തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോമറിന്‍ മേഖലക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് പ്രവചനം. പ്രധാനമായും തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇന്ന് എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം ഇന്നലെ മുതല്‍ തിരുവനന്തപുരത്തും, കൊല്ലത്തും ശക്തമായ മഴ തുടരുകയാണ്. മഴ സാഹചര്യം കണക്കിലെടുത്ത് തലസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകള്‍ക്ക് ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. വനംവകുപ്പിന് കീഴിലുള്ള പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസ്റ്റ് സെന്ററുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുന്നതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദ്ദേശം കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
17.12.2023 മുതല്‍ 19.12.2023 വരെ: ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
18.12.2023: തെക്കു കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ വ്യക്തമാക്കി.