ചിരി ആരോഗ്യത്തിനു നല്ലതെന്നു പണ്ട് മുതലേ പറയുന്നതാണ് .എന്നാൽ പലരും തുറന്ന് ചിരിക്കാൻ തയ്യാറല്ല. പല്ലിലെ മഞ്ഞ നിറമോ, വായ് നാറ്റമോ എന്നിവയൊക്കെ കാരണമാകും . ഇത്തരത്തിൽ മങ്ങിയ പല്ലുകൾക്ക് പരിഹാരം തേടി പലപ്പോഴും ദന്താശുപത്രിയിലേക്കാണ് നമ്മൾ പോകാറുള്ളത്. എന്നാൽ അതിനു മുമ്പായി നിങ്ങൾക്കു തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ കൂടിയുണ്ട്.
ഉമിക്കരി
ഉമിക്കരി നന്നായി പൊടിച്ച് വിരൽ ഉപയോഗിച്ച് പല്ല് തേച്ചു നോക്കൂ. ഇത് ശീലമാക്കുന്നത് പല്ലിൽ അടിഞ്ഞു കൂടിയ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും മഞ്ഞ നിറം കുറയ്ക്കുന്നതിനും ഉപകരിച്ചേക്കും.
ഉപ്പ്
ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിനു ശേഷം ഒരൽപ്പം ഉപ്പ് ഉപയോഗിച്ച് പല്ലുകൾ മസാജ് ചെയ്യുന്നത് മഞ്ഞനിറവും കറയും കുറയ്ക്കുന്നതിനു ഗുണകരമായേക്കും.
ഓറഞ്ചിൻ്റെ തൊലി
ഓറഞ്ചിൻ്റെ തൊലി പല്ല് വൃത്തിയാക്കാൻ ഉപയോഗിക്കാവുന്നതാണ്. ഇത് കറകളും പല്ലിൽ അടിഞ്ഞു കൂടിയിരിക്കുന്ന അണുക്കളെയും കളയാൻ സഹായിക്കും.
വെളിച്ചെണ്ണ
ഒരു ടീസ്പൂൺ വെളിച്ചെണ്ണ വായിൽ ഒഴിച്ച് 20 മിനിറ്റിനു ശേഷം തുപ്പി കളയാം. ശേഷം വെള്ളം ഉപയോഗിച്ച് ഒരിക്കൽ കൂടി വായ കഴുകുക.
മൗത്ത് വാഷ്
മൗത്ത് വാഷ് ഉപയോഗിച്ച് ദിവസവും വായ കഴുകുന്നത് അണുക്കളെ നീക്കം ചെയ്യാനും പല്ലിലെ കറ കളയാനും സഹായിക്കും.
പൈനാപ്പിൾ
പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്തമായി കറ നീക്കുന്നതിന് സഹായിച്ചേക്കാം. ജ്യൂസ് ആയോ അല്ലാതെയോ ഇത് കഴിക്കുന്നത് ഗുണം ചെയ്യും.
പഴത്തിൻ്റെ തൊലി
സാധാരണ വാഴപ്പഴം കഴിച്ച ഉടനെ തൊലി കളയുകയാണ് പതിവ്. എന്നാൽ മഗ്നീഷ്യം, മാംഗനീസ്, പൊട്ടാഷ്യം എന്നിങ്ങനെയുള്ള ധാരാളം ധാതുക്കൾ ഈ തൊലിയിൽ അടങ്ങിയിട്ടുണ്ട്. പല്ലുകൾ ഈ ധാതുക്കളെ ആഗിരണം ചെയ്ത് നിറം വർധിപ്പിക്കുന്നു.
കല്ലുപ്പ്
ഉമിനീരിൻ്റെ പിഎച്ച് ലെവൽ വർധിപ്പിക്കുന്നതിന് കല്ലുപ്പിന് കഴിയും. ഇത് പല്ലുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനു സഹായിക്കും.