യുവാക്കളെ ആക്രമിച്ച് മൂന്ന് കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. എറണാകുളം കോടനാട് പെട്ടിമല സ്വദേശി നെജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി ഷാഡോ പോലീസും തൃശൂര്‍ ഈസ്റ്റ് പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കേസിനാസ്പദമായ സംഭവം നടന്നത് സെപ്റ്റംബറിലാണ്. എട്ടിന് രാത്രി തൃശൂരിലെ സ്വര്‍ണാഭരണശാലയില്‍ നിര്‍മ്മിച്ച സ്വര്‍ണാഭരണങ്ങളുമായി മാര്‍ത്താണ്ഡത്തിലേക്ക് പോകാനായി ട്രെയിന്‍ കയറാന്‍ വന്നതായിരുന്നു യുവാക്കള്‍.. ഈ സമയത്താണ് ആക്രമണം ഉണ്ടായത്.
സ്വര്‍ണഭാരണ നിര്‍മ്മാണശാലയിലെ മുന്‍ ജീവനക്കാരനായ ബ്രോണ്‍സണ്‍ അനധികൃത പണമിടപാടിന്റെ പേരില്‍ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.. സ്വര്‍ണ്ണം കൊണ്ടു പോകുന്ന കാര്യം ബ്രോണ്‍സണ്‍ തന്റെ സുഹൃത്തായ നിഖിലിനെ അറിയിക്കുകയും നിഖിലാണ് ഇക്കാര്യങ്ങള്‍ നിരവധി കേസുകളില്‍ പ്രതിയായ ചാലക്കുടി സ്വദേശി ജെഫിനെ അറിയിച്ചത്.
ജെഫിന്‍ സ്വര്‍ണം ട്രെയിന്‍ മാര്‍ഗം കൊണ്ടുപോകുന്ന വിവരങ്ങള്‍ വിശദമായി അറിക്കുകയും പിന്നീട് പദ്ധതി ആസൂത്രണം ചെയ്യുകയും ശേഷം നിരവധി കേസുകളിലെ പ്രതിയായ അങ്കമാലിയിലുള്ള സിജോവിനെ അറിയിക്കുകയും ചെയ്തു. അതിലൂടെ ഈ പദ്ധതി ലാലു ലിന്റോ എന്നിവരെ അറിയച്ച ശേഷം മൂവര്‍സംഘം സ്വര്‍ണ കവര്‍ച്ചാ പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ അറസിറ്റിലായ നെജിന്‍ ഉള്‍പ്പെടുന്ന കവര്‍ച്ചാ സംഘം ഇവര്‍ ആസൂത്രണം ചെയ്ത പദ്ധതി പ്രകാരം തൃശൂര്‍ റെയില്‍വെ സ്റ്റേഷനടുത്തുവെച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടുപോയ ചെറുപ്പക്കാരെ ആക്രമിക്കുകയും സ്വര്‍ണം കവര്‍ച്ച ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
ഇതുവരെയുള്ള അന്വേഷണത്തില്‍ 23 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ പത്തോളം വാഹനങ്ങളും പിടിച്ചെടുത്തു. ഏകദേശം മുക്കാല്‍ കിലോഗ്രാം സ്വര്‍ണം അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.
തൃശൂര്‍ എസി പി കെ. കെ സജീവ്, ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ സി അലവി എന്നിവരുടെ നേതൃത്വത്തില്‍ തൃശൂര്‍ സിറ്റി ഷാഡോ പോലീസ് അംഗങ്ങളായ എസ് ഐ രാഗേഷ്, എ എസ് ഐമാരായ ടി വി ജീവന്‍, സി ജയലക്ഷ്മി, സിവില്‍ പോലീസ് ഓഫീസര്‍ കെ.ബി വിപിന്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.