ തന്നെ കിട്ടിക്കൊള്ളണമെന്നില്ല. ന്യായമായ ആവശ്യങ്ങൾ ഒരുവിധം ഭംഗിയായി നിറവേറപ്പെടും. സാമ്പത്തിക മാനേജ്മെൻ്റിൽ കരുതൽ വേണം. പന്ത്രണ്ടാം ഭാവത്തിലെ ചൊവ്വ ദുർവ്യയങ്ങൾക്ക് കാരണമായേക്കും. പൊതുപ്രവർത്തനത്തിൽ വെല്ലുവിളികൾ ഉയരാം. അതിനെ തമസ്കരിക്കുകയാവും ഉചിതമായ കാര്യം. പഞ്ചമ ഭാവത്തിലെ ശുക്രൻ ഭാവന വികസിക്കാനും സൃഷ്ട്യുന്മുഖതയ്ക്കും വഴിതെളിക്കുന്നതാണ്.

ഉത്രം

അനുകൂലതകൾ ഏറെയുണ്ട്, വിശേഷിച്ചും കന്നിക്കൂറുകാർക്ക്. ചിങ്ങക്കൂറുകാർ നിലവിലെ തൊഴിലിൽ ശുഷ്കാന്തിയോടെ മുഴുകേണ്ട സാഹചര്യമാണുള്ളത്. അശ്രദ്ധക്ക് വില കൊടുക്കേണ്ടിവരും. പുതുപ്രസ്ഥാനങ്ങൾ സമ്മർദ്ദങ്ങൾ സൃഷ്ടിച്ചേക്കാം. കരാറുകളിൽ ഏർപ്പെടുന്നതിനു മുൻപ് അതിൻ്റെ വ്യവസ്ഥകൾ അറിഞ്ഞിരിക്കുക ഉചിതമായിരിക്കും. കാര്യസാധ്യത്തിന് അലച്ചിൽ വരാം. ചിലർക്ക് വീടുവിട്ടു നിൽക്കേണ്ട സാഹചര്യം വരാവുന്നതാണ്. കന്നിക്കൂറുകാർക്ക് ഔദ്യോഗിക രംഗത്ത് ശോഭിക്കാനാവും. ഗാർഹികമായി സമാധാനം പുലരും. വാഹനം വാങ്ങാൻ സാധിച്ചേക്കും. എന്നാൽ കേതു ജന്മനക്ഷത്രത്തിൽ പ്രവേശിച്ചതിനാൽ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാൻ പ്രേരണയുണ്ടാവാം.

അത്തം

കഴിഞ്ഞ രണ്ടുമാസങ്ങൾക്കു ശേഷം ആദിത്യൻ അനുകൂല ഭാവത്തിൽ സഞ്ചരിക്കുകയാണ്. അതിനാൽത്തന്നെ ഔദ്യോഗികരംഗത്ത് ഗുണപരമായ മാറ്റം പ്രതിഫലിക്കും. എട്ടുമാസത്തോളമായി ജന്മനക്ഷത്രത്തിൽ സഞ്ചരിച്ച കേതു അവിടെ നിന്നും നിഷ്ക്രമിക്കുന്നതും പ്രയോജനമുള്ള ഫലങ്ങൾ സൃഷ്ടിക്കാം. മനസ്സ് ഏകാഗ്രമാകും. പഠനം, ഗവേഷണം, ശാസ്ത്രീയ കർമ്മങ്ങൾ ഇവയിൽ മുഴുകുന്നതിന് സാഹചര്യം സഹായകമാണ്. ഭൂമി സംബന്ധമായ കാര്യങ്ങളിലെ വിഘ്നം നീങ്ങി പരിശ്രമം വിജയത്തിലെത്തും. നവോന്മേഷം എല്ലാ രംഗത്തും ദൃശ്യമാകുന്നതാണ്. ഇച്ഛാജ്ഞാനക്രിയകളെ ക്ലേശം കൂടാതെ തന്നെ ഏകോപിപ്പിക്കാൻ സാധിച്ചേക്കും. സാമ്പത്തിക സ്ഥിതി മോശമാവില്ല. വരുമാന സ്രോതസ്സുകൾ പുഷ്ടിപ്പെടുന്നതാണ്. കർമ്മരംഗത്തെ എതിർപ്പുകളെ നേരിടാനും ആധിപത്യം സ്ഥാപിക്കാനുമാവും.

ചിത്തിര

നക്ഷത്രനാഥനായ ചൊവ്വ നീചസ്ഥിതിയിൽ തുടരുന്നതിനാൽ ആത്മസംഘർഷങ്ങളുണ്ടാവും. പ്രതീക്ഷിച്ച നേട്ടം ‘കപ്പിനും ചുണ്ടിനുമിടയിൽ’ നഷ്ടമാകുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനത്തെ ഫലപ്രദമായി ചെറുക്കാൻ കഴിയാതെ വരുന്നതാണ്. ഭൂമി സംബന്ധിച്ച വ്യവഹാരം നീളാം. കന്നിക്കൂറുകാരായ ചിത്തിര നാളുകാർക്ക് ചില നേട്ടങ്ങൾ കരഗതമാവും. പുതിയ തൊഴിൽ തേടുന്നവർക്ക് അവസരം ലഭിക്കാം. സാമ്പത്തിക ഞെരുക്കത്തിന് അല്പം അയവുണ്ടാവാം. മേലധികാരികളുടെ മനുഷ്യത്വപൂർണമായ സമീപനം ആശ്വാസമേകുന്നതാണ്. വിദ്യാഭ്യാസത്തിൽ കൂടുതൽ ഏകാഗ്രത വരുന്നതായിരിക്കും. തുലാക്കൂറുകാർക്ക് ദുരാരോപണങ്ങളെ നേരിടേണ്ടിവരും. കരുതിയതിലും ചെലവ് ഏർപ്പെടാം. രാഷ്ട്രീയമായ ബലാബലത്തിൽ പരാജയ ഭീതിയുണ്ടാവും.

See also  ഇന്നത്തെ നക്ഷത്രഫലം

ചോതി

അഷ്ടമത്തിൽ വ്യാഴം സഞ്ചരിക്കുന്നത് പൊതുവേ ഗുണകരമല്ല. ബുധൻ രണ്ടാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ പാണ്ഡിത്യദ്യോതകമാംവിധം സംസാരിക്കും. പല വിഷയങ്ങളിൽ താത്പര്യമേറുന്നതാണ്. പ്രധാന തൊഴിലിനോടൊപ്പം ഉപതൊഴിലിലും ഏർപ്പെടും. സംഘടനാ തെരഞ്ഞെടുപ്പിൽ പരാജയം വരാനിടയുണ്ട്. നിലപാടുകൾ വലിയ തോതിൽ വിമർശന വിധേയമാവുന്നതാണ്. സ്ത്രീകളുടെ നിർലോഭമായ പിന്തുണ കിട്ടാം. പൊതുവേ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹകരണം പ്രതീക്ഷിക്കാവുന്ന കാലമാണ്. വരവ് കുറയില്ല; എന്നാൽ ചെലവിനങ്ങളിൽ നിയന്ത്രണം വരുത്തുന്നത് നല്ലതായിരിക്കും. ആവർത്തിത ശ്രമങ്ങളിലൂടെയാവും ദൗത്യം പൂർത്തിയാക്കുവാൻ കഴിയുന്നത്. ആത്മീയ സാധനകൾ സഫലമാവുന്നതാണ്. ഗൃഹനിർമ്മാണത്തിന് പ്രാരംഭം കുറിക്കും.

വിശാഖം

തുലാക്കൂറുകാർക്ക് ആദിത്യൻ രണ്ടിലും വൃശ്ചികക്കൂറുകാർക്ക് ആദിത്യൻ പന്ത്രണ്ടിലും സഞ്ചരിക്കുകയാൽ സമ്മിശ്ര ഫലങ്ങളാവും പൊതുവേ ഭവിക്കുക. വൃശ്ചികക്കൂറുകാർക്ക് വ്യാഴനും കേതുവും ശുക്രനും അനുകൂലരാവുകയാൽ മനസ്സമാധാനവും നേട്ടങ്ങളുമുണ്ടാവും. ലക്ഷ്യപ്രാപ്തിക്ക് നിരന്തര പ്രയത്നം അനിവാര്യമാണെന്നത് ഓർമ്മയിലുണ്ടാവണം. വിശ്വസിക്കുന്നവർ തിരികെ ആ നിലയ്ക്ക് പെരുമാറണമെന്നില്ല. സ്വകാര്യ രഹസ്യങ്ങൾ അടുത്ത സുഹൃത്തുക്കളോടു പോലും പരസ്യപ്പെടുത്തരുത്. കരാർ പണികളിൽ നിന്നും വാഗ്ദാനം ചെയ്ത പ്രതിഫലം കിട്ടിയേക്കില്ല. ഊഹക്കച്ചവടത്തിൽ ജാഗ്രത വേണം. ഓൺലൈൻ ഗെയിമുകളിൽ അമളി വരാനിടയുണ്ട്. കുടുംബത്തിൻ്റെ പിന്തുണ ശക്തമായിരിക്കും. ജോലിമാറ്റത്തിന് തൽകാലം മുതിരാതിരിക്കുക ഉത്തമമാണ്.

അനിഴം

നക്ഷത്രനാഥനായ ശനി വക്രത്തിൽ നിന്നും നേർഗതിയിൽ സഞ്ചരിക്കുന്നത് ഗുണപരമായ പലതരം മാറ്റങ്ങൾക്ക് കാരണമാവും. തൊഴിൽ രംഗത്ത് അനുഭവപ്പെട്ട ആശയക്കുഴപ്പം നീങ്ങുന്നതായിരിക്കും. പുതുകാര്യങ്ങൾ തുടങ്ങാൻ സാഹചര്യം ഒത്തുവരുന്നതാണ്. ചീത്തക്കൂട്ടുകെട്ടുകളിൽ നിന്നും പിൻവാങ്ങും. ന്യായമായ വരുമാനം വന്നുചേരും. ചെലവ് നിയന്ത്രിക്കാൻ കഴിയുന്നതാണ്. വാഹനം അറ്റകുറ്റപ്പണി കഴിഞ്ഞ് പുറത്തിറക്കും. തടസ്സപ്പെട്ട ഗൃഹനിർമ്മാണം പുനരാരംഭിക്കാനാവും.കൂട്ടുകച്ചവടത്തിൽ വളർച്ച പ്രകടമായി തുടങ്ങുന്നതാണ്. വിദേശ വിദ്യാഭ്യാസത്തിനുള്ള പര്യാലോചനകൾക്ക് നല്ല പരിസമാപ്തി വരുന്നതായിരിക്കും. ജന്മനാട്ടിലെ ക്ഷേത്രാഘോഷങ്ങളുടെ നടത്തിപ്പിൽ മുഖ്യപങ്കുവഹിക്കും. ജന്മരാശിയിൽ ആദിത്യൻ സഞ്ചരിക്കുന്നതിനാൽ അലച്ചിലിന് സാധ്യത കാണുന്നു.

തൃക്കേട്ട

ബുധൻ്റെയും ആദിത്യൻ്റെയും ജന്മരാശി സഞ്ചാരം അത്രയധികമൊന്നും ഗുണകരമാവില്ല. ഉദ്ദേശിച്ച കാര്യം പൂർത്തീകരിക്കാൻ പുനർ ശ്രമങ്ങൾ ആവശ്യമായി വരുന്നതായിരിക്കും. ദേഹക്ലേശത്തിന് സാധ്യതയുണ്ട്. കരുതൽ ധനം കൂടുതൽ ചെലവാകാം. ഉപരിവിദ്യാഭ്യാസ കാര്യത്തിൽ ചില നല്ല തീരുമാനങ്ങൾ കൈക്കൊള്ളുന്നതായിരിക്കും. പഴയ വീട് പുതുക്കിപ്പണിയുവാൻ ആരംഭിക്കും. ജോലിമാറുന്നതിന് ഗ്രഹാനുകൂല്യം ഇല്ലാത്ത സമയമാണ്. പാർട്ണർഷിപ്പിലൂടെ ചെയ്യുന്ന തൊഴിലിൽ വിജയിക്കാനാവും. രഹസ്യ ഇടപാടുകൾ ലാഭകരമാവുന്നതാണ്. ശുക്രൻ്റെ ഇഷ്ടഭാവസ്ഥിതി മൂലം പ്രണയികൾക്ക് തടസ്സങ്ങളെ മറികടക്കാൻ സാധിച്ചേക്കും. ബൗദ്ധികമായ കാര്യങ്ങളിലും കലാരംഗത്തും ശോഭിക്കാനാവും. ഉപാസനകൾക്കും സാധനകൾക്കും നേരം കണ്ടെത്തുന്നതാണ്.

മൂലം

ആദിത്യൻ പന്ത്രണ്ടിൽ സഞ്ചരിക്കുന്നു. ചൊവ്വ അഷ്ടമസ്ഥിതിയിൽ. ചിന്തിച്ചും ശ്രദ്ധാപൂർവ്വവും വേണം തീരുമാനങ്ങൾ കൈക്കൊള്ളാൻ. അവ പ്രായോഗികമാക്കുന്നതിൽ തടസ്സങ്ങൾ വരാം. കർമ്മമണ്ഡലം സുഖകരമാവില്ല. രഹസ്യ ശത്രുക്കൾ ഉള്ളതായി അനുഭവപ്പെടും. അദ്ധ്വാനം വിഫലയത്നമായി മാറുന്ന സന്ദർഭങ്ങളും ഉണ്ടായേക്കും. ജന്മത്തിൽ ശുക്രൻ സഞ്ചരിക്കുകയാൽ ചെറുപ്പക്കാർക്ക് പ്രണയാനുഭവം ഭവിക്കാം. കുടുംബ ജീവിതത്തിൽ കുറച്ചൊക്കെ സ്വസ്ഥത വന്നു ചേരും. വയോജനങ്ങളെ പരിപാലിക്കുന്നതിലൂടെ ലഭിക്കുന്നതായ മാനസിക സംതൃപ്തി അവാച്യമായിരിക്കും. കടബാധ്യതകൾ ഭാഗികമായെങ്കിലും തീർക്കേണ്ടതായ സാഹചര്യം വരും. സ്വർണപ്പണയത്തിലൂടെ താൽക്കാലികമായ ആശ്വാസം കണ്ടെത്തുന്നതാണ്.

പൂരാടം

പതിനൊന്നിൽ നിന്നും ആദിത്യൻ പന്ത്രണ്ടാം ഭാവത്തിൽ സഞ്ചരിക്കുന്നു. മുൻപ് സുഗമതയുണ്ടായിരുന്ന കാര്യങ്ങൾ അല്പം ദുർഘടമായി അനുഭവപ്പെടുന്നതായിരിക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ടതായ രേഖകളും അനുമതികളും ആവർത്തിത ശ്രമങ്ങളിലൂടെയാവും നേടാനാവുക. ജന്മാരാശിയിലെ ശുക്രസ്ഥിതിയാൽ ദാമ്പത്യത്തിൽ ഭോഗസുഖം ഭവിക്കുന്നതാണ്. വസ്തുതർക്കങ്ങൾ ഉടലെടുക്കാം. വൈകാരിക പ്രതികരണം ദോഷം ചെയ്തേക്കും. വിദ്യാർത്ഥികൾക്ക് പഠനച്ചെലവ് ഏറുന്നതാണ്. വിദേശത്ത് പോകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാവും. നാട്ടിലേക്ക് വരാൻ കാത്തിരിക്കുന്നവർക്ക് തടസ്സങ്ങൾ വരാം. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയിൽ പുതുചികിൽസ മൂലം ഗുണപരമായ മാറ്റം പ്രകടമാവുന്നതാണ്. സ്വന്തം ആരോഗ്യ പരിശോധനകളിൽ അമാന്തം ഒഴിവാക്കേണ്ടതുണ്ട്.

ഉത്രാടം

ധനുക്കൂറുകാരായ ഉത്രാടം നാളുകാർക്ക് ശരാശരി ഫലങ്ങളാവും. നേട്ടങ്ങൾ വിയർത്ത് നേടേണ്ടിവരും. അധികാരികളും സഹപ്രവർത്തകരും എതിർപക്ഷത്ത് നിലയുറപ്പിച്ചേക്കാം. നിരന്തര പ്രയത്നം വിജയകാരണമാകും. സുഖഭോഗങ്ങൾ ശരീരമനസ്സുകൾക്ക് ഉണർവും സന്തുഷ്ടിയുമേകും. മകരക്കൂറുകാരായ ഉത്രാടം നാളുകാർക്ക് വിജയം കുറെക്കൂടി എളുപ്പമാവും. സഹജസിദ്ധികൾ തിരിച്ചറിയാനും പ്രയോഗിക്കാനും അവസരം സംജാതമാകുന്നതാണ്. ഇഷ്ടവസ്തുക്കൾ സമ്മാനിക്കപ്പെടും. പൊതുവേ നക്ഷത്രനാഥനായ ആദിത്യന് നീചം കഴിഞ്ഞതിനാൽ വൈകിയാലും പല ആഗ്രഹങ്ങളും ഫലവത്താകും. വലിയ മുതൽമുടക്കിനു പകരം ചെറുസംരംഭങ്ങൾ ആവും നേട്ടം തരിക. വസ്തു വ്യാപാരത്തിൽ ജാഗ്രത വേണം. അമിതമായ ആത്മവിശ്വാസം ദോഷം ചെയ്തേക്കും.

See also  ഇന്നത്തെ നക്ഷത്രഫലം

തിരുവോണം

ആദിത്യൻ പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുന്നത് കർമ്മരംഗത്തെ പുഷ്ടിപ്പെടുത്തും. സ്വതന്ത്ര ചുമതലകൾ ലഭിക്കുന്നതാണ്. വിഭിന്ന സ്ഥലത്ത് ജോലി ചെയ്യുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒരുമിച്ച് കഴിയത്തക്കവിധം സ്ഥലംമാറ്റം ഭവിക്കും. പുതിയ തൊഴിലിനായുള്ള അന്വേഷണം വൃഥാവിലാവില്ല. വിദേശത്ത് വിസാ പ്രശ്നം പോലുള്ളവ അനുഭവിക്കുന്നവർക്ക് ചില പോംവഴികൾ തെളിയുന്നതാണ്. ചെറുകിടസംരംഭകർക്ക് വായ്പ ലഭിച്ചേക്കാം. താൽകാലികമായ ആശ്വാസവും തൊഴിൽ വിപുലീകരണവും സാധ്യമാകുന്നതാണ്. പന്ത്രണ്ടിലെ ശുക്രസ്ഥിതി ആഢംബരച്ചെലവുകളെ സൂചിപ്പിക്കുന്നു. രാശിനാഥനായ ശനിക്ക് വക്രം തീർന്ന് നേർഗതി വരുന്നത് ആശ്വാസമുള്ള കാര്യമാണ്. മുടങ്ങിക്കിടന്ന പ്രവർത്തനങ്ങൾക്ക് ജീവൻവെക്കും. ആരോഗ്യപരമായി ശ്രദ്ധ വേണ്ടതുണ്ട്.

അവിട്ടം

മകരക്കൂറുകാർക്ക് ആദിത്യൻ പതിനൊന്നിലും കുംഭക്കൂറുകാർക്ക് പത്തിലുമാണ് സഞ്ചരിക്കുന്നത്. അനുഭവങ്ങൾ ഗുണപ്രദമായി വരുന്നതാണ്. ഉദ്യമങ്ങൾക്ക് തടസ്സം ഉണ്ടാവില്ല. പൊതുപ്രവർത്തകർക്ക് സമൂഹമധ്യത്തിൽ സമാദരണീയത ഭവിച്ചേക്കും. പിതൃ-പുത്രബന്ധം രമ്യമാവുന്നതാണ്. കുംഭക്കൂറുകാർക്ക് ഭൗതിക നേട്ടങ്ങൾ വർദ്ധിക്കും. മുന്തിയ ആടയാഭരണാദികൾ പാരിതോഷികമായി ലഭിക്കാം. എന്നാൽ ഇക്കാര്യത്തിൽ മകരക്കൂറുകാർക്ക് ചെലവേറുന്നതാണ്. വസ്തു വിൽപ്പനയിൽ കുംഭക്കൂറുകാർക്ക് വലിയ ലാഭം കിട്ടാം. മകരക്കൂറുകാരുടെ ദാമ്പത്യത്തിൽ ചൊവ്വയുടെ അനിഷ്ടസ്ഥിതിയാൽ കലഹങ്ങൾ സ്വൈരം കെടുത്താനിടയുണ്ട്. അവിട്ടം 3,4 പാദങ്ങളിൽ ജനിച്ചവർക്ക് ശത്രുവിജയം പ്രതീക്ഷിക്കാം. അവിട്ടം 1,2 പാദക്കാർക്ക് ദുരാരോപണങ്ങളെ നേരിടേണ്ടി വന്നേക്കും.

ചതയം

പ്രവർത്തന മണ്ഡലത്തിൽ കലോചിതമായ മാറ്റം വരുത്തും. സ്വയം മാറാനുള്ള ശ്രമവും ഫലിക്കുന്നതാണ്. തടസ്സങ്ങളിൽ തളരില്ല. എതിരാളികളോട് പ്രത്യക്ഷവും പരോക്ഷവുമായ സമരം നടത്തുന്നതാണ്. ഗാർഹികമായി സ്ഥിതിഗതികൾ മെച്ചപ്പെട്ടേക്കും. സുഖഭോഗങ്ങൾക്ക് സാഹചര്യം വന്നെത്തും. ജന്മനക്ഷത്രത്തിൽ ശനിക്ക് വക്രഗതി മാറി നേർഗതിയുണ്ടാവുന്നത് ഏറ്റവും ആശാസ്യമാണ്. മകനു വേണ്ടി പുതിയ വാഹനം വാങ്ങാൻ സാധിക്കും. സാങ്കേതിക വിഷയങ്ങളിൽ അറിവു നേടാൻ ആത്മാർത്ഥമായ പരിശ്രമം നടത്തും. കച്ചവടം നടത്തുന്നവർ ഉപഭോക്താക്കളുടെ പ്രീതിനേടുന്നതാണ്. വയോജനങ്ങൾ അന്യദിക്കിലുള്ള മകളുടെ വീട്ടിലേക്ക് താൽകാലികമായി മാറിത്താമസിക്കും.

പൂരൂരുട്ടാതി

കുംഭക്കൂറുകാരായ പൂരൂരുട്ടാതിക്കാർക്ക് പലതരം നേട്ടങ്ങളുണ്ടാകുന്ന കാലയളവാണ്. പല കാര്യങ്ങളിലും അനുഭവപ്പെട്ടിരുന്ന സന്ദിഗ്ദ്ധത നീങ്ങും. കരണീയ കർമ്മങ്ങളെക്കുറിച്ച് വ്യക്തതയുണ്ടാവുന്നതാണ്. ക്രിയാകുശലത അംഗീകരിക്കപ്പെടും. ബിസിനസ്സിൻ്റെ പ്രാരംഭവശങ്ങളെല്ലാം ചിന്തിക്കുന്നതാണ്. ധനാഗമ മാർഗങ്ങളിലെ തടസ്സങ്ങൾ നീങ്ങും. വിൽക്കാതെ കിടക്കുന്ന വസ്തു വിൽക്കുന്നതിന് ഏറെ സാധ്യതയുണ്ട്. രാഷ്ട്രീയ വിരോധികളെ മറുതന്ത്രം പയറ്റി ചെറുക്കാനാവും. മുൻപിൻ നക്ഷത്രങ്ങളിൽ ശനിയും രാഹുവും തുടരുന്നത് സമ്മർദ്ദങ്ങൾക്ക് വഴിവെച്ചേക്കും. മീനക്കൂറുകാർക്ക് ചെറിയ നേട്ടങ്ങൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നതാണ്. അനാവശ്യമായ ഉൽക്കണ്ഠകൾ ഒഴിവാക്കേണ്ടതുണ്ട്.

ഉത്രട്ടാതി

സാമാന്യമായ നേട്ടങ്ങൾ ഉണ്ടാകാം. ആദിത്യൻ അഷ്ടമത്തിൽ നിന്നും മാറുന്നത് കുറച്ചൊക്കെ ഗുണകരമാണ്. നക്ഷത്രനാഥനായ ശനി വക്രഗതിയിൽ നിന്നും മാസാരംഭത്തിൽ തന്നെ നേർഗതിയിലേക്ക് കടക്കുന്നതും ജീവിതത്തിൽ ഗുണഫലങ്ങൾ സൃഷ്ടിച്ചേക്കും. ഉദ്യോഗത്തിലെ തടസ്സങ്ങൾ മാറും. ഉയർച്ചക്ക് സാഹചര്യം അനുകൂലമാവും. ബിസിനസ്സുകാർക്ക് സീസണനുസരിച്ചുള്ള വ്യാപാരത്തിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. ശാഠ്യശീലത്താൽ
ചില തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുത്താനിടയുണ്ടെന്നത് പ്രസ്താവ്യമാണ്. അക്കാര്യത്തിൽ കരുതൽ വേണം. ചിലരുടെ ശത്രുത സമ്പാദിക്കും. കടബാധ്യതകൾക്ക് ഭാഗികമായ പരിഹാരം കണ്ടെത്തുന്നതാണ്. വീടുവിട്ടുനിൽക്കുന്നവർക്ക് കാത്തിരിപ്പ് കുറേക്കൂടി തുടരപ്പെടും. നിലപാടുകളെച്ചൊല്ലി സംഘടനകളിൽ വാഗ്വാദത്തിന് സാധ്യതയുണ്ട്.

രേവതി

അനാവശ്യ ചിന്തകൾ മനസ്സിനെ മഥിച്ചേക്കും. നിർബന്ധ ശീലം മൂലം കുടുംബാംഗങ്ങൾ പോലും പിണങ്ങുന്നതാണ്. ആത്മാഭിമാനത്തിൽ അധികം നേരവും ചിന്തയിൽ മുഴുകിത്തന്നെയിരിക്കും. എന്നാൽ പ്രവൃത്തിയിൽ വേണ്ടത്ര ഉത്സാഹം ഉണ്ടാവുകയുമില്ല. സമയബന്ധിതമായി പൂർത്തീകരിക്കേണ്ടവ മാറ്റിവെക്കുന്നതാണ്. മേലധികാരികളുടെ അപ്രീതി നേടും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് അനുകൂലമല്ല ഗ്രഹസ്ഥിതി എന്നത് ഓർമ്മയിലുണ്ടാവണം. തൊഴിൽ ഉപേക്ഷിക്കുന്നതും ആശാസ്യമാവില്ല. വ്യക്തിബന്ധങ്ങൾ നിലനിർത്തുക കഠിനമായിരിക്കും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. നല്ല അവസരങ്ങൾ വന്നുചേരുന്നതാണ്. കലാപ്രവർത്തനത്തിന് തടസ്സമുണ്ടാവില്ല. സാമ്പത്തിക ക്ലേശങ്ങൾക്ക് ആശ്വാസം ലഭിക്കാം. മനപ്രയാസം തെല്ല് കുറയുന്നതാണ്.

Leave a Comment